വൈസ് പ്രസിഡന്റായി മണിയന്‍പിള്ള രാജുവും ആശാ ശരത്തും ജയിക്കുമെന്നായിരുന്നു അമ്മയിലെ പ്രമുഖ നടന്‍ ദിവസങ്ങള്‍ക്ക് മുമ്ബ് മറുനാടനോട് പ്രതികരിച്ചത്.
അതു തന്നെയായിരുന്നു സംഘടനയിലെ പൊതുവികാരവും. പക്ഷേ ഇന്നലെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടെ ഒരു നാടകീയ സംഭവമുണ്ടായി. ഇതോടെ അമ്മയിലെ അംഗങ്ങള്‍ക്കിടയില്‍ താരമായി ശ്വേതാ മേനോന്‍ മാറി. കള്ളനെ കൈയോടെ പിടിച്ച നടിക്ക് തുടര്‍ന്നുള്ള വോട്ടിംഗില്‍ മുന്‍തൂക്കവും കിട്ടി. അങ്ങനെ അമ്മയിലെ വൈസ് പ്രസിഡന്റ് കസേരയില്‍ എത്തുന്ന ആദ്യ വനിതയായി ശ്വേതാ മേനോന്‍ മാറുകയായിരുന്നു.
ആമ്മയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തൊട്ടതെല്ലാം പിഴച്ചത് ഷമ്മി തിലകനാണ്. തിലകന്റെ മകന്‍ മൂന്ന് പദവികളിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഒന്നിലും ഒപ്പിട്ടിരുന്നില്ല. അതുകൊണ്ടു തന്നെ പത്രികയേ തള്ളി പോയി. ഇത് നാണക്കേടുമായി. ഇന്നലെ കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ അമ്മയുടെ ജനറല്‍ ബോഡിയിലെ പ്രധാന ചര്‍ച്ചാ വിഷയവും ഷമ്മിയായിരുന്നു. ഇതിന് കാരണം ശ്വേതാ മേനോന്റെ ഇടപെടലും. ജനറല്‍ ബോഡി യോഗത്തിലെ ചര്‍ച്ചകള്‍ ആരുമറിയാതെ ഷമ്മി തന്റെ മൊബൈലില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടെത്തിയതും ജനറല്‍ ബോഡിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതും ശ്വേതാ മേനോനായിരുന്നു. അതിന് ശേഷമുള്ള വോട്ടിംഗിനെ അത് സ്വാധീനിച്ചുവെന്ന് വേണം കരുതാന്‍. ഇതു തന്നെയാണ് ശ്വേതാ മേനോന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
വാശിയേറിയ തെരഞ്ഞെടുപ്പാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നത്. ജനകീയ മുഖമായ മണിയന്‍പിള്ള രാജു മത്സരിക്കാന്‍ എത്തിയതായിരുന്നു ഇതിന് കാരണം. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച വൈസ് പ്രസിഡന്റ് മുഖങ്ങള്‍ ആശാ ശരത്തും ശ്വേതാ മേനോനുമായിരുന്നു. ശ്വേതയുടെ സൂക്ഷ്മതയാണ് ഷമ്മിയുടെ റിക്കോര്‍ഡിങ് പൊളിച്ചത്. ജനറല്‍ ബോഡിക്കിടെ ഈ റിക്കോര്‍ഡിങ് കണ്ടെത്തിയത് ശ്വേതാ മേനോനായിരുന്നു. ഇത് കണ്ടെത്തിയതോടെ ശ്വേത ചാടി എണീറ്റു. ഇവിടെ ഒരാള്‍ എല്ലാം റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും അത് ലൈവ് ടെലികാസ്റ്റാണോ എന്ന് അറിയില്ലെന്നും ശ്വേതാ യോഗത്തിനിടെ വിളിച്ചു പറഞ്ഞു. ഇതോടെയാണ് ഷമ്മിയുടെ വീഡിയോ ഷൂട്ട് പുറത്തറിഞ്ഞത്.
ഇതോടെ തന്നെ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായി ഷമ്മി തിലകനായി. അമ്മയ്‌ക്കെതിരെ ഷമ്മി നടത്തിയ നീക്കമെല്ലാം ചര്‍ച്ചയായി. ആസ്ഥാന മന്ദിരത്തിനെതിരെ നടത്തിയ നീക്കങ്ങള്‍ പലരും ഉയര്‍ത്തി. എന്തിനാണ് നിങ്ങള്‍ അമ്മയ്‌ക്കെതിരെ നില്‍ക്കുന്നതെന്ന ചോദ്യമാണ് സജീവ ചര്‍ച്ചയായത്. വീഡിയോ റിക്കോര്‍ഡിംഗില്‍ ഷമ്മിയെ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ മമ്മൂട്ടി ഇടപെട്ടു. അങ്ങനെയാണ് പുറത്താക്കല്‍ തീരുമാനം ഇന്നലെ ഉണ്ടാകാത്തത്. ഷമ്മിയെ പുറത്താക്കിയാല്‍ അത് സംഘടനയ്ക്ക് എതിരായ വികാരം ഉയര്‍ത്തുമെന്ന മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഇത് പൊതുവില്‍ അംഗീകരിക്കുകയും ചെയ്തു. തിലകന്റെ മകനെന്ന പരിഗണനയിലാണ് മമ്മൂട്ടി സംസാരിച്ചത്.
