ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് നടി ജോമോള്‍. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാക്കി മാറ്റിയ ജോമോള്‍ ഒരു സൂപ്പര്‍ താരമായി മാറുന്നതിനിടെയാണ് പ്രണയ വിവാഹവും തുടര്‍ന്ന് സിനിമാലോകത്തോട് വിട പറഞ്ഞതും എല്ലാം. ഒരുപക്ഷെ സിനിമയില്‍ തന്നെ നിന്നിരുന്നുവെങ്കില്‍ ജോമോളെ തേടി മികച്ച കഥാപാത്രങ്ങള്‍ വീണ്ടും എത്തുമായിരുന്നു. എന്നാല്‍ അതെല്ലാം സ്വയം ഉപേക്ഷിച്ച് സ്വകാര്യ ജീവിതത്തിലേക്ക് തിരിഞ്ഞ ജോമോള്‍ ഇന്ന് ഒരു നല്ല വീട്ടമ്മ മാത്രമല്ല, രണ്ട് മുതിര്‍ന്ന പെണ്‍കുട്ടികളുടെ അമ്മ കൂടിയാണ്. അടുത്തിടെ മകളുടെ നൃത്ത അരങ്ങേറ്റത്തിന് അതിസുന്ദരിയായി ജോമോള്‍ സ്റ്റേജിലെത്തിയ ദൃശ്യങ്ങളെല്ലാം വളരെ വൈറലായി മാറിയിരുന്നു.
കോഴിക്കോട് കോടഞ്ചേരിയിലെ കെ എ ജോണിന്റെയും അല്‍ഫോന്‍സയുടെയും മകളായിട്ടാണ് ജോമോള്‍ ജനിച്ചത്. പിതാവ് ജോണ്‍ ഒരു ബിസിനസുകാരനും അമ്മ സൗദി അറേബ്യയില്‍ നഴ്സുമായിരുന്നു. എട്ടു വയസുമാത്രം പ്രായമുള്ളപ്പോഴാണ് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ജോമോള്‍ സിനിമാ രംഗത്തേക്ക് എത്തിയത്. അതൊരു വലിയ തുടക്കമായിരുന്നു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ജോമോളെ തേടിയെത്തി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൈ ഡിയര്‍ മുത്തച്ഛന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജോമോളുടെ തിരിച്ചു വരവ്. എന്നാല്‍ ആറു വര്‍ഷം ജോമോളെ കണ്ടതേയില്ല. പിന്നീട് ജോമോളുടെ ആരാധകര്‍ കണ്ടത് വലിയൊരു അത്ഭുതമായിരുന്നു. സ്നേഹം. പഞ്ചാബിഹൗസ്, മയില്‍പ്പീലിക്കാവ്, എന്നു സ്വന്തം ജാനകിക്കുട്ടി, നിറം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍. ദിലീപിനും കുഞ്ചാക്കോബോബനും ഒപ്പം തകര്‍ത്ത് അഭിനയിച്ച ചിത്രങ്ങള്‍. അതിനിടെ നാഷണല്‍ അവാര്‍ഡും തേടിയെത്തി.
ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ചിത്രങ്ങള്‍ സമ്മാനിച്ച ജോമോള്‍ 2002ലാണ് വിവാഹിതയാകുന്നത്. 21-ാം വയസിലായിരുന്നു ചന്ദ്രശേഖര്‍ പിള്ള എന്ന വ്യക്തിയെ ജോമോള്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. അന്ന് ഷിപ്പിലായിരുന്നു ചന്ദ്രശേഖറിന് ജോലി. ആദ്യം പബ്ലിക് ചാറ്റു വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് ഈമെയിലുകളിലൂടെ പരസ്പരം അടുക്കുകയായിരുന്നു. ഇമെയിലുകള്‍ അയക്കുമ്പോഴും വളരെ കുറഞ്ഞ വാക്കുകളേ അതില്‍ അയക്കാന്‍ പറ്റുമായിരുന്നുള്ളൂ. അതു സീനിയറായ മറ്റൊരാള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ ചന്ദ്രശേഖറിന് കിട്ടുകയുമുള്ളൂ. അതുകൊണ്ടുതന്നെ നിരവധി മെയിലുകള്‍ വഴിയാണ് പരസ്പരംസംസാരിച്ചത്. ഇമെയിലുകളിലൂടെ തന്റെ 35 വയസും പൊക്കക്കുറവും കുടവയറുചാടിയ രൂപയും കറുത്ത നിറവും പല്ലുന്തിയതുമെല്ലാം ചന്ദ്രശേഖര്‍ ജോമോളോട് പറഞ്ഞിരുന്നു.
