വയോധികനെ കെണിയില്‍പ്പെടുത്തി 11 ലക്ഷം രൂപ തട്ടിയെടുത്ത സീരിയല്‍ നടിയെയും സുഹൃത്തിനെയും പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ സീരിയല്‍ ലോകവും ഞെട്ടലില്‍. പത്തനംതിട്ട മലയാലപ്പുഴ അമൃതയില്‍ നിത്യ ശശി(41)യെയും കലയ്ക്കോട് ശിവനന്ദനത്തില്‍ ബിനു(48)വിനെയുമാണ് ചാത്തന്നൂര്‍ എ.സി.പി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തിരുവനന്തപുരം പട്ടത്തു താമസിക്കുന്ന കലയ്ക്കോട് സ്വദേശിയായ, കേരള സര്‍വകലാശാലാ മുന്‍ ജീവനക്കാരനും വിമുക്തഭടനുമായ വയോധികനാണ് പരാതിക്കാരന്‍.
ഊന്നിന്മൂട്ടില്‍ ഫിഷ് സ്റ്റാള്‍ നടത്തുകയാണ് ബിനു. മീന്‍ വീടുകളിലെത്തിച്ചു നല്‍കാറുണ്ട്. ഇതിനായി വാട്‌സാപ്പ് ഗ്രൂപ്പുമുണ്ട്. ഇങ്ങനെയാണ് നിത്യയുമായി പരിചയമെന്നും ഇത് ഹണിട്രാപ്പിലെ ഗൂഢാലോചനയിലേക്ക് എത്തുക യായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. നിയമബിരുദധാരിയാണ് നിത്യ. ആറു മാസം മുമ്പാണ് നിത്യ സീരിയല്‍ രംഗത്ത് വരുന്നത്. കുടുംബ കഥ പറയുന്ന സീരിയലിലെ അഭിനേത്രിയാണ്. ഊന്നിന്മൂട്ടില്‍ ഫിഷ് സ്റ്റാള്‍ നടത്തുന്ന ബിനുവിന്റേതാണ് ബുദ്ധിയെന്നാണ് സൂചന.
സമീപ സ്ഥലത്ത് താമസിക്കുന്ന നിത്യയുടെ വീട്ടില്‍ മത്സ്യവുമായി എത്തിയുള്ള പരിചയമാണ് ഹണിട്രാപ്പില്‍ എത്തുന്നതെന്നു പൊലീസ് പറഞ്ഞു. ഹണിട്രാപ്പിലെ പരാതിക്കാരന്റെ ഭാര്യ മരിച്ചു. മക്കളില്ല. തിരുവനന്തപുരം പട്ടത്താണ് താമസം. പരവൂര്‍ കലയ്ക്കോട്ടുള്ള വീട് അടച്ചിട്ടിരിക്കുകയാണ്. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്. നിത്യ നേരത്തേ സര്‍ക്കാര്‍ സ്ഥാപനമായ കാപ്പെക്സില്‍ ലീഗല്‍ അസിസ്റ്റന്റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. കൊല്ലം ആസ്ഥാനമായുള്ള കാപ്പെക്സില്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്തിരുന്നു. താത്കാലിക നിയമനം നടത്തിയ എം.ഡി രാജേഷ് സസ്പെന്‍ഷനിലായതോടെ നിത്യയെയും സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
മേയില്‍ കലയ്ക്കോട്ടുള്ള വീട് വില്‍പ്പന നടത്തുന്ന വിവരം തിരക്കിയാണ് നിത്യ പരാതിക്കാരനുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ചു. വീടുനോക്കാനെന്നപേരില്‍ വയോധികനെ കലയ്ക്കോട്ട് വിളിച്ചുവരുത്തി. വീട്ടിലെത്തിയപ്പോള്‍ വിവസ്ത്രനാക്കിയശേഷം നിത്യക്കൊപ്പെം നിര്‍ത്തി അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ബിനു ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. സാമൂഹികമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
ആദ്യം ആറും പിന്നീട് അഞ്ചും ലക്ഷം രൂപ വയോധികന്‍ ഇവര്‍ക്ക് കൈമാറി. പിന്നീടും ഭീഷണി തുടര്‍ന്നതോടെയാണ് 18-ന് പരവൂര്‍ പൊലീസില്‍ പരാതിനല്‍കിയത്. ഇതോടെ ഇരുവരും ഒളിവില്‍പ്പോയി. ബാക്കിപ്പണം നല്‍കാമെന്നുപറഞ്ഞ് പട്ടത്തെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തിയാണ് പരവൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്. മറ്റാരെയെങ്കിലും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്നതു പൊലീസ് അന്വേഷിക്കുകയാണ്.