അമ്മയുടെ അടുത്ത എക്‌സിക്യൂട്ടീവ് ഷമ്മിയുടെ വിഷയം ചര്‍ച്ചയാക്കും. ഈ അച്ചടക്കലംഘനത്തിന് ഷമ്മിയോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. മറുപടി പരിശോധിച്ച ശേഷമാകും നടപടി. ഇന്നലെ അമ്മയുടെ ജനറല്‍ ബോഡി യോഗം തുടങ്ങുമ്ബോള്‍ നേതൃത്വത്തിനെതിരെ ഷമ്മി കടന്നാക്രമണങ്ങള്‍ നടത്തിയിരുന്നു. സംഘടനയുടെ നിയമാവലി തെറ്റാണെന്ന് പോലും പ്രതികരിച്ചു. ഇതിനിടെയാണ് ശ്വേതാ മേനോന്‍ വീഡിയോ ചിത്രീകരണം കണ്ടെത്തുന്നത്. ഇതോടെ ഷമ്മി പ്രതിരോധത്തിലായി. ഇയാള്‍ സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ പറയുന്നത് ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാം ബോധ്യമായില്ലേ എന്ന് സിദ്ദിഖ് യോഗത്തില്‍ ചോദിക്കുകയും ചെയ്തു. ഇതോടെ ഷമ്മി പ്രതിരോധത്തിലുമായി.
വീഡിയോ ചിത്രീകരണത്തെ കടുത്ത അച്ചടക്ക ലംഘനമായി തന്നെ യോഗം കണ്ടു. പുറത്താക്കണമെന്ന പൊതു വികാരത്തെയാണ് മമ്മൂട്ടിയുടെ ഇടപെടല്‍ തണുപ്പിച്ചത്. ഇതിനിടെ തെറ്റുകാരനാണെങ്കിലും വിശദീകരണം ചോദിച്ച ശേഷമേ നടപടി എടുക്കാവൂ എന്ന് നടി ഷിലു എബ്രഹാമും യോഗത്തില്‍ പ്രതികരിച്ചു. വിശദീകരണം ചോദിക്കണം. മറുപടി വാങ്ങണം. വെളിയില്‍ കളയാം. ചുമാമാ കളയരുത്-ഇതായിരുന്നു ഷീലു എബ്രഹാമിന്റെ പ്രതികരണം. ഏതായാലും ഈ സംഭവമെല്ലാം വൈസ് പ്രസിഡന്റിന്റെ വോട്ടെടുപ്പിലും പ്രതിഫലിച്ചു. അത് ശ്വേതാ മേനോന് വിജയമായി മാറുകയും ചെയ്തു.
ഷമ്മയിക്കെതിരെ പ്രാഥമിക അച്ചടക്ക നടപടി എടുക്കാന്‍ എക്‌സിക്യൂട്ടീവിന് കഴിയും. എന്നാല്‍ ഒരാളെ എന്നന്നേക്കുമായി പുറത്താക്കാന്‍ ജനറല്‍ ബോഡിയുടെ സമ്മതം ആവശ്യമാണ്. അതിനി അടുത്ത വര്‍ഷമേ നടക്കൂ. അതിനാല്‍ സസ്‌പെന്‍ഷനില്‍ അടക്കം ഒന്നും മോഹന്‍ലാല്‍ പ്രസിഡന്റായ ഭരണ സമിതി എടുക്കില്ല. നടപടി എടുത്താല്‍ അത് ഷമ്മിക്ക് അനുകൂലമായ ചര്‍ച്ചകള്‍ ഉണ്ടാക്കുമെന്ന വികാരം അമ്മയിലെ പ്രമുഖര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ ഷമ്മിയ്‌ക്കെതിരായ നടപടി താക്കീതില്‍ ഒതുങ്ങും.
അമ്മയില്‍ ഇത്തവണ 2 വൈസ് പ്രസിഡന്റുമാരെയും 11 എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കാനായിരുന്നു മത്സരം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. ആശാ ശരത്തും ശ്വേതയുമാണ് ഔദ്യോഗിക പാനലിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. മണിയന്‍പിള്ള രാജു സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവരാണ് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, ഹണിറോസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ മത്സരിച്ചത്. ഇതില്‍ നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു.