1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. തമിഴ് സിനിമയിലാണ് തന്റെ സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് ഏറെ പ്രശോഭിച്ചത്. മോഹൻലാലിന്റെ നായികയായി തിളങ്ങിയ താരം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. താരം ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാണ്.
എന്നാൽ ഇപ്പോൾ വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയതെന്നും അതിനാല്‍ സ്വര്‍ണ്ണത്തിന് പകരം മക്കള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടതെന്നും പറയുകയാണ് രഞ്ജിനി. രഞ്ജിനിയുടെ പ്രതികരണം കൊല്ലത്ത് കഴിഞ്ഞ ദിവസം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യര്‍ത്ഥിനിയായ വിസ്മയ എന്ന പെണ്‍കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
'' സ്ത്രീധന മരണങ്ങള്‍ കാണേണ്ടി വരുന്നത് വേദനജനകമാണ്. പ്രത്യേകിച്ച് കേരളത്തില്‍. 1961ലെ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ എങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ കാറും, ഫ്‌ലാറ്റും, സ്വര്‍ണ്ണവുമെല്ലാം കല്ല്യാണത്തിന്റെ സ്ത്രീധനമായി നല്‍കുന്നതെന്ന് മനസിലാവുന്നില്ല. ആരെയയാണ് ഇവിടെ കുറ്റപ്പെടുത്തേണ്ടത്. വരനെയോ വധുവിനെയോ? ദയവ് ചെയ്ത് മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുത്. അതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്'' രഞ്ജിനി കുറിയ്ക്കുന്നു.