ഇപ്പോള്‍ പട്ടത്ത് താമസിക്കുന്ന 75കാരന് പരവൂര്‍ കലയ്ക്കോട് വീടും ഫാം ഹൗസുമുണ്ട്. ഈ ഭൂമി വില്‍ക്കാന്‍ ബിനുവിനെ ചുമതലപ്പെടുത്തി. ബിനു ഭൂമിയുടെ വിവരങ്ങള്‍ സഹിതം വാട്സ്ആപ്പില്‍ പലര്‍ക്കും സന്ദേശമയച്ചു. ഇതുകണ്ട് കഴിഞ്ഞ ഒന്നര വര്‍ഷമായി പരിചയമുള്ള നിത്യ ബിനുവിനെ ഫോണില്‍ ബന്ധപ്പെട്ടു. ബിനു നിത്യയ്ക്ക് 75കാരനെ പരിചയപ്പെടുത്തി. നിത്യ കലയ്ക്കോടും പട്ടത്തുമെത്തി 75 കാരനെ പലതവണ കണ്ട് അടുത്ത പരിചയത്തിലായി. ആദ്യം വീടും ഫാമും വാങ്ങാമെന്ന നിലയിലായിരുന്ന ചര്‍ച്ച. സൗഹൃദം ഉറച്ചതോടെ വാടകയ്ക്കെടുക്കാന്‍ ധാരണയായി.
ജൂണ്‍ 6ന് 75കാരനും നിത്യയും കലയ്ക്കോടുള്ള വീട്ടിലെത്തി. ഇരുവരും നഗ്നരായുള്ള ദൃശ്യം കിടപ്പുമുറിയുടെ ജനാലയിലൂടെ ബിനു മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബിനു 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. വൃദ്ധന്‍ 15 ലക്ഷവും നിത്യ 10 ലക്ഷവും നല്‍കണമെന്നായിരുന്നു ആവശ്യം. നിത്യയും ബിനുവും ചേര്‍ന്ന് കുടുക്കിയതാണെന്ന് വൃദ്ധന് മനസിലായിരുന്നില്ല.
തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് നിത്യ കരഞ്ഞു. ഇതോടെ വൃദ്ധന്‍ ബിനുവിന് കൊടുക്കാനായി 11 ലക്ഷം രൂപ രണ്ടു തവണയായി നിത്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. പണം കൈമാറിയതോടെ ബിനു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞ്ഞ ഫോണ്‍ കത്തിച്ചുകളയുന്നതായി കാണിച്ചു. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം ബിനു വീണ്ടും നാലു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. നശിപ്പിച്ചെന്ന് പറഞ്ഞ ദൃശ്യങ്ങള്‍ വാട്സ്ആപ്പിലൂടെ വീണ്ടും അയച്ചു. പണം കൊടുത്ത് പ്രശ്നം തീര്‍ക്കാന്‍ നിത്യയും നിര്‍ബന്ധിച്ചു. ഇതോടെ ഇരുവരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് സംശയം തോന്നിയ വൃദ്ധന്‍ കഴിഞ്ഞ 18ന് പരവൂര്‍ പൊലീസിന് പരാതി നല്‍കി.
ഇക്കാര്യം അറിയാതെ നിത്യയും ബിനുവും വൃദ്ധനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു. അതിനിടെ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഇരുവരെയും വൃദ്ധന്‍ പട്ടത്തെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.