ബിഗ്ബോസില്‍ പ്രണയം നിറയ്ക്കുമെന്ന് പ്രേക്ഷകര്‍ കരുതിയ രണ്ടുപേരാണ് അലക്സാണ്ട്രയും സുജോയും. ഇവരുടെ അടുപ്പം മുന്നില്‍ കണ്ട് സുജാന്‍ഡ്ര ആര്‍മികള്‍ സജീവമാകുകയും ചെയ്തു. എന്നാല്‍ സുജോയുടെ ബന്ധുവായ പവന്റെ വരവോടെ സുജോയുടെ മറ്റൊരു മുഖമാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. സഞ്ജന എന്ന ഗേള്‍ഫ്രണ്ട് ഉള്ള സുജോ അക്കാര്യം ഷോയില്‍ മറച്ചുവച്ചാണ് സാന്‍ഡ്രയോട് അടുപ്പം കാട്ടിയത്. ഇതിന്റെ പേരില്‍ വന്‍ കോലാഹലം ബിഗ്ബോസില്‍ നടക്കുന്നതിനിടിയില്‍ കണ്ണുരോഗം ബാധിച്ച് സുജോയും സാന്‍ഡ്രയും പുറത്തായി. ഇപ്പോള്‍ തിരികേ എത്തിയപ്പോള്‍ ഇവരുടെ പുതിയ നിലപാടുകളാണ് ശ്രദ്ധനേടുന്നത്.
ബിഗ്ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ തന്റെ കസിന്‍ കൂടിയായ പവന്‍ ഗേള്‍ ഫ്രണ്ടിനെക്കുറിച്ച് വെളിപ്പടുത്തിയപ്പോള്‍ അങ്ങനെ ഒരാള്‍ ഇല്ലെന്നായിരുന്നു സുജോയുടെ പ്രതികരണം. സഞ്ജന സുജോയുടെ പിറന്നാളിന് ജാക്കറ്റ് തന്നയച്ചതും ഇവര്‍ ഒന്നിച്ച് കറങ്ങിയിരുന്നു എന്നുമൊക്കെ പവന്‍ വെളിപ്പെടുത്തിയെങ്കിലും എല്ലാം നിഷേധിക്കുകയായിരുന്നു സുജോ. പിന്നീട് സുജോയുടെ ഗേള്‍ഫ്രണ്ട് സഞ്ജന എല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തന്നെ സുജോ ചതിച്ചെന്നും തന്റെ ഇഷ്ടത്തെയും വിശ്വാസത്തെയും തകിടം മറിച്ചെന്നും സഞ്ജന വ്യക്തമാക്കി. ഇതിനിടയിലാണ് കണ്ണുരോഗം ബാധിച്ച് സുജോയും സാന്‍ഡ്രയുമുള്‍പെടെ ചിലര്‍ പുറത്തേക്ക് പോയത്. ഇവര്‍ എന്നേക്കുമായി പുറത്ത് പോയി എന്നാണ് കരുതിയതെങ്കിലും ഇവര്‍ ഞായാറാഴ്ചത്തെ എപിസോഡില്‍ തിരികേ എത്തുകയായിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോയത് പോലെയല്ല ഇവര്‍ തിരികേ എത്തിയിരിക്കുന്നത്്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പഴയ സൗഹൃദമില്ലാതെ പലപ്പോഴും അകന്നു മാറിയിരിക്കുന്ന കാഴ്ചയാണ് ഇന്നലെത്തെ എപിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്.
അതേസമയം സഞ്ജനയുടെ പേരില്‍ പുറത്തുള്ള പ്രേക്ഷകര്‍ക്ക് തന്നെ പറ്റിയുള്ള മോശം ഇമേജിനെ പറ്റി സുജോ മനസിലാക്കിയിട്ടുണ്ട്. അതിനെ മറികടക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ സുജോ ആവിഷ്‌കരിക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ വീണ്ടും പ്രണയചര്‍ച്ചകളില്‍ തന്നെയാണ് തുടങ്ങിയത്. സഞ്ജന തന്റെ പ്രണയിനി തന്നെയാണ് എന്ന് ഫുക്രുവുമായുള്ള സംഭാഷണത്തിനിടയില്‍ സുജോ തുറന്നുപറയുന്നുണ്ട്. ഇക്കാര്യം താന്‍ നേരത്തെ വെളിപ്പെടുത്തിയതാണെന്ന് സുജോ പറഞ്ഞപ്പോള്‍ ഫുക്രു അത് സമ്മതിക്കുന്നുമുണ്ട്. സാന്‍ഡ്രയുമായി നടന്നത് ഗെയിമിന് വേണ്ടി മാത്രമുള്ളതാണെന്നും സുജോ ഫുക്രുവിന്റെ അടുത്ത് വെളിപ്പെടുത്തി.
എന്നാല്‍ സാന്‍ഡ്ര ആകട്ടെ സുജോയുടെ പഴയ അടുപ്പമില്ലാത്തതിനാല്‍ ആകെ സങ്കടത്തിലാണ്. ഒരുപാട് വിഷമമുണ്ടെങ്കിലും അത് കാണിക്കാതെയാണ് സാന്‍ഡ്ര സജീവമാകാന്‍ ശ്രമിക്കുന്നത്.'നിന്റെ മുഖത്ത് വല്ലാത്ത കള്ളലക്ഷണം' എന്ന് സാന്‍ഡ്രയോട് വീണ പറയുന്നുമുണ്ട്. ഐശ്വര്യം കൂടിപ്പോയത് കൊണ്ട് തോന്നുന്നതാകും എന്നുപറഞ്ഞ് സാന്‍ഡ്ര ഒഴിഞ്ഞുമാറി.
ഫുക്രു, ആര്യ, വീണ എന്നിവരുടെ സംഭാഷണങ്ങളില്‍ നിന്നാണ് സാന്‍ഡ്രയുടെ മാനസികാവസ്ഥയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ചില സൂചനകള്‍ ലഭിച്ചത്. ഇരുവരുടെയും പ്രണയം നാടകമായിരുന്നെന്ന് ഫുക്രു പറഞ്ഞപ്പോള്‍ സഞ്ജന എക്സ് ഗേള്‍ഫ്രണ്ട് ആണെന്നാണ് സാന്‍ഡ്രയോട് പറഞ്ഞിരുന്നതെന്ന് വീണയും പറയുന്നു. ഗെയിമിനുവേണ്ടി കളിച്ചതാണെങ്കിലും സാന്‍ഡ്രയ്ക്ക് സുജോയോട് ഇഷ്ടം തോന്നിയിട്ടുണ്ടെന്നും അത് മനസ്സിലാക്കിയപ്പോള്‍ മുതല്‍ സുജോ പിന്‍വലിയുകയായിരുന്നു എന്നും ഫുക്രു പറയുന്നു. ആരുടെ ഭാഗമാണ് ശരി എന്ന നിഗമനത്തില്‍ എത്താന്‍ കഴിയുന്നില്ലെങ്കിലും സാന്‍ഡ്ര വളരെയധികം മനക്കട്ടിയുള്ള കുട്ടിയാണെന്നും ഇതിനെയെല്ലാം മറികടക്കും എന്ന ശുഭപ്രതീക്ഷയിലാണ് ആര്യ.