ബിഗ്ബോസ് മലയാളം പതിപ്പ് സീസണ്‍ വണ്ണിന്റെ ആദ്യ ജേതാവായി മാറിയ തരികിട സാബു എന്ന സാബുമോന് ഇപ്പോള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ അഭിനന്ദനമറിയിക്കുകയാണ്. ഇനി തരികിട സാബു എന്നതിന് പകരം ബിഗ്ബോസ് സാബു എന്നാണ് സാബുമോന്‍ അറിയപ്പെടുക എന്നാണ് സ്നേഹപ്പൂര്‍വ്വം ആരാധകര്‍ പറയുന്നത്. അതേസമയം വിജയിച്ച ശേഷം ലൈവില്‍ വന്ന സാബുവിന് പ്രേക്ഷകരോട് നന്ദി പറയാന്‍ വാക്കുകളില്ലായിരുന്നു.
മലയാള ടെലിവിഷന്‍ ചരിത്രത്തിലെ വേറിട്ട ദൃശ്യാനുഭവമായി മാറിയ ബിഗ് ബോസ് മലയാളം സീസണ്‍ വണിന്റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനം സാബു മോന്‍ അബ്ദുസമദ് സ്വന്തമാക്കുമ്പോള്‍ അത് സാബുവിനായി വോട്ട് തേടിയവരുടെ കൂടി വിജയമായി മാറുകയായിരുന്നു. പേളിക്കും സാബുവിനും ഒരു പോലെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഷോ ആയിരുന്നു ബിഗ്ബോസ്. പേളിക്കായിരുന്നു ഷോയില്‍ മുന്‍കൈയെങ്കിലും അവസാന ആഴചയിലാണ് സാബു മേല്‍ക്കൈ നേടിയത്. തന്നെ വെറുത്തവരുടെ പോലും ഇഷ്ടം പോലും പിടിച്ചു പറ്റിയതാണ് ബിഗ് ബോസ് കിരീടം നേടുന്നതില്‍ സാബുവിന് നിര്‍ണായകമായത്.
പുറത്തുണ്ടായ പലതരം രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ സാബുമോനെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചതിന് തുടക്കത്തില്‍ അതിശക്തമായ വിമര്‍ശനമാണ് പരിപാടിയ്ക്കും ചാനലിനും നേരെ ഉണ്ടായത്. എന്നാല്‍ ഷോ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഇത്തരം വിവാദങ്ങള്‍ കെട്ടടങ്ങി തുടങ്ങി. ഗെയിമില്‍ പങ്കെടുത്ത പതിനെട്ട് പേരും പലരീതിയിലാണ് മുന്നോട്ട് പോയതെങ്കിലും ഇവരില്‍ ഏറ്റവും കൂള്‍ ആയി നിന്നയാള്‍ സാബു മോനായിരുന്നു. ബിഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതേസമയം ഷോയില്‍ സാബുവാണ് വിജയിച്ചതെന്ന് പ്രഖ്യാപിച്ചതിന് ശേഷം ട്രോഫി നേടി ലൈവില്‍ വന്ന സാബുവിന് പ്രേക്ഷകരോട് പറയാന്‍ വാക്കുകളില്ലായിരുന്നു. വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞ സാബുവിന് സ്ന്തോഷം കൊണ്ട് വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. സംസാരിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയാണെന്നും തീര്‍ച്ചയായും താന്‍ പിന്നീട് വിശദമായി വന്ന് സംസാരിക്കാമെന്ന് പറഞ്ഞാണ് സാബു പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.