കടുത്ത പനിയും ക്ഷീണവും; പരിശോധിച്ചപ്പോള്‍ രക്താര്‍ബുദം;സ്റ്റീഫന്‍ ദേവസിയെ കുറിച്ച് ആര്‍ക്കുമറിയാത്ത കഥ

Malayalilife
 കടുത്ത പനിയും ക്ഷീണവും; പരിശോധിച്ചപ്പോള്‍ രക്താര്‍ബുദം;സ്റ്റീഫന്‍ ദേവസിയെ കുറിച്ച് ആര്‍ക്കുമറിയാത്ത കഥ

സംഗീതത്തില്‍ മായാജാലങ്ങള്‍ കാട്ടുന്ന മാന്ത്രികന്‍. അതാണ് സ്റ്റീഫന്‍ ദേവസിയ്ക്കുള്ള വിശേഷണം. ലോക സംഗീതത്തില്‍ തന്നെ പ്രശസ്തി നേടിയ ആ സംഗീതജ്ഞന്റെ യഥാര്‍ത്ഥ ജീവിതം പലര്‍ക്കും അറിയില്ല. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടും കാന്‍സര്‍ എന്ന മഹാരോഗം പിടികൂടിയിട്ടും ജീവിത വിജയം സ്വന്തമാക്കിയ സ്റ്റീഫന്‍ ദേവസിയുടെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. കാരണം, ജീവിതം തീര്‍ന്നുവെന്ന് കരുതി തളര്‍ന്നു പോകേണ്ടിയിരുന്ന കാലത്ത് ഒപ്പമുള്ളവരുടെ പിന്തുണയോടെ സ്റ്റീഫന്‍ തിരിച്ചു വന്നത് ഈ ലോകം തന്നെ കീഴടക്കാനുള്ള കരുത്തുമായാണ്. അതില്‍ നൂറു ശതമാനം വിജയിക്കുകയും ചെയ്തു.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഈ 42കാരന്‍. കുട്ടിക്കാലം മുതല്‍ തന്നെ സംഗീതജ്ഞനാവാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തി. ലെസ്ലി പീറ്റര്‍ ആണ് സംഗീതത്തില്‍ ഇദ്ദേഹത്തിന്റെ ഗുരു. പത്താം ക്ലാസ് പാസായപ്പോഴേക്കും ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ 8 ഗ്രേഡ് സ്വന്തമാക്കിയിരുന്നു. ഏഷ്യയിലെ തന്നെ റെക്കോര്‍ഡ് സ്‌കോറായിരുന്നു ഇത്. അങ്ങനെയിരിക്കെ പ്രീഡിഗ്രി പഠനത്തിന് തയ്യാറെടുക്കവേയാണ് വിട്ടുമാറാത്ത കടുത്ത പനിയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടത്. തുടര്‍ന്ന് വിശദമായ പരിശോധയും നടന്നപ്പോഴാണ് രക്താര്‍ബുദമെന്ന വില്ലനാണ് 15-ാം വയസില്‍ സ്റ്റീഫനെ പിടികൂടിയതെന്ന് വ്യക്തമായത്.

പിന്നീടങ്ങോട്ട് ചികിത്സകളുടെയും പ്രാര്‍ത്ഥനകളുടെയും എല്ലാം കാലമായിരുന്നു. രക്താര്‍ബുദത്തിന്റെ ആരംഭകാലമായിരുന്നു അത്. വീട്ടുകാരൊക്കെ ആകെ തകര്‍ന്നുപോയ നിമിഷം. പക്ഷേ തുടക്കത്തിലെ കണ്ടെത്തിയതോടെ കൃത്യമായി ചികില്‍സിച്ച് മാറ്റാന്‍ സാധിച്ചു. ദൈവം തനിക്ക് വേണ്ടി കാത്തുവെച്ച നിയോഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കി നില്‍ക്കുമ്പോള്‍ രോഗത്തിന് കീഴടങ്ങുവാന്‍ തനിക്ക് സാധിക്കില്ലായെന്ന ആത്മവിശ്വാസമായിരുന്നു സ്റ്റീഫന് കരുത്തായത്. അങ്ങനെ രോഗത്തെ അതിജീവിച്ചു. പക്ഷെ, തോല്‍വികള്‍ സ്റ്റീഫനെ കാത്തിരിപ്പുണ്ടായിരുന്നു.

