ബിഗ്‌ബോസ് അവസാനിക്കാറായ സാഹചര്യത്തില്‍ ആരാകും വിജയി എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. കഴിഞ്ഞ ദിവസം ആകസ്മികമായി മിഡ് ഡേ എലിമിനേഷനിലൂടെ അദിതി പുറത്തായതോടെ ബിഗ്‌ബോസില്‍ കൂടുതല്‍ ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ ബിഗ്‌ബോസില്‍ വിജയിയെ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.
വോട്ടിംഗ് മാത്രം വിലയിരുത്തി വിജയിയെ തീരുമാനിക്കുന്നതില്‍ പലര്‍ക്കും പ്രതിഷേധം ഉണ്ട്. വോട്ടിംഗ് മാത്രം ആണെങ്കില്‍ മൂന്നു പേര്‍ തമ്മിലുളള പോരാട്ടം മാത്രമാകും ബിഗ്‌ബോസിലേത്. എങ്കില്‍ വിജയി ആരാകുമെന്ന് ഊഹിക്കാന്‍ കഴിയും. ഷോയുടെ തുടക്കത്തില്‍ അറിയിച്ച വിജയിയെ തിരഞ്ഞെടുക്കുന്നതില്‍ ഉളള മാനദണ്ഡങ്ങളും കഴിവുകളും വിജയിയെ തീരുമാനിക്കുന്നതില്‍ പരിഗണിക്കുമോ പകരം ബിഗ്‌ബോസിനു തോന്നിയ ആളെ വിന്നര്‍ ആക്കുമോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ബിഗ്‌ബോസ് വിജയിയെ കണ്ടെത്തുന്നത് വോട്ടിന്റെ മാത്രം ബലത്തിലാകരുതെന്നും 100 ദിവസം ഹൗസില്‍ താമസിച്ച് ഒപ്പം ഉളളവരുടെ ഇഷ്ടം എത്രത്തോളം നേടി എന്നതും കണക്കിലെടുക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയരുന്നുണ്ട്. അതേസമയം പ്രേക്ഷകരുടെ ഇഷ്ടം നോക്കാതെ ഏഷ്യാനെറ്റിന്റെ ഇഷ്ടക്കാരെ ജേതാവായി പ്രഖ്യാപിക്കുമെന്നു ഒരു സംഘം വാദിക്കുന്നു. വോട്ടിങ്ങ് എല്ലാം പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിടാനാണെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഏഷ്യാനെറ്റ് ജേതാവാക്കുമെന്നും ഇവര്‍ പറയുന്നു.
മറ്റു ഭാഷകളില്‍ വോട്ടിന്റെ ബലത്തില്‍ ആണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. അത് തന്നെയാകും മലയാളത്തിലും മാനദണ്ഡമാവുകയെന്നാണ് സൂചന. ഹിന്ദി ബിഗ് ബോസ് 11ാം പതിപ്പില്‍ ഒരു ടാസ്‌ക് പോലും ജയിക്കാതിരുന്നിട്ടും വോട്ടിന്റെ പിന്‍ബലത്തിലാണ് ശില്‍പ ഷിന്‍ഡെ വിജയിച്ചത്. ടാസ്‌ക് എല്ലാം വിജയിച്ച വികാസ് ഗുപത, ഹിനാ ഖാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് തളളപ്പെടുകയും ചെയ്തു. ഫിനാലെയില്‍ നടന്ന ലൈവ് വോട്ടിങ്ങില്‍ വിജയിച്ചതോടെയാണ് ശില്‍പയെ വിജയിയായി പ്രഖ്യാപിച്ചത്. മറ്റു ഭാഷകളിലെ ബിഗ്‌ബോസുമായി താരതമ്യം ചെയ്താണ് പ്രേക്ഷകര്‍ മലയാളം ബിഗ്‌ബോസിലെ വിജയി ആരാണെന്നു വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ചയിലെ പ്രൊമോയിലും ലാലേട്ടന്‍ പ്രേക്ഷകരുടെ വോട്ടാണ് വിജയിയെ തീരുമാനിക്കുക എന്നു പറയുന്നതും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം ഗ്രാന്‍ഡ് ഫിനാലെയിലും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.