വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ഒറ്റച്ചിത്രം മതി കാവേരി എന്ന നടിയെ മലയാളികള്‍ക്കു മുന്നില്‍ പരിചയപ്പെടുത്താന്‍. ആ ചിത്രം ഒരിക്കല്‍ പോലും കാണാത്തവരായി ആരുമുണ്ടാകില്ല. അതില്‍ സംസാരശേഷി ഇല്ലാത്ത പെണ്‍കുട്ടിയായി എത്തി ആരാധകരുടെ മനസു കവര്‍ന്ന കാവേരി ഇപ്പോള്‍ സിനിമകളിലോ സീരിയലുകളിലോ ഒന്നും സജീവമല്ല. എല്ലാം ഉപേക്ഷിച്ച് സ്വകാര്യ ജീവിതം നയിക്കുന്ന നടി ഇപ്പോള്‍ എവിടെയാണെന്നു പോലും ആര്‍ക്കുമറിയില്ല. സിനിമാ ജീവിതവും ദാമ്പത്യ ജീവിതവും എല്ലാം ഒറ്റയടിയ്ക്ക് തകര്‍ന്നു പോയതാണ് നടിയെ ആരാധകരില്‍ നിന്നും ഇത്രത്തോളം അകറ്റിയത്.
തിരുവല്ല കാവുംഭാഗത്ത് ജനിച്ചു വളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് കാവേരി. അച്ഛന്‍ മുരളീധരന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായിരുന്നു. അമ്മ വീട്ടമ്മയും. ബാലതാരമായാണ് കാവേരി സിനിമയിലേക്ക് എത്തിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാം തുമ്പി പോരാമോ എന്ന ഗാനത്തില്‍ പുള്ളിയുടുപ്പിട്ട് നൃത്തം ചെയ്യുന്ന ആ കൊച്ചു പെണ്‍കുട്ടിയെ നമുക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. തന്റെ എട്ടാം വയസിലായിരുന്നു കാവേരി ഈ ചിത്രത്തില്‍ അഭിനയിച്ചത്. അന്നു മുതല്‍ക്ക് ഇന്നു വരെ കാവേരിയോടുള്ള സ്നേഹത്തില്‍ മലയാളികള്‍ കുറവ് കാട്ടിയിട്ടില്ല.
അതിനു ശേഷം നായികാ വേഷവും സഹനായികാ വേഷവും ചെയ്ത താരം ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളില്‍ തിരക്കുള്ള നടിയായിരുന്നു. മറ്റു ഭാഷകളില്‍ കല്യാണി എന്ന പേരിലും നടി അറിയപ്പെടുകയും ചെയ്തിരുന്നു. തെലുങ്കില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടി നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ വരെ അറിയപ്പെട്ടിരുന്നു. ബാലനടിയായി തുടങ്ങി 24 വര്‍ഷക്കാലം സിനിമയില്‍ തിളങ്ങി നിന്ന കാലത്താണ് 2010ല്‍ നടി വിവാഹിതയാകുന്നത്. തെലുങ്ക് സംവിധായകന്‍ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്.
2004ല്‍ പേധ ബാബു എന്ന ചിത്രത്തില്‍ കാവേരി അഭിനയിച്ചപ്പോള്‍ അതിന്റെ സംവിധായകനായിരുന്നു സൂര്യ കിരണ്‍. തുടര്‍ന്ന് ആറു വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു ഇവര്‍ തമ്മിലുണ്ടായത്. അതിനു ശേഷം ഇരു കുടുംബങ്ങളുടെയും പൂര്‍ണസമ്മതത്തോടെ 2010ലാണ് വിവാഹജീവിതത്തിലേക്ക് കടന്നത്. എന്നാല്‍ അവര്‍ക്കിടയില്‍ സ്നേഹത്തിനും വിശ്വാസത്തിനും ഒപ്പം കോട്ടം തട്ടിയില്ലെങ്കിലും ഇരുവര്‍ക്കും ഉണ്ടായ സാമ്പത്തിക തകര്‍ച്ച അവരുടെ ജീവിതം തകിടം മറിയ്ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഹൈദരാബാദിലായിരുന്നു കാവേരിയും ഭര്‍ത്താവും താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ കുടുംബവുമായും വളരെ അടുപ്പത്തിലായിരുന്നു കാവേരി.
