വിളിച്ചു പറഞ്ഞതനുസരിച്ച് രാജേട്ടൻ കടലുണ്ടി റെയിൽവേ ഗേറ്റിനു സമീപം കാത്തു നിൽപ്പുണ്ടായിരുന്നു. രാജേട്ടനാണ് ഇന്നത്തെയാത്രയുടെ വഴികാട്ടി. അദ്ദേഹവും കുടുംബവും സുഹൃത്തുക്കളും കൂടി നടത്തുന്ന 'കടലുണ്ടി റിവർ ടൂറിസം '- ത്തിലേക്കാണ് യാത്ര...
റയിൽവേഗേറ്റിൽ നിന്നും വലത്തോട്ടുള്ള വീതി കുറഞ്ഞ റോഡിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം സഞ്ചരിച്ച് , വാഹനം പാർക്ക് ചെയ്തു പുറത്തിറങ്ങി .കുറച്ച് ദൂരം മുന്നോട്ട് നടന്നാൽ കോൺക്രീറ്റിൽ പണിത ഒരു നടപ്പാലംകാണാം.... പാലം കടന്ന് ചെല്ലുന്നത് ചെറിയ ഒരു ദ്വീപിലേക്കാണ് ' ചെറുതുരുത്തി '. പതിനാലു വീടുകൾ മാത്രമുള്ള ചെറിയ ദ്വീപ്.ഇവിടെയാണ് രാജേട്ടന്റെ വീടും, ഹോംസ്റ്റേയും .യാത്ര തുടങ്ങുന്നതും മറ്റും ഇവിടെ നിന്നുമാണ്.
കോഴിക്കോടു ജില്ലയുടെ ഭാഗമായ ചെറുതുരുത്തിയിൽ നിന്നും മലപ്പുറം ജില്ലയുടെ ബാലാതുരുത്തി ദ്വീപിനു സമീപത്തുള്ള കണ്ടൽക്കാടുകളിലേക്ക്...... എല്ലാവർക്കും ലൈഫ് ജാക്കറ്റുകളും തൊപ്പിയും രാജേട്ടൻ നൽകി. എല്ലാവരും യാത്രക്കുള്ള തയ്യാറെടുപ്പായി. വീടിനോട് സമീപം കടവിൽ കെട്ടിയിട്ട വഞ്ചിയിലേക്ക് ഓരോരുത്തരായി കയറി.. സമയം പത്തു മണിയായി 'വേലിയേറ്റ സമയമാണ് ഇപ്പോഴാണ് കണ്ടൽ കാടുകൾക്കിടയിലൂടെ പോകാൻ പറ്റുക' രാജേട്ടൻ പറഞ്ഞു. പുഴയുടെ ആഴങ്ങളിലേക്ക് തുഴ ആഴ്ന്നിറങ്ങി, തോണി നീങ്ങി തുടങ്ങി.
മനോഹര കാഴ്ചകൾ തുടങ്ങുകയായി ദൂരെ ഒരു റോഡ് പാലം കാണാം വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നു. അടുത്തത് പൈപ്പ് പാലമാണ് .. അതിനിടയിലൂടെ ശ്രദ്ധയോടെ തോണി നീങ്ങി. ഈ യാത്രയിൽ പല തരത്തിലുള്ള ഒൻപതു പാലങ്ങൾ കാണാം. ആ സമയം അതിലുടെ ഞങ്ങൾക്ക് അഭിമുഖമായി തോണി തുഴഞ്ഞ് ഒരാൾ കടന്നു പോയി. പുഴയോട് ചേർന്ന് വീടുകൾ കണാം.... അവരുടേതാകാം ഈ താറാവുകൾ .തോണിയുടെ വരുന്നത് കണ്ടിട്ട് അവ നീന്തി കരക്ക് കയറി. ഈ പ്രദേശങ്ങളിലുള്ളവർ പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് . മുന്നോട്ടുള്ള യാത്രയിൽ തോണി തുഴഞ്ഞ് പോകുന്ന മൂന്ന് കുട്ടികളെ കണ്ടു ,അവർ മീൻപിടുക്കുകയാണ് അവർ ഞങ്ങളെ കൈവീശി കാണിച്ച് തുഴഞ്ഞ് പോയി. ..
