ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല, എന്നത്തേയും പോലെ യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാത്ത യാത്ര. എന്റെ യാത്രകൾ പലപ്പോഴും അങ്ങനെയാണ്. അപ്രതീക്ഷിതമായിട്ടാവും ഓരോ സ്ഥലങ്ങളിൽ എത്തിപ്പെടുക. പലപ്പോഴും ജോലിയുടെ ഭാഗമായി പലസ്ഥലങ്ങളിലും പോകേണ്ടിവരാറുണ്ട്. ജോലി നേരത്തെ കഴിഞ്ഞാൽ അവിടെ അടുത്ത് പ്രസിദ്ധമായ ഏതെങ്കിലും സ്ഥലം ഉണ്ടെങ്കിൽ സന്ദർശിക്കും. ചിത്രങ്ങൾ എടുക്കും. സമയം കിട്ടിയാൽ ആ ചിത്രങ്ങളും വിശേഷങ്ങളും ബൂലോകത്തിലൂടെ പങ്കുവെയ്ക്കും.
ഇന്നത്തെ യാത്രയും അങ്ങനെ തന്നെ. ധാരാളം ചലച്ചിത്രങ്ങളിലൂടെ കണ്ട് പരിചയപ്പെട്ട ഒരു സ്ഥലത്തേയ്ക്ക്. എറണാകുളം ജില്ലയിൽ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂരിൽ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ മുളംകുഴി എന്ന കൊച്ചു ഗ്രാമത്തിലേയ്ക്ക്. ഈ സ്ഥലനാമം പല രീതിയിൽ എഴുതിക്കണ്ടു, മുളംങ്കുഴി, മുളങ്കുഴി, മുളംകുഴി അങ്ങനെയെല്ലാം. എന്തായാലും ഉഛാരണത്തിൽ ഒന്നു തന്നെ മുളങ്കുഴി. രണ്ടു നദികളുടെ സംഗമസ്ഥാനമാണ് മുളങ്കുഴി, പെരിയാറും പെരുന്തോടും ഇവിടെ സംഗമിക്കുന്നു. മുളങ്കുഴി പുഴ എന്ന് ഇവിടെ പെരിയാറിനെ ചിലർ പറയുമ്പോൾ തദ്ദേശവാസികൾ ഇവിടെ വിശേഷിപ്പിക്കുന്നത് മഹാഗണിത്തോട് എന്നാണ്. ഇവിടുത്തെ വനത്തിലെ വൃക്ഷങ്ങളിൽ അധികവും മഹാഗണി ആയതുകൊണ്ടാണ് ഈ പേരിൽ ഇവിടം അറിയപ്പെടുന്നത്.
ഇവിടെ എത്തിപ്പെടുക എന്നത് വളരെ എളുപ്പമാണ്. അങ്കമാലിയിൽ നിന്നും കാലടിയിൽ നിന്നും നല്ലരീതിയിൽ തന്നെ സ്വകാര്യബസ് സർവ്വീസ് ലഭ്യമാണ്. സ്വന്തം വാഹനം ഉള്ളവർക്കും എം സി റോഡിൽ കാലടിയിൽ നിന്നും മലയാറ്റൂർ, കാടപ്പാറ, ഇല്ലിത്തോട് വഴി മുളങ്കുഴിയിൽ എത്തിച്ചേരാവുന്നതാണ്. ഒരു വിനോദയാത്രയ്ക്കൊപ്പം ചില തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാം എന്ന ലാഭവും ഈ യാത്രയിൽ ഉണ്ട്. ജഗദ് ഗുരു ആദി ശങ്കരന്റെ ജന്മം കൊണ്ട് പാവനമായ കാലടിയും അവിടത്തെ ശൃഗേരി മഠവും, ശങ്കരസ്തൂപവും എല്ലാം ധാരാളം തീർത്ഥാടകരും വിനോദസഞ്ചാരികളും വന്നെത്തുന്ന സ്ഥലമാണ്.
