ബിഗ്ബോസ് നാളെ അവസാനിക്കുമ്പോള്‍ എന്തൊക്കെ ട്വിസ്റ്റുകളാണ് പ്രേക്ഷകര്‍ക്കായി ബിഗ് ബോസ് കാത്തുവയ്ക്കുന്നതെന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. വലിയ കളികളാണ് ബിഗ്ബോസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നതെന്ന് പറഞ്ഞ് മുന്‍ മത്സരാര്‍ഥികളെല്ലാം രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം പോരാട്ടം കടുക്കുമ്പോള്‍ വലിയ സര്‍പ്രൈസാണ് ഫൈനലിസ്റ്റുകളെയും പ്രേക്ഷകരെയും കാത്തിരിക്കുന്നതെന്നാണ് സൂചന.
നാളെ രാത്രി 7 മുതലാണ് ബിഗ്ബോസില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. എങ്ങനെയാകും ഫൈനല്‍ എന്നോ എങ്ങനെയാകും ജേതാവിനെ കണ്ടെത്തുന്നതോ സംബന്ധിച്ച് ഒരു വിവരവും ബിഗ് ബോസിന്റെ അണിയറപ്രവര്‍ത്തകര്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. അതേസമയം വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും ജേതാവിനെ തിരഞ്ഞെടുക്കുക എന്നാണ് മോഹന്‍ലാലിന്റെ ഏറ്റവും ഒടുവിലത്തെ ബിഗ്ബോസ് പ്രമോ വീഡിയോ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ ഇഷ്ടമത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനും പിന്തുണയ്ക്കാനുമൊക്കെയായി ആരാധകര്‍ രംഗത്തുണ്ട്.
അതേസമയം ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനായി മുന്‍ മത്സരാര്‍ഥികളെല്ലാം തന്നെ മുംബൈയിലെ ബിഗ്ബോസ് വീട്ടിലെത്തിക്കഴിഞ്ഞു. അനൂപ് ചന്ദ്രന്‍, അര്‍ച്ചന, രഞ്ജിനി ഹരിദാസ്, ദിയ സന, ദീപന്‍ മുരളി, ബഷീര്‍ ബഷി, അതിഥി എന്നിവരൊക്കെ മുംബൈയിലെത്തിക്കഴിഞ്ഞു. ബിഗ്ബോസില്‍നിന്നും നേരെ ഹിമാലത്തിലേക്ക് പോയ ഹിമ യാത്രക്കഴിഞ്ഞ് മുംബൈയിലെത്തുമെന്നാണ് സൂചന. ഇന്നലെ കാണിച്ച പ്രമോ വീഡിയോയില്‍ അനൂപ് ബിഗ്ബോസിനുള്ളില്‍ എത്തി മറ്റുള്ളവരുമായി സൗഹൃദം പങ്കിട്ടത് കാണിച്ചിരുന്നു. മറ്റ് പലരും വീട്ടിനുള്ളിലേക്ക് പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ആകാംക്ഷയോടെയാണ് നാളെത്തെ ഗ്രാന്‍ഡ് ഫിനാലെക്കായി ബിഗ്ബോസ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.