സൂര്യോദയവും, സൂര്യാസ്തമയവും, മഴ പെയ്യുന്നതും, മഞ്ഞ് പഞ്ഞിക്കെട്ട് പോലെ പെയ്തിറങ്ങുന്നതും, ഒരു പോലെ ആസ്വദിക്കണമെങ്കിൽ വയനാട്ടിലെ മീശപ്പുലിമലയായ കുറുമ്പാലക്കോട്ടയിൽ എത്തണം.പുലർകാലത്ത് പച്ച വിരിപ്പിട്ട തെരുവ പുല്ലുകൾക്കിടയിലൂടെ ഹിമകണികകളെ തട്ടിത്തെറിപ്പിച്ച് കൊണ്ട് നടക്കലും, സന്ധ്യാ നേരത്ത് ആകാശത്ത് പൊട്ട് പോലെ അങ്ങിങ്ങായി കിടക്കുന്ന മേഘ കണികകളും വല്ലാത്തൊരു ചാരുതയാണ് വിളിച്ചോതുന്നത്.അന്യമായി ക്കൊണ്ടിരിക്കുന്ന വയനാടിന്റെ പ്രകൃതി രമണീയത ഒട്ടും നഷ്ടമാവാത്ത ഒരിടമാണിത്, കോട്ടക്ക് താഴെ വിദൂരതയിൽ കാണുന്ന വയലേലകളും, കുന്നിൻ ചെരുവുകളും, പുഴയും, ചർച്ചും, കുരിശുമലയുമെല്ലാം പ്രകൃതിയുടെ ഭംഗി വിളിച്ചോതുന്നുണ്ട്. കുറുമ്പാലക്കോട്ടയിലേക്കുള്ള ശിശിരകാലത്തെ യാത്ര ഒട്ടും നഷ്ടമാവില്ല, വീണ്ടും വന്നു കാണാൻ പ്രേരിപ്പിക്കുന്ന ചാരുതയാണ് കുറുമ്പാലക്കോട്ടക്കുള്ളത്.
വഴി
കല്പ്പറ്റയില് നിന്നും മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് ഏകദേശം പതിനേഴ് കിലോമീറ്ററാണ് ദൂരം. പക്രതളം ചുരം കയറിവരുന്നവര്ക്ക് കോറം-കെല്ലൂര് വഴി കുറുമ്പാലക്കോട്ടയിലെത്താം. മലയുടെ മുകളിലേക്ക് പലവഴികളുമുണ്ടെങ്കിലും കുറുമ്പാലക്കോട്ട ക്ഷേത്രത്തിന് സമീപത്തെ വഴിയിലൂടെ മലകയറുന്നതാകും നല്ലത്. ഓഫ് റോഡ് വാഹനങ്ങളില് വരുന്നവര്ക്ക് മറ്റൊരു വഴിയിലൂടെ ഏകദേശം ഹില്ടോപ്പിന് അടുത്തുവരെ എത്താം. നടക്കാന് ബുദ്ധിമുട്ടുള്ളവര് ജീപ്പുകളിലോ മറ്റു ഓഫ് റോഡ് വാഹനങ്ങളിലോ ഈ വഴി വരുന്നതാകും ഉചിതം. ബൈക്കുകളും ഇതുവഴി വരാറുണ്ടെങ്കിലും സൂക്ഷിക്കണം..
ചരിത്രം
വയനാട് ജില്ലയുടെ ഒത്തനടുവിലായി സ്ഥിതിചെയ്യുന്ന മലയാണ് കുറുമ്പാലക്കോട്ട. പേരില് കോട്ടയുണ്ടെങ്കിലും ഇവിടെ കോട്ടയുടെ ശേഷിപ്പുകളൊന്നും കാണാനില്ല. പഴശിയും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടിയവേളയില് പഴശിയുടെ സൈന്യം ഈ മലയില് തമ്പടിച്ച് പടനയിച്ചെന്നാണ് ഐതിഹ്യം. അന്നിവിടെ കോട്ട പണിതെന്നും പറയുന്നു. അതുകൊണ്ടാണത്രേ ഈ പ്രദേശത്തിന് കുറുമ്പാലക്കോട്ടയെന്ന് പേരുവന്നത്. എന്തായാലും നിലവില് വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെ ഹോട്ട് സ്പോട്ടാണ് ഇവിടം. രാവിലത്തെ സൂര്യോദയവും, വൈകിട്ടത്തെ അസ്തമയവുമെല്ലാം ഏറെ മനോഹരം.
