Latest News

പെണ്‍വേഷമുള്‍പ്പെടെ ഒന്‍പത് വേഷങ്ങളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച തൃശ്ശൂര്‍കാരന്‍; ഭാര്യ സീരിയലിലെ അഭിനയത്തെക്കുറിച്ച് അരുണ്‍ ജി രാഘവന്‍

Malayalilife
 പെണ്‍വേഷമുള്‍പ്പെടെ ഒന്‍പത് വേഷങ്ങളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച തൃശ്ശൂര്‍കാരന്‍; ഭാര്യ സീരിയലിലെ അഭിനയത്തെക്കുറിച്ച് അരുണ്‍ ജി രാഘവന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാര്യ എന്ന സീരിയല്‍. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയവരാണ്. വിതുര സുര എന്ന കഥാപാത്രമാണ് സീരിയലിലെ വില്ലന്‍. സീരിയല്‍ ആരംഭിച്ച് കുറച്ച് എപ്പിസോഡുകള്‍ പിന്നിട്ട ശേഷമാണ് ശരത്ത് എന്ന കഥാപാത്രം എത്തുന്നത്. അതോടെ സീരിയല്‍ പുതിയ വഴിത്തിരിവില്‍ എത്തുകയായിരുന്നു. തൃശ്ശൂരുകാരനായ അരുണ്‍ ജി രാഘവനാണ് ശരത്തായും വിതുരസുരയായുമെല്ലാം എത്തുന്നത്. സീരിയലില്‍ പെണ്‍വേഷമുള്‍പ്പെടെ ഒന്‍പത് വേഷങ്ങളില്‍ എത്തിയ അരുണ്‍ ജി രാഘവന്‍ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും പുറത്തു കടന്ന് ഇപ്പോള്‍ ഭാര്യയില്‍ നായകാനായിരിക്കയാണ്. വനിത ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഭാര്യ സീരിയലിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത്. 

ഏറെ ചലഞ്ചിങ് ആയ കഥാപാത്രമാണ് ഭാര്യയിലേത്. ഒമ്പതോളം വേഷപ്പകര്‍ച്ചയിലൂടെയാണ് സ്‌ക്രീനിലെത്തുന്നത്. ഇതില്‍ എട്ടു കഥാപാത്രങ്ങള്‍ നെഗറ്റീവും ഒന്‍പതാമത്തേത് നായക കഥാപാത്രവുമാണ്. ഇപ്പോള്‍ യഥാര്‍ത്ഥ നായകനായ ശരത്തായിട്ടാണ് അരുണ്‍ അഭഇനയിക്കുന്നത്. വിതുര സുര എന്ന വില്ലനായപ്പോള്‍ പെണ്‍വേഷവും കൈകാര്യം ചെയ്യേണ്ടി വന്നെന്നു പറയുന്ന അരുണ്‍ ആ കഥാപാത്രം തനിക്ക് ശരിക്കും വെല്ലുവിളി ആയിരുന്നുവെന്നും പറയുന്നു. ഷൂട്ടിങ് നീളുന്ന ദിവസങ്ങളില്‍ അഞ്ചു തവണ വരെ ഷേവ് ചെയ്യേണ്ടി വന്നിരുന്നുവെന്നും ശരത്ത് പറയുന്നു. ഏറെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്. തനിക്കാണെങ്കില്‍ പെട്ടെന്ന് മീശയും താടിയും വരുന്ന പ്രകൃതമാണെന്നും തുടര്‍ച്ചയായി ഷേവ് ചെയ്യുമ്പോള്‍ മുഖത്ത് കുരുക്കള്‍ വരും. പിന്നെ അതിനു മുകളിലൂടെ വേണം വീണ്ടും ഷേവ് ചെയ്യാന്‍ അതും ഏറെ വിഷമമായിരുന്നുവെന്നും അരുണ്‍ പറയുന്നു. ഇതിനുപുറമെ മേക്കപ്പ്, വിഗ്, ഐ ലാഷസ്, കോണ്ടാക്റ്റ് ലെന്‍സ്, സാരി, ചുരിദാര്‍ അങ്ങനെ എല്ലാംകൊണ്ടും ശരിക്കും ബുദ്ധിമുട്ടി. ചൂടുകാലം കൂടി ആയതിനാല്‍ ആ മൂന്നു മാസക്കാലം നന്നായി ബുദ്ധിമുട്ടിയെന്നും അരുണ്‍ പറയുന്നു. 

സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അരുണ്‍ ജി രാഘവന്‍ യഥാര്‍ത്ഥത്തില്‍ ഒരു എന്‍ജിനീയറാണ്. മുംബൈയിലും, ബെംഗളൂരുവിലുമായി ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന അരുണിനോട് വൈഫിന്റെ കസിനാണ് അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്നാദ്യം ചോദിക്കുന്നത്. ആദ്യം താത്പര്യം തോന്നിയെങ്കിലും ഉളളില്‍ പേടി ഉണ്ടായിരുന്നുവെന്ന് അരുണ്‍  പറയുന്നു, പിന്നീട് രണ്ടും കല്‍പിച്ച് ഇറങ്ങുകയായിരുന്നു.തൃശ്ശൂര്‍ സ്വദേശിയായ അരുണിന്റേത് കൂട്ടുകുടുംബമാണ്. റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ് ഭാര്യ ദിവ്യ. മകന്‍ ധ്രുവ് പ്ലേസ്‌കൂളിലും. അച്ഛന്‍ രാഘവന്‍, അമ്മ ശ്രീദേവി, അനിയന്‍ അനൂപ്, അനിയന്റെ ഭാര്യ ആതിര, അവര്‍ക്ക് രണ്ടു വയസ്സുള്ള ഒരു മകന്‍ ഇത്രയുപേരടങ്ങുന്നതാണ് അരുണിന്റെ കുടുംബം. ഐടി ഫീല്‍ഡി വിട്ട് അഭിനയത്തിലേക്ക് തിരിയുന്നതിനോട് അമ്മയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് അരുണ്‍ പറയുന്നു. എന്നാല്‍ എല്ലാവര്‍ക്കും കിട്ടുന്ന ചാന്‍സ് അല്ലല്ലോ ഇത്. ഒരുപാട് പേര്‍ അഭിനയിക്കാന്‍ അവസരം കാത്ത് കഴിയുമ്പോഴാണ് ഇങ്ങനെയൊരു അവസരം കിട്ടുന്നത്, വിട്ടു കളയേണ്ട' എന്നുപറഞ്ഞ് ധൈര്യം പകര്‍ന്ന് പൂര്‍ണ പിന്തുണയോടെ ഭാര്യ ഒപ്പം നിന്നുവെന്നും അരുണ്‍ പറയുന്നു. 