പക്ഷെ സാമ്പത്തിക പ്രശ്നങ്ങള്‍ ഓരോന്നായി തലപൊക്കിയപ്പോള്‍ ദാമ്പത്യത്തിലും അതു പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി. ഒന്നിനു പിറകെ ഒന്നായി അതു വന്നുകൊണ്ടേ ഇരുന്നു. ദാമ്പത്യത്തില്‍ ഒരാള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ അതു മാനേജ് ചെയ്യാന്‍ മറ്റൊരാള്‍ക്ക് കഴിയണം. ആദ്യമൊക്കെ അതിനായി ഒരുപാട് ശ്രമിച്ചു. ആ കാലത്തും കാവേരി സിനിമകളിലും സീരിയലുകളിലും എല്ലാം അഭിനയിച്ചിരുന്നു. അതിനിടെ പ്രതീക്ഷയോടെ അവര്‍ നിര്‍മ്മിച്ച ചിത്രവും പരാജയപ്പെട്ടു. ഒടുക്കം കാവേരിയ്ക്ക് കേരളത്തില്‍ ഉണ്ടായിരുന്ന വലിയ ഒരു പ്രോപ്പര്‍ട്ടി വരെ വിറ്റിട്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല.
പതുക്കെ പതുക്കെ അതെല്ലാം ദാമ്പത്യത്തിലും നിഴലിച്ചു തുടങ്ങി. കയ്യിലുണ്ടായിരുന്ന കാശും സമ്പത്തും മുഴുവന്‍ എടുത്ത് സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിയവരായിരുന്നു കാവേരിയും ഭര്‍ത്താവും. എന്നാല്‍ അത് അവരുടെ ജീവിതം തന്നെ നശിപ്പിച്ചു. സിനിമ തകര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല. ഒടുക്കം സ്വന്തം താല്‍പര്യം നോക്കിയാണ് കാവേരി ഭര്‍ത്താവില്‍ നിന്നും അകന്നു മാറിയത്. ഇപ്പോഴും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇപ്പോഴും കാവേരി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഭര്‍ത്താവ് ജീവിക്കുന്നത്. അവള്‍ എന്നെ ഉപേക്ഷിച്ചു പോയി. അതെന്റെ തീരുമാനമല്ല, ഞാന്‍ അവളെ ഇപ്പോഴും സ്നേഹിക്കുന്നു. അവളുടെ സ്ഥാനത്ത് മറ്റാരെയും കാണാന്‍ എനിക്കാവില്ല. അവള്‍ തിരികെ വരാനായി കാത്തിരിക്കുകയാണ് എന്നാണ് വികാരാധീനനായി ഒരിക്കല്‍ സൂര്യകിരണ്‍ പറഞ്ഞത്.
ബിഗ്ബോസ് തെലുങ്ക് വിഭാഗം മത്സരാര്‍ത്ഥിയായിരുന്നു സൂര്യകിരണ്‍. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 2019 ല്‍ യാത്ര എന്ന സിനിമയിലാണ് കാവേരി അവസാനമായി അഭിനയിച്ചത്. പിന്നീട് ചില സീരിയലുകളും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ കാവേരിയുടെ പ്രൊഫൈലുണ്ടെങ്കിലും താരം അതില്‍ സജീവമല്ല. അഭിമുഖങ്ങളിലോ ഷോകളിലോ പോലും ഇപ്പോള്‍ കാവേരിയെ കാണാറുമില്ല