പഠനം കഴിഞ്ഞ് ചെന്നൈയില്‍ ജോലി; തമിഴ് പരമ്പരയായ സീതാരാമം എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്ക്; സാന്ത്വനം 2വിലെ മീനാക്ഷിയായെത്തുന്ന ഐശ്വര്യാ രാജേഷ് എന്ന പാലക്കാട്ടുകാരിയുടെ കഥയിങ്ങനെ

Malayalilife
 പഠനം കഴിഞ്ഞ് ചെന്നൈയില്‍ ജോലി; തമിഴ് പരമ്പരയായ സീതാരാമം എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്ക്; സാന്ത്വനം 2വിലെ മീനാക്ഷിയായെത്തുന്ന ഐശ്വര്യാ രാജേഷ് എന്ന പാലക്കാട്ടുകാരിയുടെ കഥയിങ്ങനെ

സാന്ത്വനം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയ്ക്കു ശേഷം ഏഷ്യാനെറ്റില്‍ ആരംഭിച്ച പരമ്പരയാണ് സാന്ത്വനം 2. ആദ്യ സീസണുമായി കഥയിലോ കഥാപാത്രങ്ങളിലോ യാതൊരു ബന്ധവും പുതിയ പരമ്പരയ്ക്ക് ഉണ്ടായിരുന്നില്ല. പ്രതീക്ഷയോടെ കാത്തിരുന്ന സാന്ത്വനം ആരാധകരെ നിരാശപ്പെടുത്തി തുടങ്ങിയ രണ്ടാം സീസണിന് പ്രതീക്ഷിത ആരാധക പിന്തുണയും ഉണ്ടായില്ല. എന്നാലിപ്പോള്‍ പരമ്പരയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങി. കഥയും കഥാപാത്രങ്ങളും ആരാധക മനസുകളില്‍ ഇടംനേടി തുടങ്ങിയിട്ടുണ്ട്. എന്നാലിപ്പോള്‍, പരമ്പരയിലെ യുവ താരങ്ങളില്‍ ഏറ്റവും സുന്ദരിയും ശ്രദ്ധേയയുമായ മീനാക്ഷി എന്ന കഥാപാത്രമാണ് പ്രേക്ഷക മനസുകളില്‍ ചര്‍ച്ചയാകുന്നത്. ഐശ്വര്യാ രാജേഷ് എന്ന പാലക്കാടുകാരി പെണ്‍കുട്ടിയാണ് മീനാക്ഷിയെ അവതരിപ്പിക്കുന്നത്.

പാലക്കാടെ പ്രകൃതി മനോഹരമായ കണക്കന്നൂര്‍ കണ്ണമ്പ്ര എന്ന നാട്ടിന്‍പുറത്തുകാരിയാണ് ഐശ്വര്യ. പഴയ തറവാട്ടിലാണ് ഐശ്വര്യ ജനിച്ചതും വളര്‍ന്നതുമെല്ലാം. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം ജീവിച്ചിരുന്ന കാലം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നേയാണ് അച്ഛനും അമ്മയ്ക്കും അനുജത്തിയ്ക്കും ഒപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇപ്പോള്‍ തറവാട് വീട് ആള്‍ത്താമസമില്ലാതെ ഒഴിച്ചിട്ടിരിക്കുകയാണ്. പഠനം കഴിഞ്ഞ് ചെന്നൈയില്‍ ജോലി ചെയ്യുകയായിരുന്നു ഐശ്വര്യ. തമിഴ് പരമ്പരയായ സീതാരാമം എന്ന സീരിയലിലൂടെയാണ് ഐശ്വര്യ മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തുന്നത്. സീതാരാമത്തിനു ശേഷം സണ്ഡൈക്കോഴി എന്ന തമിഴ് പരമ്പരയിലും ഐശ്വര്യ അഭിനയിച്ചു. വീഡിയോകളിലൂടെയും മറ്റും ശ്രദ്ധേയയായ ഐശ്വര്യയ്ക്ക് കോളേജിലെ ഒരു സീനിയര്‍ വഴിയാണ് അഭിനയത്തിലേക്ക് അവസരം കിട്ടുന്നത്.

അന്നമ്മ എന്ന മലയാളം ഷോര്‍ട് ഫിലിം അടക്കം നിരവധി ഷോര്‍ട്ട്ഫിലിമുകളിലും ആല്‍ബങ്ങളിലും എല്ലാം അഭിനയിച്ച ശേഷമാണ് തമിഴ് പരമ്പരകളിലേക്ക് എത്തിയത്. ഐശ്വര്യയുടെ ആദ്യ മലയാളം സീരിയലാണ് സാന്ത്വനം 2. സാന്ത്വനത്തിലെ അഞ്ജലി എന്ന ഗോപികയുടെ മുഖത്തെ നിഷ്‌കളങ്കതയും നാടന്‍ ഭംഗിയും അതുപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഐശ്വര്യയെന്ന് ആരാധകര്‍ പറയുന്നു. അതിനു പല കാരണങ്ങളാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ ആദ്യത്തേത് ഗോപികയ്ക്ക് തന്റെ മാതാപിതാക്കളും അനുജത്തിയുമായുള്ള കൂട്ടാണ്. ഐശ്വര്യയ്ക്കും അതുപോലെ തന്നെയാണ് കുടുംബം. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അച്ഛനും അമ്മയും അനുജത്തിയും ആണെന്ന് ഐശ്വര്യ പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഐശ്വര്യ ഓടിയെത്തുക മാതാപിതാക്കള്‍ക്കരികിലേക്കാണ്.

നാട്ടിലെത്തിയാല്‍ തനിനാടന്‍ പെണ്‍കുട്ടിയായി ഐശ്വര്യ മാറും. വീടിനു തൊട്ടടുത്തെ ക്ഷേത്രങ്ങളിലെല്ലാം അച്ഛന്റെ കൈപിടിച്ചെത്തും. അപ്പോഴാണ് സ്നേഹവുമായി നാട്ടുകാര്‍ ഓടിയെത്തുക. നാട്ടുകാര്‍ക്ക് ഐശ്വര്യ അവരുടെ അമ്മുവാണ്. അതുപോലെ തന്നെയാണ് ഷൂട്ടിംഗിനെത്തിയാലും. മിതമായ സംസാരവും ഒതുക്കത്തിലും ഷൂട്ടിംഗ് സെറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന ഐശ്വര്യ സാരിയുടുത്തെത്തുമ്പോള്‍ അഞ്ജലിയെയാണ് പ്രേക്ഷകര്‍ക്ക് എപ്പോഴും ഓര്‍മ്മ വരിക.

Read more topics: # സാന്ത്വനം 2.
aiswarya rajesh life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES