തട്ടീം മുട്ടീമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് തൃശൂര്‍ സ്വദേശിയായ സാഗര്‍ സൂര്യന്‍. സാഗര്‍ അവതരിപ്പിച്ച കുസൃതിനിറഞ്ഞതും മടിയനും ജോലിക്ക് പോകാന്‍ ഇഷ്ടമില്ലാത്ത ആദിശങ്കരന്‍ എന്ന കഥാപാത്രം വളരെ ചുരുങ്ങിയ സമയംകൊണ്ട പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ മാസമാണ് സാഗര്‍ സൂര്യന്റെ അമ്മ മിനി അന്തരിച്ചത്. അമ്മ വിട്ടുപോയ സങ്കടം പങ്കുവച്ച് കുറിപ്പുമായി താരം എത്തിയിരുന്നു. അമ്മയില്ലാതെ പറ്റുന്നില്ലെന്നായിരുന്നു താരം പോസറ്റിലൂടെ പറഞ്ഞത്. അമ്മയുടെ വിയോഗത്തിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് സാഗര്‍ സീരിയലിലേക്ക് മടങ്ങിയെത്തിയത്.
ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ അമ്മയുടെ മരണശേഷം താന്‍ കടന്നുപോയ പ്രയാസമേറിയ ഘട്ടങ്ങളും അമ്മയുടെ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി താന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നുമാണ് താരം വ്യക്തമാക്കുന്നത്.
അമ്മ കുട്ടി ആയിരുന്നു താന്‍. എന്തിനും ഏതിനും അമ്മ ഒപ്പം വേണം എന്ന് ആഗ്രഹിച്ച ഒരു കുട്ടി . ഇപ്പോള്‍ ഏകദേശം രണ്ട് മാസമായി അമ്മ പോയിട്ട് . വല്ലാത്ത ശൂന്യതയാണ് അമ്മയുടെ വിയോഗം സമ്മാനിച്ചത്. അമ്മ ആയിരുന്നു എന്റെ ശക്തി. ഒരിക്കലും ഒരു ജോലിക്ക് പോകാന്‍ എന്നെ അമ്മ നിര്ബന്ധിച്ചിട്ടില്ല, പക്ഷേ എന്റെ അഭിനയമോഹത്തെ പിന്തുണച്ചിരുന്നു
അമ്മയും അച്ഛനും, അനുജനും ഞാനും തമ്മിലുള്ള ജീവിതം കണ്ട് ഒരു പക്ഷേ ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാകാം. അതാകാം ഞങ്ങളില്‍ നിന്നും അമ്മയെ അദ്ദേഹം എടുത്തത്. ഈ നഷ്ടത്തിന് പകരം മറ്റൊന്നും എനിക്ക് ഇനി ഉണ്ടാകാനില്ല എന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു.
അമ്മ നിരന്തരമായി പറയുന്ന ആഗ്രഹത്തെക്കുറിച്ചും സാഗര്‍ അഭിമുഖത്തിനിടയില്‍ വ്യക്തമാക്കി. ആളുകള്‍ക്ക് നല്ലത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം അമ്മയ്ക്ക് ഉണ്ടായിരുന്നതായി സാഗര്‍ പറയുന്നു. എന്റെ കയ്യില്‍ പണം ഉണ്ടാകുന്ന സമയത്ത് ഞങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന അയല്‍ക്കാരന് ഒരു വീട് നിര്‍മ്മിച്ചു കൊടുക്കുവാന്‍ അമ്മ നിരന്തരം പറയുമായിരുന്നു. ഇപ്പോള്‍ ഞാന്‍ അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എനിക്കെന്റെ അമ്മയുടെ ഈ ആഗ്രഹം പൂര്‍ത്തീകരിക്കണം. ഒപ്പം എന്റെ അച്ഛനേയും അനുജനെയും നന്നായി നോക്കണമെന്നും സാഗര്‍ പറയുന്നു.