നാം സ്‌ക്രീനില്‍ കാണുന്ന കഥാപാത്രങ്ങളും ജീവിതങ്ങളും ആയിരിക്കില്ല യഥാര്‍ത്ഥ ജീവിതത്തില്‍ ആ താരങ്ങള്‍ക്ക്. അതു ബിഗ് സ്‌ക്രീനിലായാലും മിനിസ്‌ക്രീനിലായാലും. ജീവിക്കാന്‍ വേണ്ടിയും ഒരു നേരത്തെ ആഹാരം കഴിക്കാനും അഭിനയം തൊഴിലാക്കുന്നവര്‍ക്ക് എന്നെങ്കിലും താന്‍ രക്ഷപ്പെടും എന്ന പ്രതീക്ഷയായിരിക്കും ഉണ്ടായിരിക്കുക. ആ പ്രതീക്ഷകള്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് ജീവിതത്തിലെ പല തെറ്റായ തീരുമാനങ്ങളും എടുക്കുന്നത്. അങ്ങനെ ദൈവത്തെ അഭയം പ്രാപിച്ചിരിക്കുകയാണ് സാന്ത്വനം സീരിയലിലെ വില്ലന്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖം കൂടിയാണ് ഇദ്ദേഹത്തിന്റേത്.
പ്രഭാഷ് കുമാര്‍ എന്നാണ് ഈ താരത്തിന്റെ പേര്. ട്രാന്‍സ് എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച പാസ്റ്ററിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ ആ ചിത്രം ഏറെ വിവാദങ്ങള്‍ക്കും കാരണമാക്കിയിരുന്നു. ഈ പ്രാര്‍ത്ഥനാ രീതിയിലെ തട്ടിപ്പുകള്‍ തുറന്നുകാട്ടിയതിലൂടെയാണ് ചിത്രം വിമര്‍ശിക്കപ്പെട്ടത്. ഇപ്പോഴിതാ, അതുപോലൊരു പാസ്റ്റര്‍ക്കരികില്‍ എത്തിയത് പ്രഭാഷ് കുമാര്‍ എന്ന സാന്ത്വനത്തിലെ വില്ലന്‍. കുമാര്‍ എന്ന പേര് കര്‍ത്താവ് എന്നെ കാണിച്ചു. നിങ്ങളുടെ പേര് എങ്ങനെയാ എന്നാണ് പാസ്റ്ററായ ജിനോ ജോസ് പ്രഭാഷിനോട് ചോദിക്കുന്നത്. പ്രഭാഷ് കുമാര്‍ എന്ന പേര് പ്രഭാഷ് പറയുന്നതോടെ ആര്‍പ്പു വിളികളും കേള്‍ക്കാം.
തുടര്‍ന്നാണ് പ്രഭാഷിനെ മുന്നോട്ടു കയറ്റി നിര്‍ത്തുന്നതും പാസ്റ്റര്‍ തന്റെ പ്രവചനങ്ങള്‍ ആരംഭിക്കുന്നതും. ആത്മഹത്യയുടെ വക്കിലാണ് നിങ്ങള്‍.. എന്ന് പാസ്റ്റര്‍ പറയുമ്പോള്‍.. അതേ.. ആത്മഹത്യയുടെ വക്കിലാണ്.. ഇന്നലെ രാത്രി കൂടി ഞാനതിനെ കുറിച്ച് ചിന്തിച്ചതേയുള്ളൂ എന്നാണ് പ്രഭാഷ് മറുപടി നല്‍കുന്നത്. കര്‍ത്താവ് നിന്നെ ജയിപ്പിക്കാം. ഇത് ഒക്ടോബര്‍ മാസം ആറ്. വരുന്ന നവംബര്‍ മാസത്തോടു കൂടി നീയൊരു പ്രൊജക്ടിലേക്ക് കയറും. അതൊരു സിനിമയുമായി ബന്ധപ്പെട്ട പ്രൊജക്ട് ആയിരിക്കും. കര്‍ത്താവ് ഇങ്ങനെ കാണിക്കുന്നു.. ആ സിനിമ ഒരു വലിയ സംഭവമായിരിക്കും.. അടുത്ത മൂന്നു വര്‍ഷം കൊണ്ട് നീയൊരു വലിയ ഡയറക്ടറായി മാറുമെന്ന് ഞാന്‍ പറയുന്നില്ല.. പക്ഷെ.. നീയൊരു ഡയറക്ടറായി മാറും. ഫെബ്രുവരിയോടു കൂടി.. നീ എഴുതിയിട്ടൊ.. ഏഷ്യാനെറ്റുമായി ബന്ധപ്പെട്ട് നീയൊരു ഡീലിനകത്ത് കയറും.. ഒരു സീരിയലുമായി ബന്ധപ്പെട്ട ഡീല്‍ ആയിരിക്കും. നീയൊരു കഥയുമെഴുതും എന്നും പാസ്റ്റര്‍ പറയുന്നുണ്ട്.
ഇതെല്ലാം കൂപ്പുകൈകളോടെയും പ്രാര്‍ത്ഥനയോടെയും കേട്ടുനിന്ന പ്രഭാഷ് കുമാര്‍ തുടര്‍ന്ന് മൈക്കെടുത്ത് താന്‍ ഏഷ്യാനെറ്റില്‍ സാന്ത്വനം എന്ന സീരിയലില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ടെന്നും അതിന്റെ സംവിധായകന്‍ മരിച്ചു പോയതോടെ സീരിയല്‍ അവസാനിപ്പിച്ചുവെന്നുമൊക്കെ പ്രഭാഷ് കുമാര്‍ പാസ്റ്ററോടു പറയുന്നുണ്ട്. കലയന്താനികാഴ്ചകള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാം കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.