അവിടെ നിന്നും മലയാറ്റൂരിൽ എത്തുമ്പോൾ യേശുദേവന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ തോമസ്സിന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മലയാറ്റൂരിൽ എത്താം. ഇന്ന് മലയാറ്റൂർ ലോകശ്രദ്ധയാകർഷിച്ച ഒരു തീർത്ഥാടന കേന്ദ്രമാണ്. വിശുദ്ധ തോമസ്സിന്റെ പേരിലുള്ള 690 മീറ്ററോളം ഉയരമുള്ള മലയാറ്റൂർ മലകയറ്റം ഈസ്റ്റർ നാളികളിൽ പാവനമായി കരുതപ്പെടുന്നു.
മലയാറ്റൂരിൽ നിന്നും പതിനഞ്ചു കിലോമീറ്റർ കൂടി യാത്രചെയ്താൻ മുളങ്കുഴിയിൽ എത്താം. പൊതുജനത്തിന് വാഹനത്തിൽ സഞ്ചരിക്കുന്നതിനുള്ള പാത മുളങ്കുഴിയിൽ അവസാനിക്കുന്നു. പിന്നീടങ്ങോട്ടുള്ള പാത പൂർണ്ണമായും വനം വകുപ്പിന്റെ കീഴിലാണ്. മുൻകൂട്ടി പ്രവേശനാനുമതി വാങ്ങിയവർക്കു മാത്രമേ തുടർന്നുള്ള വഴിയിലൂടെ യാത്രചെയ്യാൻ സാധിക്കൂ. ഇവിടെ നിന്നും വനാന്തർഭാഗത്തുള്ള പാതയിലൂടെ ഭൂതത്താൻകെട്ടിലും കോതമംഗലത്തും എത്തിച്ചേരാൻ സാധിക്കും.
മുളങ്കുഴിയിൽ ഉള്ള വനംവകുപ്പിന്റെ കൗണ്ടറിൽ നിന്നും സന്ദർശനപാസ്സ് വാങ്ങിയതിനു ശേഷം വേണം മുളങ്കുഴി പുഴയിലേയ്ക്കും അതിനു സമീപമുള്ള വനത്തിലേയ്ക്കും കടക്കാൻ. ഗൈഡുകളും വനവും പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ജീവനക്കാരും എല്ലാം അവിടെ ഉണ്ട്. ഒരാൾക്ക് നിലവിൽ പത്തു രൂപയാണ് സന്ദർശനത്തിനുള്ള ടിക്കറ്റിന്റെ വില. ഇതിനോട് ചേർന്നു തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.
ടിക്കറ്റെടുത്ത് കാട്ടിലൂടെയുള്ള നടപ്പാതയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആദ്യം നമ്മളെ സ്വാഗതം ചെയ്യുന്നത് ഈ മുന്നറിയിപ്പാണ്. എറണാകുളം ജില്ലയിലെ പല ഭാഗങ്ങൾക്കും ആവശ്യമുള്ള കുടിവെള്ളം പെരിയാറിൽ നിന്നുമാണ് ലഭ്യമാവുന്നത്. ഈ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നത് ഭൂതത്താൻകെട്ട് ഡാമിലൂടെയാണ്. മഴക്കാലത്ത് ഡാമിലെ ജലനിരപ്പ് ഉയരുമ്പോളും വേനൽക്കാലത്ത് ഓരു വെള്ളം കയറുന്നതു വഴി പെരിയാറിലെ ലവണാംശം കൂടുമ്പോഴും ഭൂതത്താൻകെട്ട് തുറന്നു വിടാറുണ്ട്. ഇതുമൂലം പലപ്പോഴും അപ്രതീക്ഷിതമായി പെരിയാറിലെ മറ്റുസ്ഥലങ്ങളിൽ എന്ന പോലെ മുളങ്കുഴിയിലും ജലനിരപ്പ് ഉയരാം. ഇതുമൂലം പല മനുഷ്യജീവനുകളും ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. അതാണ് ഇത്തരം ഒരു മുന്നറിയിപ്പിന് പിന്നിൽ.
