കണ്ണൂർ: കണ്ണൂരിൽ നിന്നും വിമാനം പറക്കുമ്പോൾ ഇതുവരെ നൂറിലേറെ കിലോമീറ്റർ സഞ്ചരിച്ച് കോഴിക്കോടും മംഗലൂരുവിലും റോഡ് മാർഗ്ഗം പോകേണ്ടതില്ല. മംഗലൂരുവിലേക്ക് 150 കിലോമീറ്ററും കോഴിക്കോട്ടെക്ക് 120 കിലോമീറ്ററും സഞ്ചരിച്ചു വേണം ഇതുവരെ വിമാനത്തിൽ പറക്കാൻ. കണ്ണൂർ ജില്ലയിലേയും മാഹി-കുടക് പ്രദേശക്കാർക്ക് കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ മലയോര മേഖലകളിലുള്ളവർക്കും വയനാട്കാർക്കും എളുപ്പത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്താം. എന്നാൽ കുറഞ്ഞ ചെലവിൽ വിമാന യാത്ര സാധ്യമാവുന്ന ഉഡാൻ പദ്ധതിയിൽ നിന്ന് കണ്ണൂർ പിന്മാറാനാണ് സാധ്യത.
'ഉഡേദേശ്കാ ആംനാഗരിക് ' ന്റെ നിബന്ധനകൾ കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചക്ക് അഭികാമ്യമല്ല എന്നാണ് അറിയുന്നത്. ഉഡാൻ സർവ്വീസ് നടത്തുന്ന എയർലൈൻ കമ്പനികൾക്ക് മൂന്ന് വർഷത്തേക്ക് ആകാശ പാത അനുവദിക്കണം. ഇതോടെ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള വ്യോമപാത മറ്റ് വിമാന കമ്പനികൾക്ക് അന്യമാകും. മാത്രമല്ല വിമാനങ്ങളിൽ നിന്നുള്ള ലാന്റിങ് ഫീസ് , പാർക്കിങ് ഫീസ് ഇവയൊന്നും ഈടാക്കാനും പറ്റില്ല. കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന വിമാനകമ്പനിക്കുള്ള നഷ്ടം 'വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് ' എന്ന പേരിൽ സംസ്ഥാന സർക്കാർ നികത്തുകയും വേണം.
ഈ വ്യവസ്ഥകൾ കാരണം സംസ്ഥാന സർക്കാരോ വിമാനത്താവള കമ്പിനിയായ കിയാലോ ഉഡാൻ സംബന്ധിച്ച് കത്തൊന്നും നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. നിലവിൽ രാജ്യത്ത് നഷ്ടത്തിൽ പൂട്ടി കിടക്കുന്ന ബോപ്പാൽ, അഗർത്തല, മൈസൂർ തുടങ്ങിയ വിമാനത്താവളങ്ങളെ ഉയർത്താൻ വേണ്ടിയുള്ള പദ്ധതിയാണ് ഉഡാൻ. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ കണ്ണൂരിനെ ആദ്യം തന്നെ ഇതിൽ പെടുത്തുന്നതിൽ സർക്കാറിനോ കിയാലിനോ അനുകൂല നിലപാടല്ല. മാത്രമല്ല ഉഡാൻ പ്രാവർത്തികമാക്കുകയാണെങ്കിൽ ജെറ്റ്, സ്പൈസ് ജെറ്റ് എന്നിവയുടെ കുത്തക മാത്രമാവും കണ്ണൂർ വിമാനത്താവളം. അതിനാൽ സർക്കാറും കിയാലും തന്ത്രപൂർവ്വമാണ് നീങ്ങുന്നത്. ഉഡാനിലെ വ്യവസ്ഥ പ്രകാരം 2500 രൂപക്ക് ഒരു മണിക്കൂർ വിമാനയാത്ര ചെയ്യാം.
