ഉദ്യേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി ക്ലൈമാക്സിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് വാനമ്പാടി. റോറ്റിങ്ങില്‍ ഏറെ മുന്നിലാണ് സീരിയല്‍. സായ് കിരണ്‍, സുചിത്ര നായര്‍, ഉമ നായര്‍. ചിപ്പി തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. മോഹനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സ്വന്തം അച്ഛനമ്മമാരെ വീട്ടില്‍ നിന്നും പത്മിനി പുറത്ത് പോകാന്‍ ആവശ്യപ്പെടുന്നിടത്താണ് ഇന്നലെ സീരിയല്‍ അവസാനിച്ചത്. ഇന്ന് പൂരാട ദിനത്തില്‍ ഏഷ്യാനെറ്റ് മെഗാ എപ്പിസോഡുമായി എത്തുകയാണ്. ഇന്നാകും സീരിയലിന്റെ ക്ലൈമാക്സ
എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ സീരിയലിനെക്കുറിച്ചും ഓണ വിശേഷങ്ങളും പങ്കുവച്ച് എത്തിയിരിക്കയാണ് പത്മിനിയായി എത്തുന്ന സുചിത്ര നായര്‍.
ജെസിബി സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഓണാഘോഷത്തെക്കുറിച്ചും വാനമ്പാടി അനുഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് സുചിത്ര ഇപ്പോള്‍. കഴിഞ്ഞ തവണയും ഓണാഘോഷം കുറവായിരുന്നു. ഇത്തവണ സദ്യയും കോടി വാങ്ങുന്നതുമൊക്കെ മിസ്സ് ചെയ്യും. കുടുംബത്തിലെല്ലാവരും ഒരുമിച്ച് അമ്പലത്തില്‍ പോവുന്നത് മിസ്സ് ചെയ്യും. സദ്യ ചിലപ്പോള്‍ ഉണ്ടാവാം. എന്നാല്‍ എല്ലാവരും കൂടിയിരുന്നുള്ള സദ്യ മിസ്സാവും. ഈ ഓണം കഴിയുന്നതോടെ വാനമ്പാടി തീരും, എന്നാണ് തീരുന്നതെന്നറിയില്ല. പരമ്പരയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ച് കഴിഞ്ഞുവെന്നും എന്നാണ് അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നറിയില്ലെന്നും സുചിത്ര പറയുന്നു.
ഒരു കുടുംബത്തിലുള്ളത് പോലെയുള്ള എല്ലാ പ്രശ്‌നങ്ങളും അവിടെയുണ്ട്. വഴക്കും പിണക്കവും സ്‌നേഹവുമൊക്കെ അവിടെയുണ്ട്. എന്തായാലും ഇതെല്ലാം മിസ്സ് ചെയ്യും. വാനമ്പാടി ലൊക്കേഷനില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അനുമോളെന്ന പേരായിരുന്നു സുചിത്ര പറഞ്ഞത്. അനുമോള്‍ക്കും തംബുരുവിനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.
പരസ്പരത്തിന്റെ ക്ലൈമാക്‌സ് കഴിഞ്ഞപ്പോള്‍ ട്രോളുകള്‍ സജീവമായിരുന്നു. ട്രോളുകള്‍ക്ക് സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ലെന്നായിരുന്നു സുചിത്ര പറഞ്ഞത്. മുന്‍പും ഈ സീരിയലുമായി ബന്ധപ്പെട്ട് ട്രോളുകളൊന്നുമുണ്ടായിരുന്നില്ല. അത്തരത്തിലൊരു സാഹചര്യം കൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല.ശുഭകരമായ അവസാനമല്ല പരമ്പരയുടേതെന്നും സുചിത്ര വ്യക്തമാക്കുന്നു. ഞാന്‍ നല്ല കുട്ടിയായാണ് സീരിയല്‍ അവസാനിക്കുന്നത്. പപ്പിയും സുചിത്രയും തമ്മില്‍ വലിയ ദൂരമുണ്ട്. ക്ലൈമാക്‌സിലേക്ക് പോവുമ്പോള്‍ ചെറിയ ബന്ധം തോന്നിയേക്കാമെന്നും താരം പറയുന്നു. ഇപ്പോള്‍ സീരിയലിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.