ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ചുവട് പിടിച്ചാണ് ബിഗ്‌ബോസ് എന്ന സീരിസ് ഇന്ത്യയിലെത്തിയത്. ഹിന്ദിയുള്‍പ്പടെ അനേകം ഭാഷകളിലെത്തിയിരുന്നെങ്കിലും മലയാളത്തിലേക്ക് ബിഗ്‌ബോസ് എത്തിയത് ഈ വര്‍ഷമാണ്. എന്നാല്‍ ബിഗ് ബ്രദറിന്റെ അതേ ആശയവുമായി ആദ്യം കേരളത്തിലെത്തിയത് മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയായിരുന്നു. രാഹുല്‍ ഈശ്വര്‍ ആയിരുന്നു ഇതിലെ വിജയി.
അഞ്ചുവര്‍ഷം മുമ്പാണ് സൂര്യാ ടിവിയില്‍ മലയാളി ഹൗസ് സംപ്രേക്ഷണം ചെയ്തത്. ഒന്നാം സീസണ്‍ തന്നെ പരാജയവും ഏറെ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നതോടെ പിന്നെ സൂര്യ ടിവി മലയാളി ഹൗസിന്റെ പെട്ടി മടക്കുകയായിരുന്നു. അതിനാല്‍ തന്നെ ബിഗ്ബോസ് എത്തിയപ്പോള്‍ ആദ്യം മലയാളികള്‍ ചോദിച്ചത് ഇത് മലയാളി ഹൗസ് അല്ലേ എന്നാണ്. എന്നാല്‍ മലയാളി ഹൗസിനെ പോലെ അല്ലാ ബിഗ്ബോസ് എന്ന് പ്രേക്ഷകര്‍ക്ക് ഏറെ വൈകാതെ മനസിലായി. മലയാളി ഹൗസില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ പലപ്പോഴും ലംഘിക്കപ്പെട്ടു. എന്നാല്‍ ബിഗ്ബോസില്‍ പ്രേക്ഷകര്‍ക്ക് അധികം അരോചകമാകാത്ത രീതിയിലായിരുന്നു സംപ്രേക്ഷണം ചെയ്തത്.
അതേസമയം മലയാളി ഹൗസിന്റെ അവസാനം പോലെയാകുമോ ബിഗ്ബോസിന്റെയും എന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്. മലയാളി ഹൗസില്‍ ഏറെ ചര്‍ച്ച ചെയ്തത് റോസിന്‍ ജോളിയും രാഹുല്‍ ഈശ്വറും തമ്മിലുള്ള സൗഹൃദമായിരുന്നു. ഇത് മലയാളി ഹൗസിന്റെ റേറ്റിങ്ങ് കുത്തനെ ഉയര്‍ത്തി. അതുപോലെ തന്നെ ബിഗ്ബോസില്‍ ശ്രീനിയുടെയും പേളിയുടെയും പ്രണയമാണ് ഷോയെ ശ്രദ്ധേയമാക്കിയത്. മലയാളി ഹൗസിന്റെ ബ്രയിന്‍ ജിഎസ് പ്രദീപായിരുന്നെങ്കില്‍ ബിഗ്ബോസില്‍ അത് സാബുമോന്‍ ആയി മാറി. എന്നാല്‍ പ്രദീപിന്റെ ഇമേജ് ഈ ഷോയില്‍ പങ്കെടുത്തോടെ ഇടിഞ്ഞെങ്കില്‍ സാബുവിന്റേത് കൂടുകയാണ് ചെയ്തത്.
അധികം ടാസ്‌കുകള്‍ ഒന്നും മത്സരാര്‍ഥികള്‍ക്ക് നല്‍കാതെ നിറഞ്ഞ അശ്ലീല വര്‍ത്തമാനവും കെട്ടിപ്പിടിത്തവും ഒക്കെയായിരുന്നു മലയാളി ഹൗസിലെ കാഴ്ച. ഇത് കേരളത്തിലെ വീട്ടമ്മമാരുടെ വിമര്‍ശനം പിടിച്ച് വാങ്ങിയിരുന്നു. 101 ദിവസങ്ങളില്‍ നടന്ന മത്സരത്തില്‍ 18 പേരില്‍ അവസാന ആറുപേരില്‍ നിന്നാണ് രാഹുല്‍ ഈശ്വര്‍ അന്ന് വിജയിയാത്. തിങ്കള്‍ ബാല്‍, രാഹുല്‍ ഈശ്വര്‍, സിന്ധു ജോയ് എന്നിവരായിരുന്നു ഫൈനലിലെ മത്സരാര്‍ത്ഥികള്‍. അവസാന റൗണ്ട് എലിമിനേഷന് മുന്‍പ് പുറത്ത് പോയ മത്സരാര്‍ഥി ജി എസ് പ്രദീപായിരുന്നു. ഇദ്ദേഹത്തെയാണ് ഐക്കണ്‍ ഓഫ് മലയാളി ഹൗസ് ആയി തെരഞ്ഞെടുത്തത്.