ഒരു ഗോവൻ അസ്തമയം

Malayalilife
topbanner
ഒരു ഗോവൻ അസ്തമയം


17/10/2018 എന്നത്തേയും പോലെ അവസാനിക്കുന്ന ഒരു ദിവസത്തിന്റെ വൈകിയ വേളയില്‍ ഒരു ടീപ്പോയ് വാങ്ങാന്‍ കണ്ണൂരിലേക്ക് പോകുമ്പോള്‍ ആണ് എങ്ങോട്ടെങ്കിലും വണ്ടി എടുത്തു വിട്ടാലോ എന്ന ചിന്ത കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞത്. വണ്ടിയില്‍ ഞാനും കാംബ്രത്ത് കുട്ടന്‍ എന്നുഞങ്ങള്‍ വിളിക്കുന്ന പ്രണവും ( pranav ) അവന്റെ ഏട്ടനും ഏട്ടത്തിയും. കണ്ണൂരില്‍ നിന്ന് ടീപ്പോയും വാങ്ങി ഇറങ്ങുമ്പോള്‍ ഗോവയില്‍ പോകാം എന്നാല്‍ എന്നു ഒരഭിപ്രായം വന്നു. ഹമ്പി ആയാലോ എന്നു മറ്റൊരു അഭിപ്രായവും വന്നു. അന്നേദിവസം ഹംബിയിലേക്ക് യാത്രതിരിക്കുന്ന ഒരു കൂട്ടുകാരനെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. അങ്ങനെ ഹംബിയും ഗോവയും തമ്മില്‍ ഒരു മനസ്സിലിട്ടു ഇളക്കി നോക്കി , ഗോവയില്‍ പോയാല്‍ ഫ്രീ താമസവും ഫുഡ്ഡും കിട്ടും ഹംബിയിലെ അതില്ല എന്നതിനാല്‍ ഹമ്പി ഗോവക് വഴിമാറികൊടുത്തു. അങ്ങനെ പിറ്റേന്ന് കാലത്ത് 4 മണിക് യാത്ര പുറപ്പെടാം എന്ന തീരുമാത്തില്‍ ഞാന്‍ വീട്ടില്‍ പോയി അമ്മയോട് സമ്മതം വാങ്ങി അമ്മ സമ്മതിച്ചോ എന്ന് ചോദിച്ചാല്‍ സമ്മതിച്ചു എന്നുപറയാം അങ്ങനെ ഒരു സമ്മതം കിട്ടി. 18/10/2018 കോഴിക്കോടുള്ള കൂട്ടുകാരന്‍ സനാഥ് ബ്രോ യുടെ കല്യാണമായിരുന്നു അതിനു പോകാന്‍ ഉള്ള പ്ലാന്‍ മാറി ഗോവയില്‍ എത്തി നിക്കുമ്പോള്‍ കല്യാണത്തിന് കൂടാന്‍ പറ്റാത്ത ഒരു ചെറിയ നിരാശയെന്നില്‍ ഉണ്ടായിരുന്നു.

18/10/2018 കാലത്ത് 4 മണിക് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. അന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആയതില്‍ വാഹങ്ങള്‍ കുറവായിരുന്നു. മംഗലാപുരം എത്തി ചായ കുടിച്ചു. നല്ല ഫുഡ്ഡ് ആയിരുന്നു. അവിടെ നിന്നും NH66 വഴിതന്നെ ഞങ്ങള്‍ നേരെ ഗോവ ലക്ഷ്യംവെച്ചു വണ്ടി എടുത്തു. മര്‍വന്തേ ബീച്ചിന്റെ അവിടെ കരിക്ക് വില്‍ക്കുന്നത് കണ്ടിട്ട് അവിടെ സൈഡ് ആക്കി ഒരിക്കലുമിനി പുറത്തുനിന്ന് കരിക്ക് വാങ്ങി കുടിക്കില്ല എന്നൊരു പ്രതിജ്ഞ അവിടുത്തെ കരിക്കുകുടിച്ചപ്പോള്‍ എടുത്തോ എന്നൊരു സംശയം എന്നിലുളവാക്കി. അടുത്ത