അസുഖത്തിനും ചികിത്സയ്ക്കും ഇടയിലും പഠനത്തിന് മുടക്കം വരുത്തിയിരുന്നില്ല. എന്നാല്‍ പ്രീഡിഗ്രി റിസള്‍ട്ട് പുറത്തു വന്നപ്പോള്‍ തോല്‍വിയായിരുന്നു ഫലം. എങ്കിലും പഠനമല്ല തന്റെ ഇടം എന്ന് സ്റ്റീഫന്‍ ദേവസി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ തോല്‍വിയൊന്നും സ്റ്റീഫനെ ബാധിച്ചില്ല. ഡിഗ്രി പോലും ചെയ്യാതെ പഠനം ഉപേക്ഷിച്ചതില്‍ വീട്ടുകാര്‍ക്ക് സങ്കടമുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ജീവിതം കൊണ്ട് ആ തോല്‍വി വിജയമാക്കി മാറ്റുകയായിരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ജോണി സാഗരികയോടൊപ്പം മ്യൂസിക് ആല്‍ബം മേഖലയിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് വിവിധ സ്റ്റേജ് ഷോകളിലൂടെയും ഗാനങ്ങളിലൂടെയും സ്റ്റീഫന്റെ മാന്ത്രികത കേരളം അറിയുകയായിരുന്നു.

അധികം വൈകാതെ പ്രശസ്ത ഗായകന്‍ ഹരിഹരനോടൊപ്പം യൂറോപ്യന്‍ പര്യടനം നടത്തിയ ആളുകൂടിയാണ് സ്റ്റീഫന്‍. പത്തൊമ്പതാമത്തെ വയസ്സില്‍ അന്നത്തെ യുവാക്കള്‍ക്കിടയില്‍ തരംഗമായ ഗായകന്‍ ഫ്രാന്‍കോയുമായി ചേര്‍ന്ന് പോപ്പ് ബാന്‍ഡ്, ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന്‍ അടക്കമുള്ള പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരങ്ങള്‍. സ്റ്റീഫന്‍ ദേവസ്സിയുടെ നേട്ടങ്ങളുടെ എണ്ണമെടുക്കാന്‍ തുടങ്ങിയാല്‍ സമയം ഒരുപാട് വേണ്ടിവരും. 2002 ല്‍ അന്നത്തെ മാര്‍പ്പാപ്പ ആയിരുന്ന ജോണ്‍ പോള്‍ രണ്ടാമന് മുന്‍പില്‍ പരിപാടി അവതരിപ്പിക്കാനും സ്റ്റീഫന് അവസരം ലഭിച്ചിരുന്നു. കൈവിരലുകളുടെ വേഗം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുമ്പോഴും, കടന്നു പോയ ദുരിതങ്ങളുടെ ഒരുപിടി ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാളാണ് സ്റ്റീഫന്‍.

വലിയ വിശ്വാസികളാണ് സ്റ്റീഫന്റെ കുടുംബം, തങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ക്കെല്ലാം കാരണം പ്രാര്‍ത്ഥന മാത്രമാണ് എന്ന് കരുതുന്നവരാണ് അവര്‍. സ്റ്റീഫന്‍ ലോകത്തിന്റെ ഏതുകോണില്‍ ആണെങ്കിലും, പ്രോഗ്രാം തുടങ്ങുന്നതിന് മുന്‍പ് പ്രാര്‍ത്ഥന ആരംഭിക്കുന്ന വ്യക്തിയാണ് അമ്മയെന്ന് അദ്ദേഹത്തിന്റെ പിതാവ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

Read more topics: # സ്റ്റീഫന്‍
Stephen Devassy reveals how he overcome blood cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES