നാടകത്തില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് കണ്ണൂര്‍ ശ്രീലത. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയായ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ രാജന്റെ മൂത്ത മകള്‍. അച്ഛന്റെ കൈപിടിച്ചാണ് ശ്രീലത സിനിമയിലേക്ക് എത്തിയത്. വീട്ടിലെ ദാരിദ്യം മൂലം പതിമൂന്നാം വയസ്സില്‍ തന്നെ ശ്രീലത നാടക രംഗത്ത് എത്തുകയായിരുന്നു. പ്രശസ്ത നടിയായി ഉയര്‍ന്നു വരവേ കളിക്കൂട്ടുകാരനോട് തോന്നിയ പ്രണയം തുറന്നു പറയാനും കഴിഞ്ഞില്ല. അതിനിടെ മറ്റൊരു വിവാഹവും കഴിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ മരണവും അതിനു പിന്നാലെ തേടിയെത്തിയത് ദുരന്തങ്ങളുമായിരുന്നു. അതിനിടെയാണ് ദൈവത്തെ പോലെ രക്ഷകനായി ആദ്യം പ്രണയിച്ച കളിക്കൂട്ടുകാരന്‍ എത്തിയത്.
പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതമായിരുന്നു നടിയുടെ കുട്ടിക്കാലം. അങ്ങനെയാണ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ അലവില്‍ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. 'നന്ദി വീണ്ടും വരിക' എന്ന നാടകത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ശ്രീലതയെ തേടിയെത്തി. അതിനിടെയാണ് ബാലചന്ദ്രമേനോന്റെ 'പ്രശ്നം ഗുരുതരം' എന്ന സിനിമയുടെ ഷൂട്ടിംഗ് കണ്ണൂരില്‍ എത്തിയത്. അപ്പോള്‍, പത്രത്തില്‍ ഫോട്ടോ കണ്ട് ബാലചന്ദ്രമേനോനാണ് സിനിമയില്‍ ശ്രീലതയ്ക്ക് ആദ്യം അവസരം നല്‍കുന്നത്. അതിനിടെ അച്ഛന്റെ സുഹൃത്തിന്റെ മകനും കളിക്കൂട്ടുകാരനുമായ വിനോദുമായി ഇഷ്ടത്തിലായിരുന്നു. എന്നാല്‍ ഇരുവരും ആ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല.
വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളുമെല്ലാം തന്നിലൂടെ മാറ്റണമെന്ന ആഗ്രഹത്തിനിടെ പ്രണയം തുറന്നു പറയാന്‍ ശ്രീലതയ്ക്ക് കഴിഞ്ഞുമില്ല. തുടര്‍ന്നു കാണാമറയത്ത്, അപ്പുണ്ണി, ആരോരുമറിയാതെ തുടങ്ങി നിരവധി സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചു. പല വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ അവരെ തേടിയെത്തി. അതിനിടെ മറ്റൊരു വിവാഹവും കഴിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ശ്രീലതയുടെ ഭര്‍ത്താവ് മരണപ്പെട്ടു. ഇതോടെ ആകെ തകര്‍ന്ന് നില്‍ക്കവേ വീണ്ടും കരിയര്‍ തുടങ്ങാനിരിക്കവേയാണ് ശ്രീലത അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്ത എത്തിയത്.
തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയില്‍ ഇരുന്ന സമയത്താണ് കളിക്കൂട്ടുകാരന്‍ വീണ്ടുമെത്തിയത്. അദ്ദേഹം വേറെ വവിാഹം കഴിച്ചിരുന്നില്ല. മൂകാംബികയില്‍ ഭക്തനായി ജീവിതം തുടരുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ശ്രീലത ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങളെല്ലാം ഒരു കൂട്ടുകാരന്‍ വഴി അദ്ദേഹം അറിഞ്ഞത്. ശ്രീലത ആത്മഹത്യയുടെ വക്കിലാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പിന്നീട് അവിടെ തുടരാന്‍ കഴിഞ്ഞില്ല. മരിക്കാമെന്ന് കരുതി നില്‍ക്കുന്ന സമയത്തായിരുന്നു ശ്രീലതയ്ക്ക് മുന്നിലേക്ക് വിനോദ് വന്നത്. പിന്നീട് ഇരുവരും തുറന്നു സംസാരിച്ചു. മരണത്തെ കുറിച്ചായിരുന്നു ശ്രീലതയ്ക്ക് പറയാനുണ്ടായിരുന്നതെല്ലാം. എന്നാല്‍ അതിനൊന്നും ശ്രീലതയെ വിട്ടുകൊടുക്കാന്‍ വിനോദ് ഒരുക്കമല്ലായിരുന്നു. കമ്പ്യൂട്ടര്‍ ക്ലാസിനും ഡാന്‍സ് ക്ലാസിനും തുന്നലിനും എല്ലാം വിട്ട് മരണത്തെ കുറിച്ചുള്ള ചിന്തകളൊക്കെ ശ്രീലതയില്‍ നിന്നും അകറ്റി. പതുക്കെ പതുക്കെ ഉള്ളിലുള്ള ഇഷ്ടവും ഇരുവരും തുറന്നു പറഞ്ഞു. അങ്ങനെ വിവാഹം കഴിച്ചു.
ഈ സമയത്താണ് ആകാശവാണിയില്‍ ജോലി ലഭിച്ചത്. കോഴിക്കോട് ആകാശവാണിയിലെ നാടകങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നുണ്ടായിരുന്നു. കണ്ണൂരില്‍ എത്തിയപ്പോള്‍ മൂന്ന് വര്‍ഷം പ്രേക്ഷകരുടെ കത്തുകള്‍ വായിക്കുന്ന പരിപാടിയും മറ്റും അവതരിപ്പിച്ചു. പിന്നീട് പത്തു വര്‍ഷത്തോളം കഴിഞ്ഞാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കാര്‍ത്തിക എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് തിരികെയെത്തി. തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം സജീവ സാന്നിധ്യമായി മാറി. തുടര്‍ന്നു സ്വകാര്യ ചാനലുകളുടെയും മെഗാ സീരിയലുകളുടേയും വരവോടെ നിരവധി സീരിയലുകളില്‍ ശ്രീലത അഭിനയിച്ചു. ആ കാലഘട്ടത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സിനിമയിലും അഭിനയിച്ചു. 2011 ലുണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്ന് അഭിനയ രംഗത്ത് നിന്നും വീണ്ടും മാറി നിന്നുവെങ്കിലും നൂറാ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ വീണ്ടുമവര്‍ അഭിനയ രംഗത്ത് തിരികെയെത്തി.
വിനോദ് നന്നായി കവിത എഴുതും, ശ്രീലത മനോഹരമായി ആലപിക്കുകയും ചെയ്യും. ഇപ്പോള്‍ അദ്ദേഹത്തിന്റെ കവിതാസമാഹാരം പുസ്തക രൂപത്തിലും സിഡിയായും ഇറക്കാനാണ് ശ്രീലതയുടെ ശ്രമം. ഇവരുടെ ഉള്ളിലെ പ്രണയമാണ് കവിതകളിലൂടെ പുറത്തുവരുന്നത്.