Latest News

ഒരിക്കല്‍ പോലും സ്വപ്നങ്ങളില്‍ വന്നു ചേര്‍ന്നിട്ടില്ലാത്ത അത്തറിന്റെ മണം

Malayalilife
 ഒരിക്കല്‍ പോലും സ്വപ്നങ്ങളില്‍ വന്നു ചേര്‍ന്നിട്ടില്ലാത്ത അത്തറിന്റെ മണം

പ്രവാസമെന്നത് നേരിട്ട് അനുഭവിക്കാന്‍ വേണ്ടി വണ്ടി കേറിയതോന്നുമല്ലെങ്കിലും പ്രയാസങ്ങളൊത്തിരി ഹൃദയത്തില്‍ കൂടു കൂട്ടിയപ്പോള്‍ മുന്നില്‍ വന്നു ചേര്‍ന്ന അവസരങ്ങള്‍ക്ക് അനുവാദം മൂളുകയായിരുന്നു. ഒരിക്കല്‍ പോലും സ്വപ്നങ്ങളില്‍ വന്നു ചേര്‍ന്നിട്ടില്ലാത്ത അത്തറിന്റെ മണം നിറഞ്ഞൊഴുകുന്ന മണലാരണ്യം അതായിരുന്നു മുംബയില്‍ നിന്നും ജെറ്റ് എയര്‍വേയ്‌സില്‍ ദോഹയിലേക്ക് വിമാനം കയറുമ്പോള്‍ മനസ്സാകെ. ഒടുവില്‍ കടലുകള്‍ക്ക് മുകളിലൂടെ ആകാശപറവയുടെ ചിറകിലേറി ദൂരങ്ങളും ദേശങ്ങളും താണ്ടി പറന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാനാളില്ലാതെ ഏകാന്തമായി നീണ്ട ഇടനാഴികകളിലൂടെ നെഞ്ചില്‍ പെരുമ്പറ കൊട്ടുന്ന ശബ്ദവും പേറി മുക്കിന് മുക്കിന് നില കൊള്ളുന്ന കാമറ കണ്ണുകള്‍ക്ക് നടുവിലൂടെ എങ്ങു നിന്നോ സ്വരുകൂട്ടിയ ധൈര്യവുമായി പുഞ്ചിരിച്ച മുഖവുമായി നടന്നു ഇമിഗ്രെഷന്‍ ഓഫീസര്‍മാര്‍ക്ക് മുന്നില്‍ ചെന്നു നിന്നു രേഖകള്‍ കാണിച്ചുകൊടുത്തു ഓണ് എറൈവല്‍ വിസയും അടിച്ചു ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്ട്ടില്‍ നിന്നു പുറത്തു കടന്നപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ ചവിട്ടാനായത്.

എന്തിനു വേണ്ടിയാണെന്ന് ചോദിച്ചാല്‍ പുറമെ പറയാന്‍ ഉത്തരങ്ങളില്ലാത്ത കാരണങ്ങളുമായി സ്വയം മനസാക്ഷിയെ ന്യായീകരിച്ചു അവിടെ കുറച്ചു ദിവസം ആ ശാന്തതയില്‍ തനിച്ചിരിക്കാനാവും വിധി എന്നെ ഏല്‍പ്പിച്ചത്. കച്ചവടം എന്തെന്ന് പഠിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ കൂടെ കിട്ടിയ ചില സൗഹൃദങ്ങളുടെ വിരുന്നു മാത്രമായിരുന്നു ഈ യാത്ര. എന്തോ പച്ചപ്പും പൂക്കളും പൂത്തു നില്‍ക്കുന്ന ദൈവത്തിന്റെ നാട്ടിലെ സുഖങ്ങളൊന്നും ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിടങ്ങള്‍കൊണ്ടു തിങ്ങി നില്‍ക്കുന്ന എണ്ണയുടെയും അത്തറിന്റെയും മണമുള്ള ആ നഗരത്തിനു ഉണ്ടായിരുന്നില്ല. വൃതശുദ്ധിയുടെ പുണ്ണ്യ റംസാന്‍ മാസമായതിനാല്‍ തന്നെ വിശപ്പിനു ജാതി മത ഭേദമന്യേ ഒരു നിയമമേ അവിടെ ഉണ്ടായിരുന്നുള്ളു. കയ്യില്‍ അവശേഷിച്ച റിയാലുകള്‍ നഷ്ടപ്പെടുത്താതെ നോമ്പെടുപ്പിക്കാന്‍ നിര്ബന്ധിച്ചിരുന്നുവോ അതോ അങ്ങനെ ഒരു വൃതശുദ്ധിയുടെ ഭാഗമാകുവാന്‍ ആഗ്രഹിച്ചതോ അറിയില്ല, അങ്ങനെയും ചില നിമിത്തങ്ങള്‍. പരിചയമില്ലാത്ത വഴികളില്‍ അലക്ഷ്യമായി നടന്നു നീങ്ങുമ്പോള്‍ എവിടെ നിന്നൊക്കെയോ വന്നു ചേര്‍ന്ന ചിലര്‍ കൂട്ടുകാരായി. പള്ളികളിലും ഇഫ്താര്‍ ഷെല്‍റ്ററുകളിലുമായി നോമ്പ് തുറ ഒരു പാത്രത്തില്‍ നിന്നു ഒന്നിച്ചു കയ്യിട്ടുവാരി പല ദേശത്തു നിന്നു വന്ന മനുഷ്യനെന്ന മഹാ പ്രതിഭാസം വിശപ്പിനു മുന്നില്‍ എല്ലാരും തുല്യരാണെന്നു മനസിലാക്കുവാന്‍ ലഭിച്ച അവസരങ്ങള്‍. പ്രവാസിയുടെ പ്രലോഭനങ്ങളില്ലാത്ത കുടുസു മുറിയില്‍ പത്തും പതിനഞ്ചും പേര്‍ ജീവിതം മെനയുന്ന കാഴ്ച്ച അവര്‍ നാട്ടിലെത്തുമ്പോള്‍ കാണിക്കുന്ന തിളക്കങ്ങളൊ മത്തുപിടിപ്പിക്കുന്ന പേര്‍ഫ്യൂമുകളുടെ ഗന്ധമോ അവിടെ കാണാനായില്ല. പകരം ഒത്തൊരുമയോടെ ജാതി മത വര്‍ണ ഭാഷാ വ്യത്യാസങ്ങളൊന്നുമില്ലാതെ പല രാജ്യത്തു നിന്നു വന്നവര്‍ ഒരു പുതപ്പിന്റെ ഇരു വശങ്ങള്‍കൊണ്ടു ചേര്‍ത്തു പിടിച്ച സൗഹൃദങ്ങള്‍..