പിന്നീട് അങ്ങോട്ട് പ്രകൃതിദത്തമായ വനമാണ്. മഴക്കാലമായതിനാൽ എങ്ങും പച്ചപ്പ് മാത്രം. പലതരം പക്ഷികളുടെ ശബ്ദവും കേൾക്കാം. പക്ഷികളെ നോക്കി നടന്നാൽ വീണതു തന്നെ, കാരണം മഴവെള്ളവും ചെളിയും ഇലകളും എല്ലാം ചേർന്ന് നല്ല വഴുക്കുണ്ട് ചില സ്ഥലങ്ങളിൽ
എന്നാലും അപരിചിതമായ ഒരു ശബ്ദം കേട്ട് മുകളിലേയ്ക്ക് നോക്കി. നേരെ മുകളിലെ മരക്കൊമ്പിൽ ഒരു പക്ഷി. മുൻപ് ചിത്രങ്ങൾ കണ്ടുള്ള പരിചയത്തിൽ അത് വേഴാമ്പൽ ആവണം
മുകളിലെ ചിത്രത്തിൽ ഉണ്ട് ആൾ. സൂക്ഷിച്ചു നോക്കണം എന്നു മാത്രം. കാനൻ പവർ ഷോട്ട് 410-ൽ ഇത്രയുമേ പുള്ളി പതിയൂ.
വീണ്ടും മുന്നോട്ട്. ഇന്ന് ഒരു പ്രത്യേകതയുണ്ട്. മഴക്കാലമായതിനാൽ ഞാൻ മാത്രമേ അവിടെ ഉള്ളു. മഴക്കാലത്ത് പുഴയിൽ ഇറങ്ങുക അപകടമായതിനാൽ ആരും ആ വഴി വരില്ല. പിന്നെ അവിടെ സമീപത്തു തന്നെയുള്ള ഒരു നേതാവ് മരിച്ചതിനാൽ ഗൈഡുകളും, ഗാർഡുകളും എല്ലാം അവിടെ പോയിരിക്കുന്നു. അതുകൊണ്ടു തന്നെ ടിക്കറ്റ് കൗണ്ടറിൽ ഉള്ളവർക്ക് എന്നെ ഒറ്റയ്ക്ക് പറഞ്ഞയക്കാൻ എന്തോ വിഷമം ഉള്ളതുപോലെ തോന്നി. അപ്പോൾ അവർ പറഞ്ഞില്ലെങ്കിലും ഞാൻ തിരിച്ചെത്തിയപ്പോൾ അവർ അതു പറഞ്ഞു.
ചുറ്റും നല്ല ഉയരത്തിൽ വളർന്നു നിൽക്കുന്ന തേക്കും മഹാഗണിയും. അകലെ പുഴ ഒഴുകുന്ന കളകള ശബ്ദം. പിന്നെ ചീവീടിന്റേയും പക്ഷികളുടേയും ശബ്ദം. മഴക്കാറുള്ളതിനാൽ വെളിച്ചവും കുറവ്. അധികം ധൈര്യശാലി അല്ലാത്തതിനാൽ ഇടയ്ക്ക് തിരിച്ചു പോയാലോ എന്ന് ചിന്തിച്ചു. വഴിതെറ്റിയാൽ എന്തു ചെയ്യും. ഇതൊക്കെയായി മനസ്സിൽ കടന്നുകൂടിയ ചിന്തകൾ. പിന്നെ രണ്ടും കല്പിച്ച് മുൻപോട്ട് തന്നെ നടന്നു.
അങ്ങനെ ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തി. ഈ കാണുന്ന അപകട സൂചകത്തിനും അപ്പുറമാണ് മുളങ്കുഴി പുഴയെന്നും മഹാഗണിത്തൊടെന്നും പറയപ്പെടുന്നു പെരിയാർ. ആ മരത്തിനു പിന്നിലൂടെ പുഴയിൽ ഇറങ്ങുന്നതിനുള്ള കല്‍പ്പടവുകൾ ഉണ്ട്. അതിലൂടെ മുന്നോട്ട്.
