മലയാളികളുടെ പ്രിയ താരം ശ്വേത മേനോന്‍ അവതാരകയായി എത്തിയ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു വെറുതെ അല്ല ഭാര്യ. 2012ല്‍ ഷോയുടെ വിജയികളായത് അന്ന് ടെക്‌നോപാര്‍ക്കില്‍ ജോലിക്കാരായിരുന്ന സാമും വിജിയുമായിരുന്നു. ആദ്യ സീസണിനെ അപേക്ഷിച്ച് പുത്തന്‍ താരോദയങ്ങളെ സമ്മാനിച്ച സീസണായിരുന്നു ഇവരുടേത്. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി നടത്തിയ ഷോ ആയിരുന്നുവെങ്കിലും, ആ ഷോയിലൂടെ സിനിമാ - സീരിയല്‍ ലോകത്തേക്ക് ഒരുപാട് അഭിനേതാക്കളെയും കിട്ടിയിട്ടുണ്ട്. മഞ്ജു സുനിച്ചനും നിത പ്രോമിയും ഉള്‍പ്പെടെ ഒരുപാട് പേര്‍.
അക്കൂട്ടത്തില്‍ ഒരു ജോഡികളാണ് ജീവയും സജീവും. ഹിന്ദി അധ്യാപകനായ സജീവും ഭാര്യ ജീവയും മാത്രമല്ല, ഇപ്പോള്‍ അവരുടെ രണ്ട് പെണ്‍കുട്ടികളും സെലിബ്രിറ്റികളാണ്. ബസിംഗ ഫാമിലി ഫെസ്റ്റ് ഷോയില്‍ മത്സരിക്കാന്‍ എത്തിയ ജീവയും സജീവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തിളങ്ങുന്ന താരദമ്പതികളാണ്. എന്നാല്‍ ഈ തിളക്കത്തിനെല്ലാം അപ്പുറം കണ്ണുനീരിന്റെ കയത്തില്‍ മുങ്ങിയ ഒരു ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടായിരുന്നു. ഒരു കുഞ്ഞിനെ താലോലിക്കാന്‍ കൊതിച്ചിരുന്ന വര്‍ഷങ്ങളില്‍ ദൈവം സമ്മാനിച്ച കുഞ്ഞുങ്ങളെ രണ്ടു തവണയും ആ ദൈവം തന്നെ തട്ടിപ്പറിച്ചെടുത്ത കഥ.
10 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജീവയും സജീവും വെറുതേ അല്ല ഭാര്യയില്‍ മത്സരിക്കാന്‍ എത്തിയത്. ഹിന്ദി അധ്യാപകനായ സജീവ് ഒരു അധ്യാപകന്‍ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ ഒരുപാടുള്ള ആളായിരുന്നു. എന്നാല്‍ വെറുതേ അല്ല ഭാര്യ എന്ന ഷോയ്ക്ക് ശേഷം ജീവിതം ഒരുപാട് മാറുകയായിരുന്നു. ജീവയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചു. അത് വഴി ഇളയ മകള്‍ക്ക് പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ സാധിച്ചു. ഉയരെ എന്ന ചിത്രത്തില്‍ നടി പാര്‍വ്വതിയുടെ ചെറുപ്പകാലം ചെയ്തത് മൂത്ത മകളായ ഇവയാണ്.