അന്ന് വെറും 19വയസുകാരിയായ ജോമോള്‍ ഇതെല്ലാം വിശ്വസിക്കുകയും ചെയ്തിരുന്നു. എങ്കിലും പല കാര്യങ്ങളിലുമുള്ള ചന്ദ്രശേഖറിന്റെ കാഴ്ചപ്പാടുകളും രീതികളുമെല്ലാമാണ് ജോമോളെ പ്രണയിനിയാക്കി മാറ്റിയത്. അങ്ങനെ പ്രണയം തുറന്നു പറയുകയും ചെയ്തു. അതിനു ശേഷം രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ചന്ദ്രശേഖര്‍ ബോംബെയില്‍ എത്തിയത്. പുള്ളിയുടെ കുടുംബം സെറ്റില്‍ചെയ്തിരിക്കുന്നത് അവിടെയാണ്. ഈ കഥകളെല്ലാം കൂട്ടുകാരിയോട് പറഞ്ഞ ജോമോള്‍ ഒന്നു പരസ്പരം കാണുവാനും സംസാരിക്കുവാനും എന്താണ് ചെയ്യുക എന്ന് ചോദിച്ചു. അങ്ങനെ തൊട്ടടുത്ത ആഴ്ച നടക്കാനിരിക്കുന്ന കോളേജിലെ ഫങ്ഷനിലേക്ക് ചന്ദ്രശേഖറിനെ അതിഥിയായി ക്ഷണിച്ചു.
അങ്ങനെ ചന്ദ്രശേഖര്‍ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് എത്തുകയും ചെയ്തു. എന്നാല്‍ കോളേജിലെത്തി കണ്ട ആദ്യ കാഴ്ചയില്‍ തന്നെ ജോമോളും കൂട്ടുകാരും ഞെട്ടിയിരുന്നു. കാരണം, പറഞ്ഞ രൂപമൊന്നുമല്ല. ഉയരമുള്ള ഒരു ഭംഗിയുള്ള ചെറുപ്പക്കാരന്‍. അങ്ങനെ വലിയ സര്‍പ്രൈസ് നല്‍കിയായിരുന്നു ഇവരുടെ ആദ്യ കൂടിക്കാഴ്ച. തുടര്‍ന്നങ്ങോട്ട് രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് 2002ല്‍ ബോംബേയില്‍ സെറ്റില്‍ ചെയ്ത മലയാളി കുടുംബത്തിലെ മരുമകളായി ജോമോള്‍ ജീവിതം പറിച്ചു നടുന്നത്. തുടര്‍ന്ന് ഗൗരി ചന്ദ്രശേഖര്‍ പിള്ള എന്നു പേരു സ്വീകരിച്ച് ഹിന്ദുവായി മാറുകയായിരുന്നു ജോമോള്‍.
ഹൈന്ദവ വിശ്വാസിയായി മാറിയ ജോമോള്‍ പൂര്‍ണമായും ആ മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ചായിരുന്നു പിന്നീട് ജീവിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കും രണ്ടു പെണ്‍മക്കളും ജനിച്ചു. ഇന്ന് അമ്മയോളം തന്നെ ആ മക്കള്‍ വളര്‍ന്നു കഴിഞ്ഞു. ഒരാള്‍ ഡിഗ്രിയ്ക്കും ഒരാള്‍ പത്തിലും പഠിക്കുന്നു. അവരുടെ സന്തൂര്‍ മമ്മിയായി വിലസുന്ന ജോമോള്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. സിനിമയിലേക്ക് രണ്ടാം വരവ് പോലെ ജാനകി ജാനേ എന്ന നവ്യാ നായര്‍ ചിത്രത്തിലൂടെ തിരിച്ചെത്തുകയും ചെയ്തിരുന്നു. ആ സിനിമയുടെ സബ്ടൈറ്റില്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നത് ജോമോള്‍ ആയിരുന്നു.