മലയാളത്തിലെ ടെലിവിഷൻ ചാനലായ സീ കേരളത്തിലെ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപയിലൂടെ ശ്രദ്ധേയായ ശ്വേത അശോകിന്റെ ഓണം ഗാനം 'ചിങ്ങപൊൻപ്പുലരി' സോഷ്യൽ മീഡിയയിൽ താരമാകുന്നു. വേറിട്ട ആലാപന ശൈലിയിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്ന ശ്വേത സരിഗമപ കേരളത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ മൂന്നാം സ്ഥാനത്തിന് അർഹകൂടിയാണ്.
തന്റെ എക്കാലത്തെയും ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഒരു ഗാനം ഇത്തരത്തിൽ പാടി അവതരിപ്പിക്കണമെന്നത്, അത് ഈ ഓണക്കാലത്ത് സാധിച്ചതിൽ സന്തോഷമുണ്ട് എന്നും ശ്വേത തുറന്ന് പറഞ്ഞു. ശ്വേത തന്നെയാണ് ഗാനത്തിന്റെ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഈ ഗാനം തന്റെ ഫേസ്ബുക്കിലൂടെ ഗായികയും സരിഗമപ കേരളം ജഡ്ജ്മായി സുജാത മോഹനാണ് മലയാളികളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ നല്ല പിന്തുണയാണ് ഈ ഗാനത്തിന് ലഭിച്ചത് എന്നും അത് വലിയ സന്തോഷം തരുന്നുണ്ടെന്നും ശ്വേത പറഞ്ഞു. ചിങ്ങപൊൻപ്പുലരി എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് പിന്നിൽ ശ്വേതയുടെ കുടുംബത്തിന്റെ കൂട്ടായ്‍മയുമുണ്ട്. ഈ വീഡിയോ ഗാനം നിർമിച്ചിരിക്കുന്നത് ശ്വേതയുടെ അച്ഛനും അമ്മയുമാണ്. ഈ ഗാനത്തിൻറെ നിർമ്മാതാക്കൾ കെ പി അശോകനും ജ്യോതി അശോകനുമാണ്. ഗാനം ചിട്ടപ്പെടുത്തിയത് ശ്വേതയുടെ സഹോദരൻ വിഷ്ണു അശോകാണ്. ഗാനം എഴുതിയത് സഹോദരി അശ്വതി അശോകും. ഒരു പക്ഷെ ഇതാദ്യമായിരിയ്ക്കും മലയാളത്തിൽ തന്നെ ഇത്തരമൊരു കുടുംബകൂട്ടായ്‍മ.
ചിങ്ങാപൊൻപുലരി എന്നത് കേരളത്തിലെ ഓണപ്പാട്ടുകളുടെ താളത്തിനൊപ്പം ആധുനികമായ ഓർക്കസ്ട്രഷൻ കൂടി ഉപയോഗിച്ചൊരുക്കിയ ഒരു ഗാനമാണ് സംഗീത സംവിധായകൻ വിഷ്ണു പറയുന്നു. ഒരു ദിവസം കൊണ്ടാണ് കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലും ഈ ഗാനം ചിത്രീകരിച്ചത്.