നാട്ടിലേക്കുള്ള പ്രവാസിയുടെ കാത്തിരിപ്പിന്റെ കെട്ടുമാറാപ്പുകളുമായുള്ള പെട്ടി കെട്ടല്‍ ഒരു ആഘോഷം തന്നെയാണ് ഇവിടെ. കുറഞ്ഞ ദിവസങ്ങള്‍കൊണ്ടു തന്നെ ഖത്തര്‍ എന്ന ചെറിയ വലിയ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടുവാന്‍ സാധിച്ചതുകൊണ്ടു തന്നെ പലപ്പോഴും ഒരുപാട് സൗഹൃദങ്ങളെ നേരിട്ട് പോയി കാണുവാന്‍ സാധിച്ചിരുന്നു. തിരിഞ്ഞു നോക്കിയാല്‍ കണക്കില്ലാതെ നിറഞ്ഞു കിടക്കുന്ന സമ്പാദ്യം എണ്ണിയാല്‍ തീരാത്ത സൗഹൃദങ്ങള്‍ തന്നെയാണ്. ഏല്‍പ്പിച്ച പണികള്‍ പൂര്‍ത്തീകരിച്ചു തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ഞാനും പെട്ടി കെട്ടി തയ്യാറെടുത്തപ്പോഴാണ് സ്വന്തം മണ്ണിലേക്ക് പറന്നിറങ്ങുവാന്‍ തിടുക്കപ്പെടുന്നവന്റെ വ്യഥകള്‍ എത്രത്തോളം ഉണ്ടെന്നു മനസ്സിലാവുന്നത്. കേവലം ഒരാഴ്ചത്തെ പ്രവാസം പ്രയാസങ്ങളില്ലാതെ കഴിഞ്ഞുവെങ്കിലും സ്വന്തം മണ്ണ് എന്നും അമ്മക്കരികിലേക്ക് ഓടിയടുക്കുന്ന കുഞ്ഞിനുണ്ടാവുന്ന കരുതല്‍ തന്നെയാണ്. എത്രയേറെ ലോകങ്ങള്‍ താണ്ടിയാലും വീട്ടിലേക്കുള്ള യാത്രകളാണ് എന്നും മനസില്‍ അത്രമേല്‍ കൊതിപ്പിച്ചിട്ടുള്ളത്...

പക്ഷെ എന്തോ അനാഥമായി കിടക്കുന്ന വീടിന്റെ താക്കോല്‍ പഴുതില്‍ എത്ര തിരിച്ചാലും തുറക്കാത്ത ചില സത്യങ്ങള്‍ വീണ്ടും ദൂരങ്ങളിലേക്ക് നിര്‍ത്താതെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നു... അവസാനിക്കാത്ത യാത്രകള്‍ അതു തന്നെയാണ് ഈ ജന്മസാഫല്യവും..

ഒത്തൊരുമയുടെ വൃതശുദ്ധിയുടെ നാളുകളിലെ അനുഭവങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തൂ.. കൂടുതല്‍ വിശേഷങ്ങള്‍ അറിയുവാനുള്ള കൗതുകം.

Read more topics: # travel experience-in quater
travel experience-in quater

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES