മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്‍ക്കാണ്; തുറന്ന് പറഞ്ഞ് സാറ ഷെയ്ഖ്

Malayalilife
topbanner
 മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്‍ക്കാണ്; തുറന്ന് പറഞ്ഞ്  സാറ ഷെയ്ഖ്

സോഷ്യല്‍ മീഡിയയിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടിയായ സാറ ഷെയ്ഖ പങ്കുവെച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സാറ പങ്കുവെച്ചത് ഗ്ലാമറസ് ചിത്രങ്ങള്‍ ആയിരുന്നു. ചിത്രത്തെ പുകഴ്തിയും വിമർശിച്ചും  നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.   ഉന്നത വിദ്യാഭ്യാസവും പ്രമുഖ സ്ഥാപനത്തില്‍ ജോലിയുമുണ്ട് ഇപ്പോൾ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയ സാറ ഷെയ്ഖിന്. എന്നാൽ ഇപ്പോൾ  ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സാറ ഷെയ്ഖ് തന്റെ ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്.

സാറ ഷെയ്ഖിന്റെ വാക്കുകള്‍, ശരീരം കാണിക്കാന്‍ ഉദ്ദേശിച്ചു തന്നെ ചെയ്തതാണ്. എന്റെ മാറിടം, എന്റെ വയര്‍, എന്റെ പൊക്കം ഇതെല്ലാം കാണിക്കാന്‍ വേണ്ടിത്തന്നെയാണ്. ഞാനൊരു മോഡലല്ല, എസ്റ്റാബ്ലിഷ്ഡ് ആര്‍ട്ടിസ്റ്റല്ല. മോശം അനുഭവങ്ങളുണ്ടായിട്ടും വിടപറഞ്ഞു പോകാത്തത് ഈ മേഖലയോടുള്ള ഇഷ്ടംകൊണ്ടാണ്. പക്ഷേ, എത്ര അരക്ഷിതമായ ഒരു ലോകത്തിലേക്കാണ് ഇറങ്ങാന്‍ പോകുന്നതെന്നു വീണ്ടും വീണ്ടും ആലോചിച്ചുപോകുന്നു. പരിചയമില്ലാത്ത ഒരാള്‍ ഒരു ഫോട്ടോ കണ്ട ഉടനെ ചോദിക്കുകയാണ്, സാറാ, എന്റെ സിനിമയില്‍ ഒരു വേഷമുണ്ട്. ചെയ്യാമോ എന്ന്. എനിക്കു തിരിച്ചറിവുള്ളതുകൊണ്ട് തീര്‍ച്ചയായിട്ടും എന്നേ പറയൂ. പക്ഷേ, എന്നെപ്പോലെ അവസരങ്ങള്‍ കാത്തിരിക്കുന്ന എത്ര പെണ്‍കുട്ടികളുണ്ട്. അവര്‍ ചെന്നു വീഴില്ലേ, ചെന്നു വീണാല്‍ ആദ്യം തന്നെ ഫോട്ടോഷൂട്ട് എന്ന പേരില്‍ അവരെ ദുരുപയോഗം ചെയ്യാനായിരിക്കും ശ്രമിക്കുക.

വര്‍ക്ക് ഫ്രം ഹോം ആയതുകൊണ്ട് തിരുവനന്തപുരത്തെ വീട്ടിലാണ്. ഈ മൂന്നു മാസത്തിനിടെയാണ് ജീവിതത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കിയ ചില അനുഭവങ്ങള്‍ ഉണ്ടായത്. വന്ന് ക്വാറന്റൈന്‍ കഴിഞ്ഞ് ഇറങ്ങിയശേഷം ഒരു സുഹൃത്ത് വഴി വന്ന ഓഫറാണ് ആദ്യം സ്വീകരിച്ചത്. സുഹൃത്ത് വഴിയായതുകൊണ്ട് ചതിപറ്റുമെന്നു കരുതിയില്ല. അതുകൊണ്ടുതന്നെ ഞെട്ടലും വലുതായി. ആ ഷൂട്ട് കഴിഞ്ഞ് ഫോട്ടോകള്‍ ചോദിച്ചപ്പോഴുള്ള പ്രതികരണം അങ്ങനെയുള്ളതായിരുന്നു. ഈ ഫോട്ടോകള്‍ മുഖേന സാറ വലിയ പ്രശസ്തയായങ്ങ് പോകുമല്ലോ, എനിക്കെന്താണ് ഗുണം എന്നാണ് ഫോട്ടോഗ്രാഫര്‍ ചോദിച്ചത്. നമുക്ക് സാറയുടെ ശരീരം തുറന്നുകാട്ടിക്കൊണ്ട് ഒരു ഷൂട്ട് കൂടി ചെയ്യാം എന്നും പറഞ്ഞു. അതിനു തയ്യാറായില്ല. അതുകൊണ്ട്, ഫോട്ടോകള്‍ ഇതുവരെ കൊടുത്തിട്ടുമില്ല.

മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്‍ക്കാണ്. മുഖത്തിനു വിലയിട്ടിട്ടില്ല. എന്തുകൊണ്ടാണ് സ്ത്രീശാക്തീകരണത്തെക്കുറിച്ച് ആളുകള്‍ ഏറ്റവുമധികം സംസാരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ അന്തസ്സും അഭിമാനവും പരിഗണിക്കാതെ ആളുകള്‍ പെരുമാറുന്നത്? ഏതു മേഖലയിലും സ്ത്രീകളെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പലതലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ഇങ്ങനെ ശരീരം മാത്രമായി സ്ത്രീയെ കാണുന്നത് എങ്ങനെ സഹിക്കാന്‍ പറ്റും? എന്തു സുരക്ഷിതത്വമാണ് സ്ത്രീക്കുള്ളത്? എത്ര പേര്‍ ഇത്തരം അനുഭവങ്ങള്‍ പറയാന്‍ തയ്യാറാകും? പുറത്തു പറയാത്ത എത്രയോ അനുഭവങ്ങള്‍ നമ്മുടെ എത്രയോ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടായിരിക്കും? അതുകൊണ്ട് ഇതു പറയുക എന്നത് എനിക്കു പരിചയമില്ലാത്ത നിരവധി സഹോദരിമാരോടും കൂടി ചെയ്യുന്ന നീതിയാകും എന്ന് തോന്നി.

Read more topics: # Sarah Sheikha,# words about life
Sarah Sheikha words about life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES