മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍. ഒന്നാം സീസന്റെ വിജയത്തെ തുടര്‍ന്ന് നിരവധി സീസനുകളാണ് സ്റ്റാര്‍ സിംഗറിന് ഉണ്ടായത്. നിരവധി കലാകാരമാരെയും മലയാള സിനിമയ്ക്ക് ഈ പരിപാടിയിലൂടെ ലഭിച്ചു. രഞ്ജിനി ഹരിദാസിന്റെ ആങ്കറിങ്ങും മലയാളികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി. ഇപ്പോള്‍ വീണ്ടുമൊരു സീസന് കാഹളം മുഴങ്ങുകയാണ്. ഈ വേളയില്‍ ഷോയിലെ ഒരു മത്സരാര്‍ത്ഥിയായിരുന്ന ശ്രീനാഥ് ശിവശങ്കരനെ പറ്റി മാളവിക രാധാകൃഷ്ണന്‍ എന്ന ഒരു ആരാധിക എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇതിനു മറുപടിയുമായി ശ്രീനാഥും എത്തിയിട്ടുണ്ട്.
മാളവികയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്. 'ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വീണ്ടും ഏഷ്യാനെറ്റില്‍ തുടങ്ങുകയാണ്. എന്റെയൊക്കെ ടെലിവിഷന്‍ ഓര്‍മകളിലെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയ എന്നൊക്കെ വേണമെങ്കില്‍ പറയാം. സംഗീതം എന്നത് അന്നുവരെ കേള്‍ക്കാന്‍ ഇഷ്ടമുള്ള, മനസ്സിന്നു കുളിര്‍മയേകുന്ന ഒരനുഭവം ആയിരുന്നെങ്കില്‍, അതിന്റെ ശാസ്ത്രീയ വശങ്ങളെ കുറച്ചധികം സാധാരണ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് സ്റ്റാര്‍ സിംഗറിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. എത്ര പെട്ടന്നായിരുന്നു, ഇവിടെ വെള്ളി വീണു, അവിടെ ശ്രുതി പോയി, ടെമ്പോ തെറ്റി എന്നൊക്കെ പറയാന്‍ മലയാളി പഠിച്ചത് !
ആറോ ഏഴോ സീസണ്‍ വന്നു പോയെങ്കിലും ഓര്‍ക്കുമ്പോള്‍ ഏറ്റവും പ്രിയം സീസണ്‍ 4 ആണ്. അതിന്റെ പ്രധാന കാരണം ഒരൊറ്റ പേരാണ്, 'ശ്രീനാഥ് ശിവശങ്കരന്‍ '. വിജയ് ആരാധകനായ ആ മെലിഞ്ഞ 18 വയസ്സുകാരനായിരുന്നു സ്റ്റാര്‍ ഓഫ് ദി ഷോ. നൂറില്‍ നൂറ് മാര്‍ക്കും വാങ്ങിയ എത്രയെത്ര പെര്‍ഫോമന്‍സുകള്‍. ഒരൊറ്റ എലിമിനേഷനിലും കയറാതെ ഫൈനല്‍ റൗണ്ടില്‍ എത്തിയിരുന്നു എന്നാണ് ഓര്‍മ. മറ്റുള്ളവര്‍ സഹതാപ വോട്ടിങ്ങിന്റെ ബലത്തില്‍ റൗണ്ടുകളില്‍ മുന്നേറിയപ്പോ ഇയാള്‍ മാത്രം ശ്രുതിശുദ്ധിയുടെ, കഴിവിന്റെ ബലത്തില്‍ മുന്നേറി.
മെലഡിയും, ക്ലാസ്സിക്കുകളും മനോഹരമാക്കിയിരുന്ന ആളുടെ ഹൈലൈറ് ഫാസ്റ്റ് നമ്പേഴ്‌സ് ആയിരുന്നു. നാ അടിച്ചാ താങ്കമാട്ടെ ഒക്കെ അന്ന് കേട്ടത് ഓര്‍ക്കുമ്പോ ഇപ്പോഴും രോമാഞ്ചമാണ്. ഫസ്റ്റ് പ്രൈസ് ഇങ്ങേര്‍ക്കു തന്നെയാണ് എന്ന് ഉറപ്പിച്ചതുമായിരുന്നു. പറഞ്ഞിട്ടെന്താ പ്രേക്ഷകരുടെ വോട്ടിംഗ് കാരണം പുള്ളിക്ക് കിട്ടിയത് രണ്ടാം സ്ഥാനം. ആ വിഷമത്തില്‍ പിന്നീട് സ്റ്റാര്‍ സിങ്ങര്‍ കാണാനേ തോന്നിയിട്ടില്ല !
ശ്രീനാഥ് പിന്നെയും വളര്‍ന്നു. ഒന്ന് നേരിട്ട് കാണണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. ഇടയ്ക്ക് നാട്ടിലെ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ കാണാന്‍ സാധിക്കാതെ പോയത് ഇന്നും വലിയൊരു നഷ്ടമായിത്തന്നെ കരുതുന്നു. പുള്ളിയാണ് പിന്നീട് കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ സംഗീതം ചെയ്തത് എന്നറിഞ്ഞു. സിനിമ മഹാ ശോകം ആയിരുന്നെങ്കിലും പാട്ടുകള്‍ ഇഷ്ടപ്പെട്ടു. മലയാളസിനിമ വേണ്ടവിധം ഇയാളെ ഉപയോഗിക്കണം എന്നാണ് ആഗ്രഹവും എന്നാണ് മാളവികയുടെ കുറിപ്പ്. ഇതിന് നന്ദി പറഞ്ഞ് ശ്രീനാഥും രംഗത്തെത്തിയിട്ടുണ്ട്.