അവിടെ പരന്നൊഴുകുന്ന പെരിയാർ. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും നല്ല ഒഴുക്കുണ്ട്. ഈ ഒഴുക്കിനടിയിൽ കാണാൻ സാധിക്കാത്ത കുഴികളും കയങ്ങളും. പറക്കെട്ടുകളിലെ കുഴികൾ പണ്ട് അതിരപ്പിള്ളി യാത്രയിൽ അനുഭവിച്ചതാണ്. ഒറ്റക്കായതിനാൽ എന്തായാലും പുഴയിൽ ഇറങ്ങാനൊന്നും തുനിഞ്ഞില്ല, ഇതിന്റെ മറുകരയിൽ കോടനാടും, ഇല്ലിത്തോടും ആണെന്ന് തിരിച്ചുചെന്നപ്പോൾ ടിക്കറ്റ് കൗണ്ടറിൽ നിന്നും മനസ്സിലാക്കി. അല്പസമയം അവിടെ ഇരുന്ന് പുഴയുടെ ഒഴുക്കും ശബ്ദവും എല്ലാം ആസ്വദിച്ച തിരിച്ചു നടന്നു.
ഈ കടവിനോട് ചേർന്ന് സന്ദർശകർക്ക് ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോൾ സന്ദർശകർ വരുന്ന സമയമല്ലാത്തതിനാലും മഴക്കാലമായതിനാലും അവയെല്ലാം നശിച്ചു തുടങ്ങി. അടുത്ത സീസണിൽ ഇവിയെല്ലാം പുനർനിർമ്മിക്കപ്പെടും. മുളങ്കുഴിയിലേയ്ക്ക് വരുന്നവർ ഭക്ഷണവും വെള്ളവുമെല്ലാം കൂടെ കരുതുന്നത് നല്ലതാവും എന്ന് ഞാൻ കരുതുന്നു. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളൊന്നും അവിടെ കണ്ടില്ല. പ്ലാസ്റ്റിക്, ലഹരി പദാർത്ഥങ്ങൾ എന്നിവയ്ക്ക് അവിടെ വിലക്കുണ്ടെങ്കിലും പല മദ്യക്കുപ്പികളുടേയും അടപ്പ് അവിടെ നിലത്തുണ്ടായിരുന്നു. മദ്യപിച്ചെത്തുന്ന സന്ദർശകരും ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നു.
സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന മറ്റൊരു വിശ്രമസ്ഥലം. ഇതും ഇപ്പോൾ നശിച്ചിരിക്കുന്നു.
പൊക്കമേറിയ മരങ്ങൾക്കിടയിലൂടെ വീണ്ടും മടക്കയാത്ര തുടർന്നു.
കുറച്ച് ചെന്നപ്പോൾ അല്പം കൂടി ഇടുങ്ങിയ ഒരു വഴി ഒരു വശത്തേയ്ക്ക് പോകുന്നത് കണ്ടു. അതിലൂടെ അല്പം നടന്നപ്പോൾ മറ്റൊരു കടവിൽ എത്തി. ഇവിടെ കല്‍പ്പടവുകൾ ഇല്ല, ഇതല്പം സാഹീസകർക്കായുള്ള സ്ഥലമാവും എന്ന് തോന്നി. കാരണം പ്രധാന പാതയിൽ നിന്നും അല്പം മാറിയാണ് ഈ സ്ഥലം.
ഇവിടെ നിന്നും നോക്കിയപ്പോൾ പല ചിത്രങ്ങളിലേയും രംഗങ്ങൾ മനസ്സിൽ വന്നു. പ്രധാനമായും വന്നത് നരനിലെ ലാലേട്ടന്റെ സാഹസീകരംഗങ്ങൾ. വേനൽക്കാലത്ത് പുഴയിലെ വെള്ളം കുറയുമ്പോൾ ഇവിടെ ഇടയ്ക്കിടെയായി തുരുത്തുകൾ പോലെ കര കാണാൻ സാധിക്കും. അപ്പോൾ പലരും പുഴ നീന്തി ആ കരയിലേയ്ക്ക് പോകും. ഈ സഹസീകതയാണ് പലപ്പോഴും അപകടങ്ങൾ വരുത്തുന്നത്.
