എന്നും പുതുമയാര്‍ന്ന സീരിയലുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റില്‍ പുതിയതായി ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ഓമനത്തിങ്കള്‍പ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കര്‍ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ.
കണ്‍മണി എന്ന അനാഥപെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. പുതുമുഖങ്ങളാണ് സീരിയലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക കണ്‍മണിയായി എത്തുന്നത് നടി മനീഷയാണ്. നായകന്‍ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. സീരിയലിലേക്ക് ആദ്യമായിട്ടാണ് എങ്കിലും ടിക്ടോക്കിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് താരം. നടന്‍ ഉണ്ണി മുകുന്ദന്റെ ഛായ ഉണ്ടല്ലോ എന്നാകും സൂരജിന്റെ ചിരിയും ചില നോട്ടവുമൊക്കെ കാണുമ്പോള്‍ പ്രേക്ഷകന് തോന്നുക.
ടിക്ടോക് തരംഗത്തില്‍ മോട്ടിവേഷണല്‍ വീഡിയോകളിലൂടെയാണ് സൂരജ് ശ്രദ്ധനേടിയത്. ഇപ്പോള്‍ യൂട്യൂബിലും ഇത്തരം വീഡിയോയും വ്ളോഗുമെല്ലാം സൂരജ് ചെയ്യുന്നുണ്ട്. സീരിയലില്‍ ദേവ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തുന്ന നടി അംബിക മോഹന്‍ വഴിയാണ് സൂരജ് സീരിയലിലേക്ക് എത്തിയത്. ഇവര്‍ ഒരുമിച്ച് ഒരു പരസ്യത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അപ്പോഴെ അംബിക പറഞ്ഞിരുന്നു നീ അറിയപ്പെടുന്ന നടനായി മാറുമെന്ന്്. ഇതിന് പിന്നാലെയാണ് സീരിയലില്‍ അവസരം വന്നപ്പോള്‍ സൂരജിനെ അംബിക വിളിക്കുന്നതും ദേവ എന്ന കഥാപാത്രമായി സൂരജ് എത്തുന്നതും. ഒരു വര്‍ഷത്തിനുള്ളില്‍ അറിയപ്പെടുന്ന നടനായി സൂരജ് മാറുമെന്നായിരുന്നു അംബികയുടെ പ്രവചനം. അതാണ് ഇപ്പോള്‍ ശരിയായതും.
തന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ് അംബികയെന്നാണ് സൂരജ് പറയുന്നത്. കണ്ണൂര്‍ പാനൂര്‍ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. സീരിയലില്‍ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം. അച്ഛന്‍ അമ്മ ഭാര്യ കുട്ടി എന്നിവരുള്‍പെട്ടതാണ് താരത്തിന്റെ കുടുംബം. മികച്ച ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് സൂരജ് എന്നതും അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. സംസ്ഥാന ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ അംഗവുമാണ് താരം. നടി കുളപ്പുള്ളി ലീല, രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവരുമായിട്ടൊക്കെ സൂരജിന് നല്ല ബന്ധമാണ്. ഇവരെല്ലാം സൂരജിന് എപ്പോഴും പിന്തുണയ്ക്കുന്നവരാണ്. അഭിനയമോഹമായിരുന്നു കുട്ടിക്കാലം മുതല്‍ക്കേ സൂരജിന്റെ മനസിലുണ്ടായിരുന്നത്. ഇപ്പോള്‍ പാടാത്ത പൈങ്കിളിയിലൂടെ മികച്ച തുടക്കമാണ് സൂരജിന് ലഭിച്ചിരിക്കുന്നത്.