മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് sadhikkukayum ചെയ്തു. ഇന്ന് താരത്തിന് എൺപത്തി ഒൻപതാം പിറന്നാളാണ്. തിരുവനന്തപുരം മേയറായി പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക് നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു.
വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു.
അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എൻ.എസ്.ഡിയിൽ പഠിക്കുന്ന കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂർത്തിയാക്കിയ ശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.
മലയാള ചലച്ചിത്രരംഗത്തേക്ക് മധു കടന്ന് വന്നത് 1962 -ൽ ആയിരുന്നു. ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച് എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നിർമ്മാതാക്കൾ സത്യനു വേണ്ടി മാറ്റി വെച്ച വേഷമായിരുന്നു ഇത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. 1969ൽ ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ തൻ്റെ അഭിനയമികവ് കാഴ്ചവെച്ചു. പിന്നീട് ബോവുഡിലെ എക്കാലത്തെയും പ്രശസ്ത നടനായി മാറിയ അമിതാഭ് ബച്ചന്റെ ആദ്യത്തെ ചിത്രം കൂടിയാണ് എന്ന പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട്.
പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
കേമറയ്ക്കു മുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല മധുവിന്റെ ജീവിതം. താരജാഡ തൊട്ടു തീണ്ടാത്ത സ്നേഹബന്ധങ്ങൾക്ക് ഉടമയായിരുന്നു അദ്ദേഹം. സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.
മലയാള സിനിമയെ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നടുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത് വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. മറ്റു പല സിനിമാ നിർമ്മാതാക്കൾക്കും ഈ സ്റ്റുഡിയോ ഒരനുഗ്രഹമായി.
1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചവ. അദ്ദേഹം തന്നെ സംവിധാനം ചെയ്ത പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ ..... എന്ന പ്രശസ്തമായ ഗാനം സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിലേതാണ്.
പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഇവർക്ക് ഉമ എന്ന പേരിൽ ഒരു മകളുണ്ട്. ഇന്നും അഭിനയ മേഖലയിൽ മധു സജീവമാണ്.