എന്നാൽ ഈ പദ്ധതിയിൽ പെടാതെ കണ്ണൂരിൽ നിന്നും ഡൽഹിക്ക് മൂന്ന് മണിക്കൂർ ദൂരം പറക്കാൻ 3000 ൽ താഴെ രൂപ മാത്രം മതിയാകും. ഉഡാനിൽ ചെറിയ ദൂരത്തിന് മാത്രമേ ലാഭകരമാകൂ. സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായ കണ്ണൂരിൽ രാജ്യാന്തര വിമാന കമ്പനികൾ താത്പര്യമെടുത്തിട്ടുണ്ട്. ഉഡാൻ നടപ്പായാൽ ഇങ്ങിനെയുള്ള കമ്പനികൾ കണ്ണൂരിനെ കയ്യൊഴിയലായിരിക്കും ഫലം. 892 കോടി രൂപയുടെ വായ്പയാണ് കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന് എടുത്തിട്ടുള്ളത്. ഉഡാനിലെ വ്യവസ്ഥകൾ വിമാനത്താവളത്തെ സംബന്ധിച്ച് തിരിച്ചടിയാവാനാണ് സാധ്യത.
മംഗലൂരുവിനും കോഴിക്കോടിനും ഇല്ലാത്ത സിങ്കപ്പൂർ , മലേഷ്യ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ജിദ്ദ, എന്നിവിടങ്ങളിലേക്കുള്ള സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയും. ആ നിലക്ക് തന്നെയാണ് സംസ്ഥാന സർക്കാറും കിയാലും ചിന്തിക്കുന്നത്. നിലവിൽ ധാരണയിലെത്തിയ വിമാന കമ്പനികൾ കണ്ണൂരിനെ കാര്യമായി എടുത്തിരിക്കയാണ്. ഉഡാൻ നടപ്പായാൽ കണ്ണൂരിന്റെ കുതിപ്പിന് വിഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വിമാനത്താവളം പൂർണ്ണ സജ്ജമായെങ്കിലും കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, കുടക്, ഇരിട്ടി, എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം ദുസ്സഹമായിരിക്കും. വീതിയേറിയ റോഡുകളില്ലാത്തത് പോരായ്മയാണ്. വിമാനത്താവളത്തിലേക്ക് കണ്ണൂരിൽ നിന്നും ഗ്രീൻ ഫീൽഡ് റോഡ് എന്ന സ്വപ്നം പോലും പൊലിഞ്ഞു. ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി, ഭാഗങ്ങളിൽ നിന്നുള്ള നാല് വരിപാതയും നടപ്പായില്ല. ഇപ്പോൾ നിലവിലുള്ള രണ്ട് വരിപാതയുടെ മുഖം മിനുക്കൽ മാത്രമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാകുകയുമില്ല. കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന യാത്രികർക്ക് ഗതാഗത കുരുക്കായിരിക്കും പ്രധാന പ്രതിസന്ധി.
നിലവിലുള്ള റോഡുകളുടെ ടാറിങ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കണ്ണൂരിലെ കൈത്തറിയും കശുവണ്ടിയും ആറളത്തെ പൈനാപ്പിളും മറ്റ് പഴം, പച്ചക്കറികൾക്കും ഒട്ടേറെ കയറ്റുമതി സാധ്യത ഈ വിമാനത്താവളം വഴിയുണ്ടാകും. കയറ്റുമതിക്കുള്ള എല്ലാവിധ സൗകര്യങ്ങളും വിമാനത്താവളത്തിലൊരുക്കിയിട്ടുണ്ട്. ഉത്തര മലബാറിലും കുടക് ഉൾപ്പെടെയുള്ള കർണ്ണാടകത്തിലെ കർഷകർക്കും മികച്ച വരുമാനമുണ്ടാക്കുന്ന സാധ്യത കണ്ണൂർ വിമാനത്താവളം വഴി തുറന്നിരിക്കുമെന്ന് അധികൃതർ പറയുന്നുണ്ട്.
ടൂറിസം കേന്ദ്രങ്ങളായ കണ്ണൂർ, തലശ്ശേരി, ബേക്കൽ, എന്നിവിടങ്ങളേക്കുള്ള സഞ്ചാരികളും വർദ്ധിക്കും. തലശ്ശേരി, കണ്ണൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ് ഇപ്പോഴും പരിഗണനയുടെ പാതയിലാണ്.