എന്നാല്‍ ഇവ അല്ല ഇവരുടെ ആദ്യത്തെ കുട്ടി. ഇവയ്ക്ക് മുന്‍പ് രണ്ട് കുട്ടികളുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് ജീവനോടെ ഒരു കുഞ്ഞിനെ താലോലിക്കാന്‍ കഴിഞ്ഞത്. അതിന് മുന്‍പ് രണ്ട് കുഞ്ഞുങ്ങളെയാണ് ജീവയ്ക്കും സജീവിനും നഷ്ടമായത്. ജീവയുടെ പതിനെട്ടാം വയസ്സിലായിരുന്നു സജീവുമായുള്ള കല്യാണം. അന്ന് 28 വയസുകാരനായിരുന്നു സജീവ്. ഇരുവരും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസം. ജീവയുടെ പഠനം പാതിവഴിയില്‍ നില്‍ക്കെയായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞും പഠിക്കണം എന്നുള്ളത് കൊണ്ട് തല്‍ക്കാലം കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞുങ്ങള്‍ വേണ്ട എന്ന് ഇരുവരും തീരുമാനിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും എല്ലാം സ്ഥിരം ചോദ്യങ്ങളുമായി എത്തുവാന്‍ തുടങ്ങി. അങ്ങനെ പഠനം ഒക്കെ കഴിഞ്ഞപ്പോഴേക്കും ജീവ ഗര്‍ഭിണിയായി. പക്ഷെ അത് അബോര്‍ഷനായി പോവുകയും ചെയ്തു.
പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷം വീണ്ടും ഗര്‍ഭിണിയായി. ആദ്യത്തെ അബോര്‍ഷന്‍ സംഭവിച്ചതിനാല്‍ തന്നെ ഒരുപാട് കെയര്‍ ചെയ്ത ശേഷം ആയിരുന്നു രണ്ടാമത്തെ ഗര്‍ഭം ധരിച്ചത്. പക്ഷെ അതിനെയും ദൈവം തന്നില്ല. പ്രസവിച്ചിരുന്നു, പെണ്‍കുഞ്ഞായിരുന്നു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വാസ തടസ്സം ഉണ്ടായിരുന്നു. അതുകൊണ്ട് വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ട് ദിവസം വെന്റിലേറ്ററില്‍ കിടത്തി. തിരിച്ചു കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ ഡോക്ടേഴ്‌സ് ഒപ്പിട്ട് വാങ്ങുകയായിരുന്നു.
കുഞ്ഞ് മരിച്ച കാര്യം ജീവയെ രണ്ട് ദിവസം കഴിഞ്ഞാണ് അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും ഷോക്കിങ് ആയ സമയമായിരുന്നു അത്. അത്രയും വര്‍ഷം കാത്തിരുന്ന്, ചികിത്സിച്ച്, പ്രാര്‍ത്ഥനയോടെ കിട്ടിയ കുഞ്ഞ് ആയിരുന്നു അത്. നഷ്ടപ്പെട്ടപ്പോള്‍ ആ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ആളുകളുടെ ചോദ്യവും പരിഹാസവും എല്ലാം സഹിച്ച് വീണ്ടും ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും.
പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ മൂന്നാം തവണ ഗര്‍ഭിണിയായപ്പോള്‍ ശരിക്കും പേടിയായിരുന്നു ജീവയ്ക്കും സജീവിനും. പൂര്‍ണ ഗര്‍ഭിണിയായി പ്രസവിച്ച് കൈയ്യില്‍ കിട്ടുന്നത് വരെ ടെന്‍ഷനടിച്ചു. കിട്ടിയ ശേഷം സന്തോഷത്തെക്കാള്‍ കണ്ണുണ്ടോ മൂക്കുണ്ടോ, എന്തെങ്കിലും കുറവുകളുണ്ടോ എന്നൊക്കെ നോക്കാനുള്ള തിരക്കായിരുന്നു. അങ്ങനെ ഒരാപത്തും കൂടാതെയാണ് മകളെ കിട്ടിയത് എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. അത് കഴിഞ്ഞ് ഒന്നര വര്‍ഷം കഴിയുമ്പോഴേക്കും രണ്ടാമത്തെ മകളെയും ഗര്‍ഭം ധരിച്ചു. ഇപ്പോള്‍ കണ്ണീരിനൊടുവില്‍ ദൈവം അനുഗ്രഹിച്ചു നല്‍കിയ രണ്ടു മക്കള്‍ക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ജീവയും സജീവും.