ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേഹത്തെ കുറിച്ചുള്ള ധാരണ. എന്നാല്‍ തെലുങ്ക് നടന്‍ സായ് കിരണ്‍ ആണ് മോഹന്‍കുമാറിനെ അവതരിപ്പിക്കുന്നത്. വാനമ്പാടിയിലൂടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും ഇഷ്ടപെടാത്ത ഒരു കാര്യത്തെപറ്റി സായ്കിരണ്‍ വെളിപ്പെടുത്തിയിരിക്കയാണ്.
തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെ അവതരിപ്പിച്ച് മികവുറ്റതാക്കിയതോടെയാണ് മലയാളത്തിലെ വാനമ്പാടിയിലേക്കും സായ്കിരണിന് നറുക്കുവീണത്. മലയാളം അറിയില്ലെങ്കിലും തിലകന്റെ മകന്‍ ഷോബി തിലകന്റെ ശബ്ദത്തിലൂടെയും തന്റെ അഭിനയത്തിലൂടെയും സായ്കിരണ്‍ മലയാളി മനസില്‍ ഇടം നേടിക്കഴിഞ്ഞു. അതേസമയം ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന ഗായിക പി. സുശീലയുടെ കൊച്ചുമോനാണ് സായ് കിരണ്‍. അതുകൊണ്ട് തന്നെ മലയാളികളെ ഏറെ ഇഷ്ടമാണ് ഈ നടന്. 35ഓളം തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സായ്കിരണ്‍ ഭക്ത സീരിയലുകളില്‍ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാളികളെ ഏറെ ഇഷ്ടമാണെങ്കിലും അവരിലെ ഒരു കാര്യം തനിക്ക് ഇഷ്ടപെട്ടില്ലെന്ന് പറഞ്ഞിരിക്കയാണ് സായ്കിരണ്‍. അത് മലയാളികളുടെ റാഷ് ഡ്രൈവിങ്ങാണ്. യുവാക്കള്‍ മുതല്‍ വൃദ്ധര്‍ വരെ ഓവര്‍ സ്പീഡലാണ് വണ്ടി ഓടിക്കുന്നതെന്നും ജീവന്‍ വച്ചല്ലേ ഇവര്‍ കളിക്കുന്നതെന്നും സായ്കിരണ്‍ പറയുന്നു.
അഭിനയത്തിനൊപ്പം നെഞ്ചോട് ചേര്‍ക്കുന്ന മറ്റൊരു ഹോബി കൂടി സായ്കിരണിന്റെ ജീവിതത്തിലുണ്ട്. പാമ്പുപിടുത്തമാണ് അത്. പാമ്പുകളെ ഏറെ ഇഷ്ടമായ താരം പലയിടത്തും പാമ്പ് പിടിക്കാന്‍ പോകാറുണ്ട്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലും താരത്തിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ശിവഭക്തനായ സായി കിരണിന് മൃഗങ്ങളോാടും പക്ഷികളോടും ചെറുപ്പം മുതലേ വലിയ സ്‌നേഹമുണ്ടായിരുന്നു. കോളേജില്‍ എത്തിയപ്പോള്‍ ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക് സൊസൈറ്റിയില്‍ ചേര്‍ന്ന് സ്‌നേയ്ക്ക് റെസ്‌ക്യൂ പഠിച്ചു. രണ്ട് വര്‍ഷം കൊണ്ടു പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു. തെലുങ്കിലെ സൂപ്പര്‍താര നാഗാര്‍ജ്ജുനയുടെ വീട്ടിലും പോയി പാമ്പിനെ പിടിച്ചിട്ടുണ്ട് താരം. എന്തായാലും വാനമ്പാടിയിലൂടെ ഈ തെലുങ്ക് നടന്‍ മലയാളി മനസ് കീഴടക്കിക്കഴിഞ്ഞു.