നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുള്ള ഉപഹര്‍ജിയില്‍ ഹൈക്കോടതിയിലെ ഇന്നത്തെ വാദങ്ങള്‍ അവസാനിച്ചു.
നാളെ വീണ്ടും കോടതി കേസ് പരിഗണിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണുകല്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തയ്യാറാകാത്ത ദിലീപ് ഒടുവില്‍ കോടതിയില്‍ സമര്‍പ്പിക്കാം എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. കോടതിയിലും വിശ്വാസമില്ലെന്ന വിധത്തിലാണ് ദിലീപ് വാഗദങ്ങള്‍ ഉന്നയിച്ചത്.
കോടതിക്ക് മുമ്ബാകെ സമര്‍പ്പിക്കാത്ത മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ക്ക് മുമ്ബില്‍ സമര്‍പ്പിച്ചു കൂടേയെന്നാണ് ഹൈക്കോടതി ചോദിച്ചത്. അത് അപകടകരമായ പ്രവണതയാകുമെന്നായിരുന്നു ദിലീപിന്റെ മറുപടി. ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയേ മതിയാകൂ എന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതോടെ കേസ് നാളേക്ക് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കണമെന്ന് വാദത്തിനിടെ ദിലീപിനോട് കോടതി നിര്‍ദ്ദേശിച്ചു. ഫോണ്‍ കൈമാറുന്നതില്‍ ആശങ്കയെന്തെന്ന് കോടതി ആരാഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ ഫോണ്‍ ഹാജരാക്കണം. ഇതു ചെയ്യാത്തത് ശരിയായ നടപടിയല്ലെന്ന കോടതി നിരീക്ഷിച്ചു.
താന്‍ എന്തോ മറയ്ക്കുന്നു എന്നു വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ദിലീപ് പറഞ്ഞു. കുറ്റകൃത്യം നടന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണല്ല ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യംചെയ്യലിന്റെ അവസാന ദിവസമാണ് ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത്. ബാലചന്ദ്ര കുമാറുമായുള്ള സംഭാഷണങ്ങള്‍ ഫോണില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതു വീണ്ടെടുത്ത് കോടതിക്കു കൈമാറാമെന്ന് ദിലീപ് അറിയിച്ചു. എന്നാല്‍ സംഭാഷണങ്ങള്‍ ഉള്ളതുകൊണ്ട് ഫോണ്‍ ഹാജരാക്കില്ലെന്നു പറയാന്‍ ദിലീപിനാവില്ലെന്ന് കോടതി പ്രതികരിച്ചു. ഫോണില്‍ കൃത്രിമം നടന്നെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചാല്‍ എന്തു ചെയ്യുമെന്ന കോടതി ആരാഞ്ഞു.
ദിലീപിന് വേണ്ടി ഇന്ന് അഡ്വ. രാമന്‍പിള്ള കോടതിയില്‍ ഹാജരായിട്ടില്ല. അതേസമയം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്നും ദിലീപ് വാദിച്ചു. ഈ ഫോണുകള്‍ ലഭിച്ചാല്‍ പ്രോസിക്യൂഷന്‍ തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നു ദിലീപ് വാദിച്ചു.
പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഉച്ചയ്ക്ക് 1.45ന് കോടതി ദിലീപിന്റെ ഹര്‍ജി പരിഗണിച്ചത്. ജാമ്യഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാനാണ് ഹൈക്കോടതി നിശ്ചയിച്ചിരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ വിശലകനം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ സാവകാശം തേടിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നു രാവിലെ അപ്രതീക്ഷിതമായി കേസ് ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ഗൂഢാലോചന തെളിയിക്കുന്നതിനായി പഴയ ഫോണുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ദിലീപ് അടക്കമുള്ള പ്രതികള്‍ കൈമാറിയിരുന്നില്ല. ഫോണുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയെന്നാണ് ദിലീപ് അറിയിച്ചത്.
ഗൂഢാലോചന കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അത് കണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്നും സ്വന്തം നിലയില്‍ സൈബര്‍ പരിശോധന നടത്തി ഫലം കോടതിക്ക് കൈമാറാമെന്നും ദിലീപ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.