ബിഗ്‌ബോസ് സീസണ്‍ 2 ല്‍ ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സംവാദങ്ങളും നിറയുകയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ ആളുകള്‍ക്കൊപ്പം പരിചിതമല്ലാത്ത മുഖങ്ങളും ബിഗ്‌ബോസില്‍ ഉണ്ട് അത്തരത്തില്‍ ഒരാളാണ് സുജോ മാത്യു. മര്‍ച്ചെന്റ് നേവിക്കാരനായ സുജോ ജോലി ഉപേക്ഷിച്ചാണ് മോഡലായി മാറിയത്. ഇപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയതും ദൈവത്തെ നേരില്‍ കണ്ടതുമായ അനുഭവം പങ്കുവച്ചിരിക്കയാണ് സുജോ
ബിഗ്‌ബോസ് വീട്ടിലെ ശ്രീനിഷ് എന്നാണ് ആരാധകര്‍ സുജോയെ വിശേഷിപ്പിക്കുന്നത്. ആരോടും അധികം മിണ്ടാത്ത ടൈപ്പാണ് സുജോ. കഴിഞ്ഞദിവസം വീട്ടിലെ അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തിയുള്ള ടാസ്‌ക്കില്‍ സുജോ തന്റെ ജീവിതകഥ പങ്കുവച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് സുജോ വെളിപ്പെടുത്തിയത്.
കോട്ടയം കങ്ങഴ സ്വദേശിയാണ് ആദ്യ ദിവസം തന്നെ ആരാധകരുടെ ഹൃദയം കവര്‍ന്ന ഈ താരം. മെര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ച് മോഡലിങ്് എന്ന സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങിതിരിക്കുകയായിരുന്നു സുജോ. മിസ്റ്റര്‍ കേരളയുടെ ഓഡിഷനില്‍ പങ്കെടുത്തായിരുന്നു ആദ്യ പടി. അന്ന് ഫൈനലിസ്റ്റായി. പിന്നാലെ ചെന്നൈയിലും പോണ്ടിച്ചേരിയിലുമൊക്കെ ഷോ ചെയ്തു. ലാക്‌മേ ഫാഷന്‍ വീക്കില്‍ ഒരിക്കലെങ്കിലും പങ്കെടുക്കണമെന്നായിരുന്നു അന്നത്തെ തന്റെ ആഗ്രഹമെന്ന് സുജോ പറയുന്നു. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി എന്നുമാത്രല്ല ലാക്മീ ഫാഷന്‍ വീക്കില്‍ ആറ് ഷോകള്‍ ചെയ്യാനും സാധിച്ചു. പക്ഷെ അതിനുശേഷം കരിയര്‍ ഗ്രാഫ് മുന്നോട്ടുപോയില്ല. വീട്ടില്‍ നിന്നും എതിര്‍പ്പായിരുന്നു. മര്‍ച്ചന്റ് നേവിയിലെ മികച്ച ജോലി ഉപേക്ഷിച്ചായിരുന്നു മോഡലിങ്ങിനായി തിരിച്ചതെങ്കിലും പതീക്ഷിച്ചതു പോലെ ഷോകളിലേയ്ക്ക് ക്ഷണമൊന്നും ലഭിച്ചതുമില്ല. അമ്മ ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ ആത്മഹത്യ ചെയ്യാമെന്നായിരുന്നു തീരുമാനമെന്ന് സുജോ പറയുന്നു. കൈയ്യില്‍ കുറച്ച് കാശുണ്ടായിരുന്നു, അത് തീരുന്നത് വരെ എവിടെയെങ്കിലും പോകണം അത് കഴിഞ്ഞ് ആത്മഹത്യ ചെയ്യും എന്നുറപ്പിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പക്ഷെ ആ യാത്രക്കിടയിലാണ് ഞാനൊരു ധ്യാനകേന്ദ്രത്തിലെത്തിയത്. അവിടെവച്ച് ഞാന്‍ നേരിട്ട് ദൈവത്തെ കണ്ടു. വീട്ടില്‍ വിളിച്ച് സംസാരിച്ച്. വഴക്കുണ്ടാക്കിയവരോടെല്ലാം ക്ഷമ ചോദിച്ചു' , സുജോ പറഞ്ഞു.
മോഡലിങ് നിര്‍ത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സുജോയെത്തേടി ദുബായില്‍ നിന്നൊരു അവസരമെത്തുന്നത്. ഒരു പ്രമുഖ ഡിസൈനര്‍ അവരുടെ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കാനാണ് തന്നെ ക്ഷണിച്ചതെന്ന് സുജോ പറയുന്നു. അന്ന് ആ ഷോയില്‍ പങ്കെടുത്ത ഇന്ത്യയില്‍ നിന്നുള്ള ഏക പുരുഷ മോഡല്‍ താനായിരുന്നെന്നും സുജോ അവകാശപ്പെടുന്നു. 2014ല്‍ സുജോ ക്യാമറയ്ക്ക് മുന്നിലും എത്തി. അഭിനയിച്ചത് തമിഴ് സിനിമയിലാണ്. 2018ലാണ് ചിത്രം റിലീസായത്.