മലകയറ്റം
കുറുമ്പാലക്കോട്ട ക്ഷേത്രത്തിന് സമീപം വാഹനം പാര്ക്ക് ചെയ്ത് അല്പം സാഹസികതനിറഞ്ഞ വഴിയിലൂടെയാണ് മലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കുത്തനെയുള്ള കയറ്റവും ചെങ്കുത്തായ നടപ്പാതയും ശരീരത്തെ കിതപ്പിക്കും. അങ്ങനെ ക്ഷീണം തോന്നുകയാണെങ്കില് വഴിയരികില് വിശ്രമിക്കാന് പാറക്കല്ലുകളും മരക്കുറ്റികളുമുണ്ട്…. ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന് മാത്രം. പുലര്ച്ചെയുള്ള യാത്രയാണെങ്കില് ടോര്ച്ചോ മാലകയറ്റത്തിന് താങ്ങായി ഒരു ഊന്നുവടിയോ കൈയില്കരുതുന്നത് നല്ലതാണ്. ഏകദേശം അരമണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവില് മലയുടെ മുകളിലെത്താം. മഴക്കാലമാണെങ്കില് കരുതലോടെ വേണം യാത്രചെയ്യാന്. നടന്നുകയറുന്ന പാതയിലും മഴക്കാലത്ത് അപകടസാധ്യതയേറെയാണ്. പിന്നെ ഒരുകാര്യം, വാഹനം പാര്ക്ക് ചെയ്ത് മലകയറുന്നവര് കയറിയ വഴിയിലൂടെ തന്നെ മലയിറങ്ങുന്നതാകും നല്ലത്. വഴി മാറി ഇറങ്ങുകയാണെങ്കില് വാഹനത്തിനടുത്തേക്ക് കിലോമീറ്ററുകള് നടക്കേണ്ടിവരും. പക്ഷേ, അതും ഒരു ത്രില്ലാണ്.
കാഴ്ച
ഏറ്റവും മുകളിലെത്തിയാല് പിന്നെ ഓരോനിമിഷവും വിലപ്പെട്ടതാണ്. കാരണം എവിടെനോക്കിയാലും അത്രമേല് മനോഹരമായ കാഴ്ച. രാവിലെ പറന്നിറങ്ങുന്ന കോടമഞ്ഞ്. കൈയെത്തും ദൂരത്തെന്നപോലെ മേഘങ്ങള്. അതിനിടെ പതുക്കെ പതുക്കെ വെളിച്ചംവീശി ഉദിച്ചുയരുന്ന സൂര്യന്. ഇതാണ് കുറുമ്പാലക്കോട്ടയിലെ പ്രഭാതകാഴ്ച..
കൂടെ ബ്ലൂത് ടൂത് സ്പീക്കറുകളും ടെന്റുകളും സെൽഫികളും ആയി ഒരു പടതന്നെ നിങ്ങളെ കാത്ത് അവിടെയുണ്ടാകും അതൊരു സന്തോഷം പകരുന്ന കാഴ്ചതന്നെയാണ് ,(റെന്റ് അടിക്കുന്നതിൽ ഇപ്പോൾ ചെറിയ നിയന്ത്രണങ്ങൾ ഉണ്ട് എന്നാലും അവിടെയും ഇവിടെയും ആയി ടെന്റുകൾ കെട്ടിയത് കാണാൻകഴിഞ്ഞു .പ്രകൃതിയെ നശിപ്പിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും മദ്യത്തിന്റെ കുപ്പികൾ കൂട്ടിയിട്ട് പ്രകൃതിയെ വിരൂപയാകുന്ന തീർത്തും മോശമായ പ്രവണത ഇവിടെയും കാണാൻ സാധിക്കും .
സഞ്ചാരികൾ കൂടുതലായെത്താൻ തുടങ്ങിയിട്ട് 2 വർഷം പോലുമായിട്ടില്ല. എന്നാൽ, ഈ ആൾത്തിരക്ക് പ്രയോജനപ്പെടുത്താനോ കുറുമ്പാലക്കോട്ടയെ വയനാടിന്റെ ടൂറിസം ഭൂപടത്തിലുൾപ്പെടുത്താനോ സർക്കാർ സംവിധാനങ്ങളുടെ വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ലെന്നതാണു യാഥാർഥ്യം.
അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ ജില്ലയിലെ ഒന്നാംനിര വിനോദ സഞ്ചാരകേന്ദ്രമായി കുറുമ്പാലക്കോട്ട മാറും. പ്രളയത്തിൽ തകർന്ന ജില്ലയുടെ സാമ്പത്തിക പുരോഗതിക്കും കുറുമ്പാലക്കോട്ടയിലെ ടൂറിസം വരുമാനം സഹായകരമാകും. പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായാണ് കുറുമ്പാലക്കോട്ട മല സ്ഥിതി ചെയ്യുന്നത്. ഏറെ ദൂരം കുത്തനെയുള്ള മലകയറിവേണം മുകളിലെത്താൻ. എന്നാൽ, ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ശുചിമുറി സൗകര്യം ഇല്ല.