ജോലി ഉപേക്ഷിച്ചു വരുമ്പോള്‍ അവിടെ കിട്ടിയിരുന്ന ശമ്പളത്തിന്റെ പകുതിയേ സീരിയലില്‍ പ്രതിഫലം ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലും പ്രതിഫലം കൂടുതലാണ്. ഇവിടുത്തെ ഇന്‍ഡസ്ട്രിയുടെ കുഴപ്പമല്ല. വ്യൂവേഴ്‌സ് കുറവായതുകൊണ്ടാണ് പ്രതിഫലവും കുറയുന്നത്. പക്ഷെ, ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും ഇവിടെയുണ്ടെന്നും അരുണ്‍ പറയുന്നു. സീരിയല്‍നടന്‍ സിനിമാ നടന്‍ എന്നിങ്ങനെയുളള വേര്‍ത്തിരിവ് മാത്രമാണ് ആകെ ഉളള വിഷമമെന്നും അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു. സീരിയലില്‍ ഇത്രയും വേഷങ്ങള്‍ ചെയ്യുന്നതിന്റെ ഇഫക്ട് പുറത്തിറങ്ങുമ്പോഴും ഉണ്ടാകാറുണ്ടെന്ന് അരുണ്‍ പറയുന്നു. ഒരിക്കല്‍ സാജന്‍ സൂര്യയ്‌ക്കൊപ്പം പുറത്തിറങ്ങിയപ്പോള്‍ വയസ്സായ ഒരു സ്ത്രീ അടിക്കാന്‍ വരുന്നപോലെ അടുത്തേക്ക് വന്നുവെന്നും അത്തരത്തില്‍ പലരും തന്റെ കഥാപാത്രങ്ങളോടുളള ദേഷ്യം പുറത്തു വച്ചു പ്രകടിപ്പിക്കാറുണ്ടെന്നും അരുണ്‍ പറയുന്നു. ഷോപ്പിങ് മാളുകളിലും മറ്റുമൊക്കെ പോകുമ്പോള്‍ ഭര്‍ത്താവിനെ സൂക്ഷിച്ചോളാന്‍ ദിവ്യയോട് ആളുകള്‍ പറയാറുണ്ടെന്നും അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭാര്യ സീരിയലിലേതിന്റെ നേരെ എതിരെ ഉളള ഒരു കഥാപാത്രത്തെയാണ് മഴവില്‍ മനോരമയിലെ സ്ത്രീപദം എന്ന് സീരിയലില്‍ അരുണ്‍ അവതരിപ്പിക്കുന്നത്. വളരെയധികം ഫ്‌ലെക്‌സിബിള്‍ ആയിട്ടുള്ള കഥാപാത്രമാണ് അതില്‍. നെഗറ്റീവ് പരിവേഷം ഇല്ലാതെ തികച്ചും വ്യത്യസ്തമായ റോള്‍. പ്രണയം, വിവാഹം, അച്ഛന്‍, മധ്യവയസ്‌കന്‍ എന്നിങ്ങനെ ജീവിതത്തിലെ എല്ലാ കാലഘട്ടത്തിലൂടെയും കടന്നുപോകുന്നുണ്ട്. ഭാര്യ കാണുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യം സ്ത്രീപദം കാണുമ്പോള്‍ മാറുമെന്നാണ് അരുണ്‍ പറയുന്നത്.  വിളക്കുമരം എന്ന ചിത്രത്തിലെ നായകാനായി അരുണ്‍ അഭിനയിച്ചിട്ടുണ്ട്. 

സൗഭാഗ്യവതി, അനാമിക എന്നീ സീരിയലുകള്‍ ചെയ്തിരിക്കുന്ന സമയത്താണ് 'വിളക്കുമര'ത്തിലേക്ക് വിളിയെത്തുന്നത്. ഫോട്ടോകണ്ടാണ് തന്നെ അതിലേക്കു പരിഗണിച്ചത്. നായികാപ്രാധാന്യമുള്ള സിനിമയാണ് വിളക്കുമരം. അഭിനേതാക്കള്‍ മുഴുവനും സീനിയേഴ്‌സ് ആയിരുന്നു. ഭാവന, മനോജ് കെ ജയന്‍, സൂരജ് വെഞ്ഞാറമൂട് എന്നിവരുടെ കൂടെയുള്ള അഭിനയം ജീവിതത്തില്‍ ലഭിച്ച സൗഭാഗ്യമായി കരുതുന്നുവെന്നും  ഭാവന അടുത്ത സുഹൃത്താണെന്നും അരുണ്‍ പറയുന്നു. 

Read more topics: # Arun G Raghavan,# Bharya serial,# actor
Actor Arun G Raghavan says about Bharya serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES