തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്. സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
പൊന്‍മുടിയില്‍ ആദ്യം വിശ്രമസങ്കേതങ്ങള്‍ നിര്‍മിച്ചത് തിരുവിതാംകൂര്‍ രാജാക്കന്‍മാരാണ്. അന്ന് രാജകുടുംബത്തില്‍പെട്ടവര്‍ക്കേ ഇവിടെ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രം കൂടിയാണ് ഈ പര്‍വതസങ്കേതം. അതുകൊണ്ടുതന്നെയാണ് സ്വകാര്യ ഉടമസ്ഥതയില്‍ ഹോട്ടലുകളോ റിസോര്‍ട്ടുകളോ
പൊന്മുടിയിലില്ലാത്തതും.പൊന്‍മുടിയില്‍നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം.