മലയാള സിനിമ ആരാധകർ എക്കാലവും കടപ്പെട്ടിരിക്കുന്ന, എന്നു നെഞ്ചേറ്റിയിട്ടുള്ള ഒരു ചലച്ചിത്രകാരൻ ഉണ്ടെങ്കിൽ അത് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ഡെന്നീസ് ജോസഫാണ്. പുതുമയാർന്ന കഥകൾ സമ്മാനിക്കാൻ, കരുത്തുറ്റ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ രചിക്കാൻ പേന എടുത്തപ്പോഴൊക്കെ സൂപ്പർ ഹിറ്റുകളായിരുന്നു ആ തൂലികയിൽ നിന്നും പിറന്നത്. മമ്മൂട്ടിക്ക് വേണ്ടി കരുതിവച്ച മോഹൻലാലിനെ മലയാള സിനിമയുടെ താരാരാജാവാക്കി മാറ്റിയ വിൻസന്റ് ഗോമസും മലയാള സിനിമയിലേക്ക് മമ്മൂട്ടിക്ക് രണ്ടാം വരവിന് വഴിയൊരുക്കിയ ന്യൂഡൽഹിയുമടക്കം ഡെന്നീസ് ജോസഫിന്റേതായി പിറന്നതൊക്കെയും ഏക്കാലത്തേയും മികച്ച ഹിറ്റുകൾ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒഴിവാക്കാനാകാത്ത, ഒരു കാലത്ത് മലയാള സിനിമയുടെ പൂമുഖത്ത് നിറഞ്ഞ് നിന്ന വമ്പൻ ഹിറ്റുകളുടെ അമരത്ത് എന്നുമുണ്ടാകുന്ന ഒരു വ്യക്തി മറ്റാരുമല്ല, തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫാണ്കോട്ടയം കുഞ്ഞച്ചൻ, രാജാവിന്റെ മകൻ, നിറക്കൂട്ട്, മനു അങ്കിൾ, അഥർവം, ന്യൂഡൽഹി, നമ്പർ 20 മാദ്രാസ് മെയിൽ തുടങ്ങി ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ടെലിവിഷൻ ചാനലുകളിൽ വരുമ്പോൾ ആവർത്തന വിരസത ഒട്ടും അനുഭവപ്പെടാതെ കുത്തിയിരുന്നു കാണാൻ സാധിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങളുടെ ചലച്ചിത്രകാരനായിരുന്നു ഡെന്നീസ്.
ആദ്യ ഹിറ്റ് നിറക്കൂട്ട്, മമ്മൂട്ടിക്ക് രണ്ടാംവരവ് സമ്മാനിച്ച് ന്യൂഡൽഹി, മോഹൻലാലിനെ താരപദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ. രാജൻ പി. ദേവ് എന്ന നടനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഇന്ദ്രജാലം, സെൻസർബോർഡിനോട് കലഹിച്ചെത്തിയ ഭൂമിയിലെ രാജാക്കന്മാർ, രണ്ടാംഭാഗത്തിന് വെമ്പിനിൽക്കുന്ന കോട്ടയം കുഞ്ഞച്ചൻ, മൾട്ടിസ്റ്റാർ സിനിമകളായ നമ്പർ 20 മദ്രാസ് മെയിലും മനു അങ്കിളും. കണ്ണീരിന്റെ നനവോടെമാത്രം ഓർക്കാവുന്ന ആകാശദൂത്... ഡെന്നീസിന്റെ തൂലികയിൽനിന്നും ഉതിർന്നുവീണ ജനപ്രിയസിനിമകളുടെ പട്ടിക ഇങ്ങനെ നീളും.മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താരമ്യൂല്യം ഉയരാൻ ഡെന്നീസ് ജോസഫ് നിമിത്തമായിട്ടുണ്ടെന്ന് പ്രേക്ഷകരും സിനിമാപ്രവർത്തകരും പറയുമ്പോൾ ഒരാൾ മാത്രം അത് നിഷേധിക്കുന്നു. അത് മറ്റാരുമല്ല സാക്ഷാൽ ഡെന്നീസ് ജോസഫ് തന്നെ..
