മലേഷ്യയിലെ ക്വലാലംപുരില്‍ നടന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലൊന്നായ 'മിസ് കോസ്മോ വേള്‍ഡ്' ലോക സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയായി കോഴിക്കോട് സ്വദേശിയായ സാന്‍ഡ്ര സോമന്‍. 24 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളി സൗന്ദര്യറാണിയായിരിക്കയാണ് ഈ 22-കാരി.
300 എന്‍ട്രികളെ മറികടന്നാണ് മത്സരത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി സാന്‍ഡ്ര എത്തിയത്. ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ രണ്ട് വരെ ക്വലാലംപുരില്‍ നടന്ന മത്സരത്തില്‍ എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് സാന്‍ഡ്ര കിരീടം സ്വന്തമാക്കിയത്.മറ്റു മത്സരാര്‍ഥികളെക്കാള്‍ തനിക്ക് തുണയായത് ആത്മവിശ്വാസവും എന്തിനേയും പുഞ്ചിരിയോടെ നേരിടുന്ന പ്രകൃതവുമാണെന്ന് സാന്‍ഡ്ര പറയുന്നു.ചിലപ്പോള്‍ നമുക്കുള്ളിലുണ്ടെന്ന് നമ്മള്‍ പോലും തിരിച്ചറിയാതെ പോകുന്ന ചില ഗുണങ്ങളാവും നമ്മെ വിജയത്തിലെത്തിക്കുക.'' വിജയത്തെ കുറിച്ച് സാന്‍ഡ്ര പറയുന്നു.
സാന്‍ഡ്ര ഭരതനാട്യം, കുച്ചിപ്പുടി അവതരണങ്ങളിലൂടെ മത്സരത്തില്‍ തന്റെ നൃത്തപ്രാവീണ്യവും പ്രദര്‍ശിപ്പിച്ചിരുന്നു. സൗന്ദര്യമത്സരങ്ങളിലെ കാഠിന്യമേറിയ ഇനമെന്ന് കരുതപ്പെടുന്ന ചോദ്യോത്തര റൗണ്ടില്‍ മികച്ച ഉത്തരങ്ങളാണ് സാന്‍ഡ്ര നല്‍കിയത്
കോഴിക്കോട് കോട്ടൂളി സ്വദേശികളായ വി. സോമന്റെയും ശ്രീജ നായരുടെയും മകളായ സാന്‍ഡ്ര മണിപ്പാല്‍ സര്‍വകലാശാലയില്‍ അവസാനവര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ്.