ഞങ്ങളുടെ തോണിപതുക്കെ കണ്ടൽക്കാടുകൾക്കിടയിലേക്ക് കടന്നു .ഒരു തോണിക്കു പോകാൻ മാത്രം വീതിയുള്ള വഴി..... കണ്ടൽക്കാടുകൾ പലതരം ജീവികളുടെ ആവാസ കേന്ദ്രങ്ങളാണ്. തോണിയുടെ അലയൊളികൾ കേട്ടിട്ടാകാം നീർ കാക്കക്കും കൊക്കുകളും പേരറിയാത്ത പല പക്ഷികളും വനത്തിനുള്ളിൽ നിന്നും പറന്നുയർന്നു. പത്തിനത്തിൽപ്പെട്ടകണ്ടലുകൾ വളരുന്നുണ്ടിവിടെ .അവയിൽ മനോഹരം കടും പച്ച നിറത്തിലുള്ള ഇലകളോടും ആൽമരത്തെ അനുസ്മരിപ്പിക്കും വിധം വേരുകളുള്ള ഭ്രാന്തൻ കണ്ടലാണ്.ഇവ നട്ടുപിടിപ്പിക്കുന്ന ഇനമാണ്. വെള്ളപൂക്കളുള്ള ഇനമാണ് പൂക്കണ്ടൽ രാജേട്ടൻ അറിവുകൾ പങ്കുവെച്ചു.പോകുന്ന വഴിയിൽ ഞെണ്ടിനെ പിടിക്കുന്നവരും ചുണ്ടയുന്നവരും കക്കവാരുന്നവരെയും കാണാം അവരോടെല്ലാം കുശലാന്വേഷണം നടത്തി രാജേട്ടൻ ഞങ്ങളെ മൂന്നാട്ട് നയിച്ചു. ഞങ്ങൾ പതിനൊന്ന് പേരെയും അദ്ദേഹം സ്നേഹപൂർവ്വം നിയന്ത്രിക്കുന്നുണ്ടായിരുന്നു.
കണ്ടലുകൾക്കിടയിൽ നിന്ന് തോണി വിശാലമായ ജലാശയത്തിലേക്ക് പ്രവേശിച്ചു.... കുറച്ച് ദൂരെ ഒരു പാലം കാണാം റെയിൽവേ പാലമാണ്.. പണ്ട് കടലുണ്ടി തീവണ്ടി അപകടം നടന്ന സ്ഥലം. വണ്ടി വരുമോ എന്ന് ചോദിച്ചപ്പോൾ രാജേട്ടൻ ഇപ്പോൾ വരും എന്ന് പറഞ്ഞു. പാലത്തിലൂടെ അതിവേഗത്തിൻ കടന്നു പോകുന്ന തീവണ്ടി തോണിയിലിരുന്ന് ക്യാമറയിലാക്കി. വണ്ടി പോയിക്കഴിഞ്ഞ് അവിടെ നിന്നും ഭ്രാന്തൻ കണ്ടലിന്റെ ഉള്ളിലേക്ക് കയറി ... നല്ല തണുപ്പ് , പ്രകൃതിയുടെ എയർ കണ്ടീഷനിൽ അല്പം വിശ്രമം. ചില യാത്രയിൽ ഭക്ഷണം പാർസൽ ആയി കൊണ്ടുവന്ന് കഴിക്കാൻ ഈ സ്ഥലം ഉപയോഗിക്കാറുണ്ട് . മറ്റു സഞ്ചാരികളുടെ തോണി വന്നപ്പോൾ ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു . യാത്ര അവസാനിപ്പിക്കാൻ സമയമായിട്ടുണ്ട് ... വന്ന വഴിയല്ലാതെ ചുറ്റി കറങ്ങി , തിരിച്ച് രാജേട്ടന്റെ വിട്ടിലേക്ക് നീങ്ങി. വേലിയിറക്കം തുടങ്ങിയിട്ടുണ്ട് പുഴക്ക് ഒഴുക്ക് കൂടി.ഒഴുക്കിന്റെ രീതി രാജേട്ടൻ കാണിച്ചു തന്നു. വഞ്ചി കരക്കടുത്തപ്പോൾ ഒന്നര മണി....ഞങ്ങൾക്കുള്ള ഭക്ഷണം റെഡിയായിട്ടുണ്ട്.. കൊഞ്ച്, ഞണ്ട് കരിമീൻ തുടങ്ങിയ പുഴ വിഭവങ്ങൾ അടങ്ങിയ നാടൻ ഭക്ഷണമാണ് യാത്രയിലെ ഹൈലൈറ്റ്. ഭക്ഷണം കഴിഞ്ഞ് അല്പനേരത്തെ വിശ്രമത്തിനു ശേഷം രാജേട്ടനോടും കുടുംബത്തോടും യാത്ര പറഞ്ഞ് മടക്കം.