നടന് ലിഷോയിയയും അദ്ദേഹത്തിന്റെ മകളും നടിയുമായ ലിയോണ ലിഷോയിയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അച്ഛന്‍ സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരുന്നെങ്കിലും ഒട്ടും അഭിനയത്തോട് താല്‍പര്യമില്ലാത്ത ആളായിരുന്നു ലിയോണ. എങ്കിലും സിനിമയിലേക്ക് ചുവടു വച്ച ലിയോണ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കി. ആന്‍മരിയ കലിപ്പിലാണ്, ഇഷ്‌ക്, മായനദി, എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി ചുരുങ്ങിയ കാലം കൊണ്ടാണ് ജനശ്രദ്ധ നേടി എടുത്തത്. നടി ശാരദയുമായി മുഖസാദൃശ്യം ഉള്ള ഒരു പെണ്‍കുട്ടിയെ വേണം എന്നുള്ള ആവശ്യമാണ് ലിയോണയ്ക്ക് സിനിമയിലേക്കുള്ള അവസരമായത്. കലിയുഗം എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അന്ന് സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ കരഞ്ഞ പെണ്‍കുട്ടി ഇന്ന് സിനിമയില്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്.
അങ്ങനെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി മോഹന്‍ലാല്‍ നായകനായ ട്വല്‍ത്ത് മാനിലാണ് ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ തനിക്കു സംഭവിച്ച എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയെക്കുറിച്ചു താരം പങ്കുവച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
എന്‍ഡോ മെട്രിയോസിസ് എന്ന രോഗം തനിക്ക് വന്നതിനെ കുറിച്ചും അതു മൂലം അനുഭവിച്ച വേദനകളെ കുറിച്ചും വിശദമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് ഈ രോഗം തന്റെ ശരീരത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. അപ്പോള്‍ അസുഖം സെക്കന്റ് സെറ്റേജില്‍ ആയിരുന്നു എന്നും താരം പറയുന്നു. ജീവിതം സുന്ദരവും.. ചിലപ്പോള്‍ വേദനാജനകവുമാണ് എന്നാണ് താരം പറയുന്നത്. ഈ രോഗാവസ്ഥയ്ക്ക് ഒപ്പം ജീവിക്കുക എന്നത് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ ഒരു കാര്യം ആണെന്നും നടി പറയുന്നു.
വേദനയുടെ നാളുകളാണ് അത് എന്നാണ് താരം ഈ രോഗത്തെ കുറിച്ച് പറയുന്നത്. ഈ രോഗം കാരണമുള്ള ശാരീരികവും മാനസികവുമായ വേദനയില്‍ നിന്ന് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പ്രിയപ്പെട്ട ഡോക്ടര്‍ ലക്ഷ്മിയുടേയും സഹായത്തോടെയാണ് മുന്നോട്ട് പോവുന്നത് എന്നാണ് താരം പറയുന്നത്. അതോടൊപ്പം ശരീരത്തിലേയും മനസ്സിലേയും മാറ്റങ്ങള്‍ താന്‍ അംഗീകരിച്ചു..
എന്നും നടി കുറിയ്ക്കുന്നു.. അതേസമയം, ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം, കഠിനമായ ആര്‍ത്തവ വേദനയാണ്.. അത് ഒരിക്കലും സാധാരണമല്ല... ഇത് വായിക്കുന്ന സ്ത്രീകളോട് താന്‍ അഭ്യര്‍ത്ഥിക്കുന്നു.. ദയവായി ഡോക്ടറെ കാണൂ എന്നാണ് താരം അവസാന വരികളില്‍ കുറിയ്ക്കുന്നത്.
ലിയോണയുടെ കുറിപ്പ് ഇങ്ങനെയാണ്:
ജീവിതം സുന്ദരമാണ്... ചിലപ്പോള്‍ വേദനാജനകവും. മിക്കപ്പോഴും ഇതു രണ്ടും നിറഞ്ഞതായിരിക്കും. രണ്ടു വര്‍ഷം മുന്‍പാണ് എനിക്ക് എന്‍ഡോമെട്രിയോസിസ് (സ്റ്റേജ് 2) സ്ഥിരീകരിക്കുന്നത്. രണ്ട് വര്‍ഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടര്‍ച്ചയായ പ്രക്രിയയുമാണ്. എന്നാല്‍ എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് തീര്‍ത്തും അവ്യക്തതയില്‍ നിന്ന് എന്റെ ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങള്‍ അംഗീകരിക്കുന്ന ഈ ഭയാനകമായ യാത്രയില്‍ നിന്ന്, തീര്‍ച്ചയായും എന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ, ഞാന്‍ ഒരുപാട് മുന്നോട്ട് പോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍ഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്തവ വേദനയാണ്. കഠിനമായ ആര്‍ത്തവവേദന നല്ലതല്ല. അത് സാധാരണമല്ല..ഇതു വായിക്കുന്ന സ്ത്രീകളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു..ദയവായി ഡോക്ടറെ കാണുക.
ഗര്‍ഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എന്‍ഡോമെട്രിയം.'എന്‍ഡോമെട്രിയ' ത്തിലെ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളില്‍ കാണപ്പെടുന്ന അവസ്ഥയാണ് 'എന്‍ഡോമെട്രിയോസിസ്' എന്നറിയപ്പെടുന്നത്. ലോകത്തെ സ്ത്രീകളില്‍ ഏകദേശം 6 മുതല്‍ 10 ശതമാനം വരെ ( ഏകദേശം 11 മില്യണ്‍ ) എന്‍ഡോമെട്രിയോസിസ് ബാധയുള്ളവരാണ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രജനന ക്ഷമതയുള്ള പ്രായത്തിലുള്ള ( reproductive age group ) സ്ത്രീകള്‍ക്കാണ് കൂടുതലായും ലക്ഷണങ്ങള്‍ കണ്ടു വരുന്നത്. ആര്‍ത്തവ സമയത്ത് വസ്തി പ്രദേശത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, വന്ധ്യത എന്നിവയാണ് ഈ രോഗത്തിന്റെ സര്‍വസാധാരണമായ ലക്ഷണങ്ങള്‍. ഭൂരിഭാഗം സ്ത്രീകളിലും മാസമുറയോടനുബന്ധിച്ചാണ് ഈ വേദന അനുഭവപ്പെടുന്നത്. ചുരുക്കം ചിലരില്‍ സ്ഥിരമായ വേദനയായും അനുഭവപ്പെടാറുണ്ട്. ചിലരില്‍ ഈ വേദന ലൈംഗികബന്ധത്തിനിടയിലോ, ശേഷമോ, മലമൂത്രവിസര്‍ജന സമയത്തോ അനുഭവപ്പെടും.