ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് എന്താണെന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സീരിയലില്‍ നിന്നും ഒരു പ്രധാന കഥാപാത്രത്തെ മാറ്റാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം വിട്ടുനില്‍ക്കുന്നതില്‍ കലാശിച്ചതെന്ന് സിനിലൈഫ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിപ്പോള്‍ സീരിയലിലെ പ്രശന്ങ്ങള്‍ തീരുന്നുവെന്ന സൂചനയാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍ ഞങ്ങള്‍ക്ക് നല്‍കിയത്.
ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലാണ് ഉപ്പും മുളകും. വളരെ വിജയകരമായി മുന്നോട്ടുപോയിരുന്ന സീരിയലില്‍ അടിമുടി പ്രശ്‌നങ്ങളാണ് എന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി എത്തിയത്. ലച്ചുവിന്റെ വിവാഹം ആര്‍ഭാടമായി നടത്തിയ 1000മത്തെ എപിസോഡ് കഴിഞ്ഞത് മുതലാണ് പ്രശ്‌നങ്ങള്‍ സീരിയലില്‍ ഉടലെടുത്ത് തുടങ്ങിയത്. സീരിയലില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരാളെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെയും ബാധിക്കുന്ന തരത്തിലേക്ക് മാറിയതോടെയാണ് സീരിയലില്‍ നിന്നും താരങ്ങള്‍ക്ക് വിട്ടുനില്‍ക്കേണ്ടിവന്നത്. പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.
സീരിയലിലെ പ്രധാന താരങ്ങള്‍ പിന്‍വാങ്ങിയെങ്കിലും മറ്റ് അനുബന്ധ കഥാപാത്രങ്ങളെ വച്ചാണ് സീരിയല്‍ ചാനല്‍ സംഘാടകര്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ കുറേ എപിസോഡുകളിലായി പ്രധാനതാരങ്ങളാരും സീരിയലില്‍ എത്തുന്നില്ല. ബാലുവിന്റെ നെയ്യാറ്റിന്‍കരയിലെ കുടുംബവീടിനെയും അവിടുത്തെ കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സീരിയല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ പ്രേക്ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞതോടെയാണ്
കാര്യങ്ങള്‍ കൈവിട്ട് പോയത്. ഇതിനിടെ പ്രധാന താരങ്ങളെ അണിനിരത്തി മറ്റൊരു ചാനലില്‍ വേറൊരു പേരില്‍ സീരിയല്‍ പുരനാരംഭിക്കാനുള്ള ചര്‍ച്ചകളും നടന്നിരുന്നു എന്നാണ് സൂചന ലഭിക്കുന്നത്. ലച്ചുവിന്റെ വിവാഹത്തോടെ തന്നെ റേറ്റിങ്ങില്‍ പിന്നോക്കം പോയ സീരിയല്‍ മറ്റുള്ളവര്‍ കൂടിപോയതോടെ റേറ്റിങ്ങില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. സ്ഥിരം പ്രേക്ഷകരെല്ലാം സീരിയല്‍ കൈവിട്ടു. യൂട്യൂബില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന സീരിയല്‍ ഇവിടെയും തകര്‍ന്നുവീണു. പ്രധാനപ്പെട്ടവര്‍ പോയതോടെ നിരവധി പേരാണ് ഫല്‍വേഴ്‌സ് ചാനലിന്റെ യൂട്യൂബിലും കമന്റുകളുമായി എത്തുന്നത്. ചോദ്യങ്ങളും തെറിവിളികളും കൂടിയതോടെ ഉപ്പുംമുളകും വീഡിയോകളുടെ കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്താണ് ഫല്‍വേഴ്‌സ് തടിതപ്പിയത്. എന്നാല്‍ റേറ്റിങ്ങിലും യൂട്യൂബിലും താഴേക്ക് പോയതൊടെയാണ് ഇപ്പോള്‍ ചാനല്‍ സംഘാടകര്‍ വേഗം പ്രശ്‌നം പരിഹരിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എത്രയും വേഗം പിന്മാറിയവരെ തിരിച്ചെത്തിക്കാനുള്ള തത്രപാടിനാണ് അണിയറപ്രവര്‍ത്തകര്‍. പരമ്പരയിലേക്ക് ഉടന്‍ താരങ്ങളെല്ലാം മടങ്ങിയെത്തുമെന്നും അടുത്ത ദിവസം തന്നെ ഇവരെ വച്ചുള്ള ഷെഡ്യൂള്‍ തുടങ്ങുമെന്നും സീരിയലിന്റെ പ്രധാനികളിലൊരാള്‍ സിനിലൈഫിനോട് വെളിപ്പെടുത്തി.