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വളർച്ചയ്ക്ക് നിമിത്തമായൊരു തിരക്കഥാകൃത്താണ് താനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല എന്ന് ഒരിക്കൽ ്അദ്ദേഹം തുറന്നുപറഞ്ഞു. 1985ൽ നിറക്കൂട്ട് എന്ന സിനിമയുമായി ഞാൻ വരുമ്പോഴേക്കും മമ്മൂട്ടി മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനായി മാറിയിരുന്നു. മോഹൻലാൽ അന്ന് മമ്മൂട്ടിക്ക് തൊട്ടുപിന്നിൽ തന്നെ ഉണ്ടായിരുന്നു. അന്നവർക്ക് സൂപ്പർതാരങ്ങൾ എന്ന വിശേഷണമൊന്നും മാധ്യമങ്ങൾ നൽകിയിരുന്നില്ല. എന്നിരുന്നാലും പ്രേക്ഷകരിൽ അവർ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു എന്ന് അദ്ദേഹം പറയുന്നു.
മമ്മൂട്ടിയും മോഹൻലാലും ഒരു വർഷം തന്നെ പത്തിരുപത് സിനിമകൾ ചെയ്യുന്ന കാലമായിരുന്നു അത്. നിറക്കൂട്ടിന് മുൻപ് തന്നെ മമ്മൂട്ടിയുടെ ഒരുപാട് ചിത്രങ്ങൾ സൂപ്പർഹിറ്റായി ഓടിയിട്ടുണ്ട്. മോഹൻലാലിന്റെ ആട്ടക്കലാശം, പത്താമുദയം എന്നീ ചിത്രങ്ങളും മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിലെത്തിയ സിനിമകളും വലിയ വിജയം നേടിയിരുന്നു. നടന്മാരെന്ന നിലയിൽ അവരുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ എന്റെ ചില സിനിമകളിലും ഭാഗമായി അവ സൂപ്പർഹിറ്റുകളായി. അത് തികച്ചും സ്വാഭാവികമായ ഒരു കാര്യമായിരുന്നു. അവരുടെ താരമ്യൂല്യത്തിൽ എനിക്ക് പങ്കോ ഓഹരിയോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ സത്യസന്ധമായ അഭിപ്രായമാണിത്' ഡെന്നീസ് ജോസഫ് തുറന്നുപറയുന്നു.
നിറക്കൂട്ട് എന്ന സിനിമയിൽ ഞാൻ തിരക്കഥാകൃത്തായി വരാൻ കാരണം പ്രധാനമായും മമ്മൂട്ടിയാണ്. മമ്മൂട്ടി നായകനായ ഈറൻ സന്ധ്യ എന്ന സിനിമയിലാണ് ഞാൻ ആദ്യം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ജേസിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ ഈ സിനിമയുടെ അവസാനഘട്ടത്തിൽ സംവിധായകൻ തിരക്കഥ തിരസ്‌കരിക്കുകയും പിന്നീട് അത് ജോൺ പോൾ വന്ന് എഴുതുകയും ചെയ്തു. അങ്ങനെ കൊള്ളാത്ത പുതുമുഖം എന്ന രീതിയിൽ ഞാൻ തഴയപ്പെട്ടപ്പോൾ, അങ്ങനെ അല്ല അവന്റെ കയ്യിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞ് നിർമ്മാതാവ് ജോയ് തോമസിനെയും സംവിധായകൻ ജോഷിയെയും എന്റെ അടുത്തേക്ക് അയച്ചത് മമ്മൂട്ടിയായിരുന്നു. ഞാൻ തിരക്കഥാകൃത്തായി മാറിയതിൽ മമ്മൂട്ടിയുടെ പങ്ക് എനിക്ക് മറക്കാൻ പറ്റുന്നതല്ല. മമ്മൂട്ടി അന്ന് അങ്ങനെ ഒരു വാക്ക് പറഞ്ഞില്ലായിരുന്നുവെങ്കിൽ അവർ എന്റെയടുത്ത് വരില്ലായിരുന്നു. തന്റെ സിനിമ ജീവിതം മാറ്റിയെഴുതിയ മമ്മൂട്ടിയോടുള്ള കടപ്പാട് ഡെന്നീസ് വ്യക്തമാക്കുന്നു.
തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽപ്പോയാണ് ജോഷിയോട് നിറക്കൂട്ടിന്റെ കഥപറയുന്നത്. ആദ്യഎഴുത്തിൽ പേരെടുക്കാത്ത രചയിതാവായതുകൊണ്ട് ജോഷിയിൽനിന്ന് വലിയ മതിപ്പൊന്നും കിട്ടിയില്ല. കഥപറയാൻ സെറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. പെട്ടെന്ന് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ജോഷി മുന്നിലിരിക്കുന്നതെന്ന് എനിക്കുതോന്നി. കാരണം ലൈറ്റ് അപ്പ് ചെയ്ത സെറ്റിൽനിന്ന് അരമണിക്കൂർ എന്നു പറഞ്ഞാണ് ജോഷി എന്റെ അടുത്തേക്കുവന്നത്. അരമണിക്കൂർകൊണ്ട് ഒരു ഫുൾ സ്‌ക്രിപ്റ്റ് വായിച്ചുകേൾക്കുക എന്നു പറയുന്നത് നടപ്പുള്ള കാര്യമല്ലായിരുന്നു. തിരക്കഥ നൽകി. ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായന തുടരുമ്പോൾ മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി.
ഉച്ചവരെ ഷൂട്ടില്ലെന്ന് ജോഷി പ്രഖ്യാപിച്ചു. മുഴുവൻ തിരക്കഥയും വായിച്ചശേഷം ജോഷി പറഞ്ഞത് ഇന്നും എനിക്കോർമയുണ്ട്: ''മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്ക് ചെയ്യാൻകിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു.'' അതാണ് നിറക്കൂട്ട്.
1985 ലെ കാലഘട്ടത്തിലെ ജയിൽപുള്ളി സങ്കൽപ്പം മൊട്ടയടിച്ചായിരുന്നു. അതുകൊണ്ടു തന്നെയാണ് നിറക്കൂട്ടിൽ മമ്മൂട്ടിയുടെ തല മൊട്ടയടിച്ച് അവതരിപ്പിച്ചത്. ഞാനെന്ന് ചെറിയ തിരക്കഥാകൃത്താണ് മമ്മൂട്ടിയോട് മൊട്ടയടിക്കണം എന്ന് പോയി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. എന്നാൽ തിരക്കഥയിൽ ഞാൻ അങ്ങനെ എഴുതിവയ്ക്കുകയും ചെയ്തു. ജോഷിയും ജോയ് തോമസും മമ്മൂട്ടിയോട് അത് പറഞ്ഞപ്പോൾ അദ്ദേഹത്തിനും പൂർണ സമ്മതം. അതേ സമയത്ത് തന്നെ മമ്മൂട്ടി ജയിൽ പുള്ളിയായി അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ബാലു മഹേന്ദ്രയുടെ യാത്ര എന്ന സിനിമയായിരുന്നു അത്. യാത്രയിൽ മൊട്ടയടിക്കുന്ന സീൻ രംഗം പോലും ഉൾപ്പെടുത്തിയിരുന്നു. ആ രംഗം പിന്നീട് എഴുതി ചേർത്തയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. യാത്രയാണ് മമ്മൂട്ടി ആദ്യം ചെയ്യുന്ന ചിത്രം. അതിന്റെ തുടർച്ചയായി നിറക്കൂട്ടിലും മമ്മൂട്ടി മൊട്ടയടിച്ച് അഭിനയിച്ചു. സിനിമ മലയാളത്തിൽ സൂപ്പർ ഹിറ്റായി എന്നു മാത്രമല്ല, തമിഴിലും തെലുഗിലും ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്തു.