മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് ശ്രീകാന്ത് മുരളി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളിൽ ബിഗ് ബോസ് പിന്നണിയിലും പ്രവര്‍ത്തിക്കുകയാണ് എന്ന സൂചനയും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രശസ്ത സംവിധായകന്‍ കെജി ജോര്‍ജിന് ജന്മദിന സന്ദേശവുമായി എത്തിയിരിക്കുകയാണ് താരം.
സാര്‍, തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങുന്ന ആ ബസ് യാത്രയിലേയ്ക്ക് എന്നേക്കൂടി ഉള്‍പ്പെടുത്തിയതിന് നന്ദി. കൂടിക്കാഴ്ചയ്ക്ക് അനുവാദം കിട്ടിയപ്പോള്‍ മനസ്സില്‍ നിറയെ 'സ്വപ്നാടനം' മുതല്‍ ഞാനതുവരെക്കണ്ട ഓരോ കെജി ജോര്‍ജ് സിനിമകളേയും കുറിച്ചുള്ള ചിന്തകളും, അതിന്റെയൊക്കെ സൃഷ്ടാവിനെ നേരില്‍ കാണാന്‍ പോകുന്നതിന്റെ ആകാംഷയുമായിരുന്നു. തിരുവല്ലയിലെ അലങ്കാറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. 'What is your basic intention..? അഭിനയമോ, സംവിധാനമോ?? സിനിമയില്‍ എന്താവാനാണ് ആഗ്രഹം??' എന്ന സാറിന്റെ ചോദ്യത്തിന് ' I would like to work with you' എന്നാണ് പെട്ടെന്നെന്റെ വായില്‍വന്ന മറുപടി.
'ഇതൊരു ബസ് യാത്രയാണ്, ഇതിലെ ധാരാളം യാത്രക്കാരില്‍ ഒരാളായിക്കോളൂ. 'പഞ്ചവടിപ്പാലവും, യവനികയും, ലേഖയുടെ മരണവും, ഇരകളുമൊക്കെ ഉത്ഭവിച്ച കഷണ്ടിയിലൊന്ന് ചൊറിഞ്ഞിട്ട് അദ്ദേഹം അടുത്ത കാര്യങ്ങളിലേക്ക് കടക്കുമ്പോള്‍, ഞാന്‍ യാന്ത്രികമായി എഴുന്നേറ്റു മുറിയ്ക്കു പുറത്തേയ്ക്ക് കടന്നു. ഷൂട്ടിങ് തുടങ്ങിയത് വീണ്ടും രണ്ട് മാസം കഴിഞ്ഞാണ്. മേലില രാജശേഖരന്‍ (അസോസിയേറ്റ്‌സ്), കിഷോര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ച് ഒരേ പോലുള്ള രണ്ട് ഷര്‍ട്ടുകളും (ചുവപ്പില്‍ കറുത്ത സ്ട്രിപ്‌സ് ഉള്ളത്, ദൂരെനിന്നാലും തിരിച്ചറിയണമല്ലോ).
ഒരു ജോഡി സ്വര്‍ണ്ണ കസവുള്ള ഈര്‍ക്കിലിക്കരയന്‍ മുണ്ടും വാങ്ങി. പിന്നങ്ങോട് ഏതാണ്ട് ഇരുപത്തഞ്ച് ദിവസങ്ങള്‍ പോയതറിഞ്ഞില്ല. അപൂര്‍വ്വമെങ്കിലും, കട്ടര്‍ ബോര്‍ഡടുത്തു കൊടുക്കലും, ട്രാക്ക് ചുമക്കലും, ഫീല്‍ഡ് ക്ലിയറന്‍സും, പാത്രങ്ങള്‍ സെറ്റ് ചെയ്യലും അടക്കം അല്ലറ ചില്ലറ പണികളുമൊക്കയായി ഞാനാ സെറ്റില്‍ നിന്നു. 'ഡോ, ടോപ് ആംഗിള്‍ വൈഡ് ഷോട്ട് ആണ്.. ക്രെയിനിന്റെ മുകളിലിരുന്ന് ക്യാമറമാന്‍ വേണുവേട്ടന്‍ ഉറക്കെപ്പറഞ്ഞു.
'കൈയും, ശരീരവുമൊക്ക നല്ല പോലെ അനക്കി, ചങ്കത്തടിച്ചു കരഞ്ഞോണം, ഇല്ലേ, സിനിമ ഇറങ്ങുമ്പോ വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരും ഇതിനാണോ നീ ഒരു മാസം സിനിമാന്നും പറഞ്ഞു പോയിക്കെടന്നത് ന്ന് ചോദിക്കും. മാനം പോവും, മനസ്സിലായോ? 'ഞാന്‍ വേണുവേട്ടന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു. താഴെ കൊടുത്തിട്ടുള്ളത് 'ഒരു യാത്രയുടെ അന്ത്യം' എന്ന ദൂരദര്‍ശന് വേണ്ടി കെജി ജോര്‍ജ് സാര്‍ ചെയ്ത സിനിമയില്‍ ഞാനുള്ള രംഗങ്ങളുടെ സ്‌ക്രീന്‍ ഷോട്ട്‌സ് ആണ്.