മലയാള സിനിമയിലെ ഒരു പ്രമുഖ താര കുടുംബത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സുകുമാരൻ കുടുംബമാണ്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എന്നാൽ ഇന്ന് നടൻ സുകുമാരന്റെ 25-ാം ചരമവാർഷികമാണിന്ന്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിച്ച ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന് 25 വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ മറുനാടനുമായി പങ്കുവച്ചെത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.
1997 ജൂൺ 16-ന് ആണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് കുടുംബത്തിനൊപ്പം മൂന്നാറിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് ഹൃദയാഘാതം അദ്ദേഹത്തെ പിടികൂടുന്നത്.“മൂന്നാറിനപ്പുറം കാന്തല്ലൂരിൽ ഞങ്ങൾക്കൊരു ഫാം ഹൗസുണ്ട്. ഇന്ദ്രന്റെ അഡ്മിഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ അവിടെ അവധി ആഘോഷിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ പുറം വേദനയെന്ന് പറഞ്ഞു. തണുപ്പിന്റെ ആണെന്ന് കരുതി ഓയിന്മെന്റ് ഒക്കെ ഇട്ടുകൊടുത്തു. എന്നിട്ട് അവിടെന്ന് വീട്ടിലേക്ക് പോന്നു. വരുന്ന വഴി വളരെ അസ്വസ്ഥത തോന്നി, അങ്ങനെ എറണാകുളത്ത് സുഹൃത്തായ ഡോക്ടറുടെ അടുത്ത് കേറി”
“ഇസിജിയിൽ വേരിയേഷൻ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചു ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി. മൂന്ന് ദിവസം കഴിഞ്ഞപ്പോ ആൾ ഒക്കെയായി. റൂമിലേക്ക് മാറ്റി. നാലാം ദിവസം ഉച്ചകഴിഞ്ഞ് അമ്മ വന്നു അമ്മയ്ക്ക് ഒപ്പം ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞു വേദന കൂടി വീണ്ടും ഐസിയുവിലേക്ക് മാറ്റി. വീൽ ചെയറിൽ ഐസിയുവിലേക്ക് മാറ്റം നേരം അത്രയും നേരം തല താഴ്ത്തി ഇരുന്നയാൾ തലയുയർത്തി ‘ഇനിയില്ല, വയ്യ’ എന്ന് എന്നെ നോക്കി കാണിച്ചു. അപ്പോൾ എനിക്ക് മനസിലായില്ല. പിന്നീടാണ് മനസിലായത്. രണ്ടു മിനിറ്റു കഴിഞ്ഞിട്ടുണ്ടാകണം. അപ്പോഴേക്കും ഇന്ദ്രൻ വന്നു പറഞ്ഞു അച്ഛൻ പോയെന്ന്,” മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.