മരങ്ങൾക്കിടയിലൂടെ വീണ്ടും പ്രധാനപാതയിലേയ്ക്ക്. ചെളിയിൽ തെന്നി വീഴാതെ വഴിയിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങവെ ഒരു പക്ഷിയുടെ ശബ്ദം വളരെ അടുത്തുനിന്നും കേട്ടു. പെട്ടന്ന് തലയുയർത്തിയ ഞാൻ ശരിക്കും ഞെട്ടി.
അടുത്തുള്ള ഒരു മരത്തിൽ ചുറ്റിക്കയറ്റിയ വള്ളിയാണ് ഞെട്ടിച്ചത്. ആദ്യം കണ്ടപ്പോൾ ശരിക്കും പാമ്പാണെന്നാണ് ഞാൻ കരുതിയത്. രജവെമ്പാലയെക്കുറിച്ചുള്ള ഒരു ഡൊക്യുമെന്ററി ഡിസ്കവറി ചാനൽ ചിത്രീകരിച്ചത് മുളങ്കുഴി മുതൽ ഭൂതത്താൻകെട്ടു വരെയുള്ള സ്ഥലത്തു വെച്ചാണ് ഇങ്ങോട്ടുള്ള യാത്രയ്ക്കിടയിൽ ബസ്സിൽ വെച്ച് ഒരാൾ പറഞ്ഞിരുന്നു. അത് ഇങ്ങനെ മനസ്സിൽ കിടന്നതാവാം പെട്ടന്ന് പേടിയ്ക്കാൻ കാരണം.
ഒടുവിൽ ടിക്കറ്റ് കൗണ്ടറിൽ തിരിച്ചെത്തി അവിടെ സൂക്ഷിച്ചിരുന്ന എന്റെ ബാഗ് എടുത്തു. ഞാൻ തിരിച്ചെത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിലെ ആളുകളുടെ മുഖത്തും സന്തോഷം. കാരണം തിരക്കിയപ്പോൾ അവർ പറഞ്ഞ മറുപടി എനിക്കും ഞെട്ടലുണ്ടാക്കി. ഈ കാട്ടിൽ ഇടയ്ക്ക് ആനയുടെ ശല്യം ഉണ്ടാവാറുണ്ടത്രെ. പകൽ സമയത്ത് ഇതുവരെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ലെങ്കിലും രാത്രിയിൽ ചിലപ്പോൾ ആനയിറങ്ങാറുണ്ടെന്ന് അവർ പറഞ്ഞു. പിന്നെ ഗൈഡുകളും ഗാർഡുകളും ഇല്ലാത്ത അവസരത്തിൽ ഒരാളെ തനിച്ച അയച്ചതിലുള്ള പരിഭ്രമവും.
മുളങ്കുഴിയുടെ കൂടുതൽ വിശേഷങ്ങൾ അവരോട് ചോദിച്ചുകൊണ്ട് നിൽക്കുമ്പോൾ ഒരു കാർ അവിടെ എത്തി. അതിൽ നിന്നും അഞ്ചു കുട്ടികൾ ഇറങ്ങി. കോളേജ് വിദ്യാർത്ഥികൾ ആവണം. അവരും മുളങ്കുഴികാണാൻ എത്തിയതാണ്. മുളങ്കുഴിയിലെ അപകടസാദ്ധ്യതകളെക്കുറിച്ച് പുതിയ സന്ദർശകരെ ബോധവാന്മാരാക്കുന്ന തിരക്കിലായി അവർ. വേനൽക്കാലത്ത് വീണ്ടും വരാം എന്ന് മനസ്സിൽ ഉറപ്പിച്ച ഞാൻ വീട്ടിലേയ്ക്കുള്ള എന്റെ യാത്ര ആരംഭിച്ചു.