മലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഒരു പരമ്പരയാണ് സാന്ത്വനം. ഒരു കുടുംബത്തിന്റെ കെട്ടുറപ്പിന് കഥപറയുന്ന പരമ്പരയിൽ അഞ്ജലിയായി എത്തുന്നത് നടി ഗോപികയാണ്. മലയാളത്തിൽ ഇന്നേവരെ ഒരു ടെലിവിഷൻ താരവും സ്വന്തമാക്കാത്ത ഫാൻ ബേസാണ് ഗോപിക നേടിയെടുത്തത്. താരത്തിൻറെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് തിടുക്കമാണ്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാന്ത്വനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ വാചാലയായിരിക്കുകയാണ് ഗോപിക.
ശിവാഞ്ജലിയെക്കുറിച്ച് ഫാൻസ് ഗ്രൂപ്പുകളിൾ ഷെയർ ചെയ്യുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട്. പുറത്തൊക്കെ വച്ച് കാണുമ്പോൾ അമ്മമാർ വന്ന് കെട്ടിപിടിക്കും. സാന്ത്വനത്തിൽ അഭിനയിക്കുന്നവരെല്ലാം ഒരു കുടുംബം പോലെ തന്നെയാണ്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് നൽകുന്നത്. സാന്ത്വനത്തിന്റെ വിജയത്തിന് പിന്നിൽ പ്രൊഡക്ഷൻ ടീമിന്റെ പിന്തുണയുമുണ്ട്. തന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതിന്റെ പകുതി ക്രെഡിറ്റ് തനിക്ക് ശബ്ദം നൽകുന്ന പാർവതി പ്രകാശിനാണെന്നും ഗോപിക പറയുന്നു.
സജിൻ ചേട്ടന്റെ ജീവിതത്തിലെ ഭാര്യയായ ഷഫ്ന ചേച്ചിയും സൂപ്പറാണ്. പരമ്പരയുടെ ചിത്രീകരണം തുടങ്ങിയ അന്നാണ് താനും സഹോദരി കീർത്തനയും ഷഫ്നയെ കാണുന്നത്. ഇപ്പോൾ തങ്ങൾ നാലു പേരുമൊരു ഗ്യാങ് ആയി. താൻ ഷൂട്ടിനായി തിരുവനന്തപുരത്തേക്ക് പോകുമ്പോൾ കോഴിക്കോടു നിന്നും ചേച്ചിക്ക് വേണ്ടി പലഹാരമൊക്കെ വാങ്ങി കൊണ്ടു പോകാറുണ്ട്. സഹോദരി കാരണമാണ് താൻ അഭിനയത്തിലേക്ക് എത്തുന്നത്.- ഗോപിക പറഞ്ഞു.
ശിവം എന്ന സിനിമയിൽ ബിജു മേനോന്റെ മകളായി അഭിനയിക്കേണ്ടിയിരുന്നത് സഹോദരി കീർത്തനയായിരുന്നു. ആ അവസരം കിട്ടിയതാകട്ടെ അച്ഛന് വേണ്ടി ചാൻസ് ചോദിക്കാൻ ചെന്നപ്പോഴും. ബിജു മേനോൻ അങ്കിൾ വരുമ്പോൾ അച്ഛാ എന്ന് വിളിച്ച് ഓടിച്ചെല്ലുന്നതായിരുന്നു രംഗം. എന്നാൽ ആക്ഷൻ പറഞ്ഞപ്പോൾ കീർത്തന അനങ്ങിയില്ല. ഇതെന്റെ അച്ഛനല്ലെന്നായിരുന്നു കീർത്തന പറഞ്ഞത്. കീർത്തന ബിജു മേനോനെ അച്ഛാ എന്ന് വിളിക്കാൻ കൂട്ടാക്കാതെ വന്നതോടെ ആ വേഷം തന്നെ തേടിയെത്തുകയായിരുന്നു. -ഗോപിക പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം കബനിയിലൂടെ താൻ സീരിയലിലേക്ക് എത്തുന്നതും കീർത്തന കാരണമായിരുന്നു. അനിയത്തിക്കായിരുന്നു സീരിയലിൽ അഭിനയിക്കാനുള്ള ഓഫർ വന്നത്. അച്ഛൻ അയച്ചു കൊടുത്ത ഫോട്ടോയിൽ ചിലതിൽ ഗോപികയും ഒപ്പമുണ്ടായിരുന്നു. ഇത് കണ്ടാണ് കബനിയിലേക്ക് ഗോപികയ്ക്ക് ഓഫർ വരുന്നത്. രണ്ടു പേർക്കും ഒന്നിച്ച് അഭിനയിക്കാമല്ലോ എന്ന് കരുതി വീണ്ടും ക്യാമറയുടെ മുന്നിലെത്തുകയായിരുന്നു. ലോക്ക്ഡൗൺ് കാലത്ത് കബനി നിന്നു പോയിരുന്നു. പിന്നാലെയാണ് സാന്ത്വനത്തിലേക്കുള്ള ഓഡിഷൻ നടക്കുന്നതും അവസരം ലഭിക്കുന്നതും. -ഗോപിക പറഞ്ഞു.