ലക്ഷ്യം മുരുടേശ്വരം ആയിരുന്നു എന്തായാലും രാത്രിയോടെ ഗോവ എത്താന്‍ പറ്റും എന്നു ഉറപ്പായിരുന്നു, മുരുടേശ്വരത്തെ ശിവ പ്രതിമ കണ്ടതിന് ശേഷം കാര്‍വാറില്‍ ഉള്ള വാര്‍ മ്യൂസിയം ലക്ഷ്യമാക്കി വണ്ടി എടുത്തു. (2015 മേയ് മാസത്തില്‍ ആണ് ആദ്യമായി ഞാന്‍ ഗോവയിലേക്ക് ബൈ റോഡ് പോകുന്നത് . അന്ന് കൂടെയുണ്ടായിരുന്നവര്‍ ആണ് കാര്‍വാര്‍ വാര്‍ മ്യൂസിയം എനിക് ആദ്യമായി കാണിച്ചുതന്നത്) ഇന്ന് കൂടെയുള്ളവര്‍ക്ക് ഞാന്‍ കാണിച്ചു കൊടുത്തപ്പോള്‍ ഒരു മനസുഗം എനിക് ലഭിച്ചു. എനിക് അറിയുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്കും കൂടെ പകരുമ്പോള്‍ കിട്ടുന്ന ആ ഒരു ഇത് അതുഞാന്‍ അനുഭവിച്ചറിഞ്ഞു. ഗോവയില്‍ എത്തിയ ഞങ്ങള്‍ നേരെ പ്രസാദ് ഏട്ടന്റെ ഹോട്ടലില്‍ പോയി അവിടെനിന്നു ഓരോ ചായയും കുടിച്ചു റൂമില്‍ വന്നു ഫ്രഷ് ആയി രാത്രി നല്ല ചപ്പാത്തിയും ഫ്രൈഡ്രൈസും ചില്ലിയും ഒക്കെ കഴിച്ചു കിടന്നു.

19/10/2018 അവിടെ റൂമിന്റെ അടുത്തുള്ള മന്‍ഗേഷി അമ്പലത്തില്‍ പോയി അത് കഴിഞ്ഞു കാലങ്ങോട്ട് ബീച്ചിലും ഒക്കെപോയി, അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ബീച്ചില്‍നിന്ന് ഉപ്പുവെള്ളത്തില്‍ മുങ്ങിയ ഞങ്ങളുടെ ശരീരം ഒന്ന് നല്ലവെള്ളത്തില്‍ കഴുകിയ ഫീല്‍ കിട്ടി. ശേഷം മാപുസ എന്നു പറയുന്ന സ്ഥലത്തേക്ക് പോയി, ഗോവയിലെ ഒരു മാര്‍ക്കറ്റ് ആണ് മാപ്പുസ സ്വര്‍ണാഭരണശാല മുതല്‍ ഉണക്കമീന്‍ വരെ അവിടെ സുലഭം. അവിടെയൊക്കെ ഒന്ന് ചുറ്റികറങ്ങി ശേഷം അജിത്ത് എന്നു പറയുന്ന ഫാമിലി ഫ്രണ്ട്ന്റെ വീട്ടില്‍ പോയി നല്ല കുത്തരിചോറും പുളുങ്കറിയും കോഴിക്കറിയും കൂട്ടി അന്നത്തെ രാത്രി ഭക്ഷണം കുശാല്‍ ആക്കി, അജിത്ത് ഏട്ടന്‍ അവിടെ ഒരു കാര്‌ബോര്ഡ് കമ്പനിയില്‍ ആണ് പണിയെടുക്കുന്നത്, ഭാര്യ ജ്യോതിയേച്ചിയും മകള്‍ അശ്വതിയും ആണ് ആ വീട്ടില്‍ അംങ്ങേരെകൂടാതെ ഉള്ളത്. ക്യാരറ്റ് കൊണ്ടുള്ള ഒരു പായസം ജ്യോതിയേച്ചി ഉണ്ടാക്കിയിരുന്നു മുന്നേ ക്യാരറ്റ് ഹല്‍വ കഴിച്ചിരുന്നു എങ്കിലും ഇങ്ങനെ ഒരു ഐറ്റം ആദ്യമായാണ് കഴിക്കുന്നത്. ഞങ്ങള്‍ അവിടെനിന്ന് ഇറങ്ങുമ്പോള്‍ സമയം 10 കഴിഞ്ഞിട്ടുണ്ടായിരുന്നു. നേരെ റൂമില്‍ ചെന്ന് കിടന്നുറങ്ങി.

20/10/2018 രാവിലെ മുതല്‍ റെസ്റ്റോറന്റ് ഡ്യൂട്ടി കുട്ടനും എനിക്കും തന്നിട് പ്രസാദ് ഏട്ടനും കൂടെവന്ന 2 പേരും നൈസ് ആയിട്ട് മുങ്ങി. 4 മണിവരെ അവിടെ ഇരുന്നു , ശേഷം കാര്‌ബോര്ഡ് കമ്പനി കാണാന്‍ ഇറങ്ങി, ഒരു പേപ്പര്‍ എങ്ങനെ കാര്‌ബോര്ഡ് ആയി രൂപപ്പെട്ട് വരുന്നു എന്നത് കണ്ടുമനസിലാക്കി. കാര്‌ബോര്ഡ് എന്നത് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ കിട്ടുന്ന പെട്ടി എന്നതായിരുന്നു ഇത്രയും കാലത്തെ ചിന്ത തൂക്കി അണ്ണാച്ചിക്ക് വിറ്റാല്‍ അമ്മക്ക് അടുക്കളയിലേക്ക് സാധങ്ങള്‍ വാങ്ങാം. നാളെ തിരിച്ചു നാട്ടിലേക്ക് പോവണം എന്നുള്ളതിനാല്‍ ഒന്ന് ഓള്‍ഡ് ഗോവയില്‍ സ്ഥിതിചെയുന്ന ചര്‍ച്ചും പരിസരത്തുള്ള കടകളും കയറിയിറങ്ങാന്‍ തീരുമാനിച്ചു. അവിടെ എത്തിയപ്പോള്‍ കേട്ട്യോനും കേട്ട്യോളും കൂടെ ടാറ്റൂ അടിച്ചു ഞാനും കുട്ടനും അതുകണ്ടിരുന്നു. കുറച്ചുകഴിഞ്ഞു പ്രസാദേട്ടനും ഞങ്ങളുടെ കൂടെ എത്തിച്ചേര്‍ന്നു. ഞങ്ങളുടെ ആ സന്ദര്‍ശനം പുള്ളിക്ക് കടയിലെ തിരക്കുപിടിച്ച അന്തരീക്ഷത്തില്‍ നിന്നും ഒന്നു റിലാക്‌സ് ചെയ്യാന്‍ വഴിയൊരുക്കി.. അധികം വൈകാതെ അടുത്ത സ്ഥലത്തേക്കു എത്തിച്ചേരാനുള്ള തിടുക്കം എലാവരിലും പ്രകടമായി. ഗോവയുടെ തലസ്ഥാനമായ പനജി ആയിരുന്നു ഞങ്ങളിടെ അടുത്ത ലക്ഷ്യം.. അവിടേക്കുള്ള യാത്രയുടെ ഇടവേളയില്‍ ഞങ്ങള്‍ ആലപ്പുഴയില്‍ ഒക്കെ കാണാറുള്ള ജങ്കാറിനെയും മറ്റും അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കടത്ത് സംവിധാനം കണ്ടു. വാഹനങ്ങളും യാത്രക്കാരും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഒരു ബോട്ടിലൂടെ ഇരുകരയിലേക്കും വന്നും പോയും കൊണ്ടേയിരിക്കുന്നു.. ആ പുഴയ്ക്ക് അക്കരെ വല്ല കാഴ്ച സ്‌പോട്ടുകളും ഉണ്ടാകുമോ എന്ന ആകാംക്ഷ ഞങ്ങളെയും ആ ജംഗാറിലേക് ആകര്‍ഷിച്ചു.. അന്വേഷിച്ചപ്പോള്‍ ആള്‍ക്കാര്‍ക്ക് സൗജന്യമായി മറുകര പോകാം. വാഹനം കൊണ്ട് പോകുമ്പോള്‍ ടിക്കറ്റ് എടുക്കേണ്ടി വരും. അങ്ങനെ അതില്‍ കയറി ഞങ്ങള്‍ അക്കരെയെത്തി. അവിടെ അന്വേഷിച്ചപ്പോള്‍ കാഴ്ച സ്‌പോട്ടുകള്‍ കാര്യമായിട്ട് ഒന്നും ഇല്ലെന്നും അവിടെ കൂടുതല്‍ കളയാന്‍ സമയം നമുക്ക് ഇല്ലെന്നും മനസ്സിലാക്കി. ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെക്കുള്ള യാത്ര തുടര്‍ന്നു.. ചെറിയ ചില ട്രാഫിക് ബ്ലോക്കുകള്‍ ഒഴിച്ചാല്‍ കാര്യമായ തടസ്സം ഒന്നും വഴിയില്‍ ഉണ്ടാകാതെ ഞങ്ങള്‍ പനജിയില്‍ എത്തിച്ചേര്‍ന്നു.. ഞങ്ങളിടെ അടുത്ത ലക്ഷ്യം ഒരു കാസിനോ സന്ദര്‍ശനം ആയിരുന്നു. നിരവധി ഗൈഡുകള്‍ ഞങ്ങളെ കാന്‍വാസ് ചെയ്യാന്‍ ആയി ശ്രമിച്ചുകൊണ്ടേയിരുന്നു.. അതില്‍ ഒരാളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സംഗതി ഇത്തിരി പണ ചിലവുള്ള കാര്യം ആണെന്നു മനസ്സിലായി.. എങ്കിലും ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ടിക്കറ്റ് എടുത്ത് ഞങ്ങള്‍ കസിനോവിലേക്കുള്ള ബോട്ടിന്റെ അടുത്തു എത്തുമ്പോഴേക്കും വന്‍ പുരുഷാരം അവിടെ നിറഞ്ഞിരുന്നു.. പിറ്റേ ദിവസം ഞായറാഴ്ച അവധി ആയതിനാല്‍ തിരക്ക് ഇരട്ടിക്കാന്‍ കാരണമായി.. അവിടെ അന്വേഷിച്ചപ്പോള്‍ നമ്മള്‍ പോകേണ്ടിയിരുന്ന ബോട്ട് 10 മണിക്കെ പുറപ്പെടൂ എന്നറിഞ്ഞു.. 10 മണിയാകാന്‍ ഇനിയും 1.30 മണിക്കൂര്‍ ബാക്കിയുണ്ട് എന്ന കാര്യം ഞങ്ങളില്‍ മടുപ്പ് ഉളവാക്കി.. പിറ്റേ ദിവസം അതിരാവിലെ നാട്ടിലേക്കു തിരിക്കേണ്ടതിനാലും ഉറക്കകുറവ് തിരിച്ചുള്ള ഡ്രൈവിംഗിനെ പ്രതികൂലമാക്കും എന്ന തിരിച്ചറിവ് കൊണ്ടും കുറച്ചു നേരത്തെ ആലോചനയ്ക് ശേഷം ആ ഉദ്യമത്തില്‍ നിന്നു പിന്തിരിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു..വായിച്ചും കേട്ടും മാത്രം പരിചിതമായ കേസിനോ കാണാന്‍ പറ്റാത്തത്തില്‍ ഉള്ള നീരസം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു.. അങ്ങനെ ടിക്കറ്റ് റീഫണ്ട് ചെയ്ത് ഞങ്ങള്‍ അവിടെ അടുത്തുള്ള മിരാമര്‍ ബീച്ചില്‍ കുറച്ചു സമയം ചിലവഴിച്ചു. തിരിച്ചു റൂമിലേക് പോകാനുള്ള ഒരുക്കത്തില്‍ ആയി.. ഭക്ഷണം പ്രസാദെട്ടന്റെ കടയില്‍ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു.. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈല്‍ ജീര റൈസും, ചപ്പാത്തിയും ദാല്‍ ഫ്രൈയും, ചിക്കന്‍ ഡ്രൈ ഫ്രൈയും ഒക്കെ ആയി ആ അത്താഴം ഞങ്ങള്‍ ഒരുമിച്ചിരുന്നു കഴിച്ചു തുടങ്ങി.. പ്രസാദേട്ടന്റെ അടുത്ത സുഹൃത്ത് ശശിയെട്ടനും ഞങ്ങളുടെ കൂടെ അത്താഴത്തിനു ഉണ്ടായിരുന്നു.. പുള്ളി അവിടെ ബെര്‍ജര്‍ പെയിന്റ്‌സ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു.. അടുത്ത തവണ വരുമ്പോള്‍ അദ്ദേഹത്തിന്റെ കമ്പനി സന്ദര്‍ശിക്കാനുള്ള അനുവാദവും അത്താഴത്തിനിടയില്‍ ഞങ്ങള്‍ ഒപ്പിച്ചെടുത്തു.. അങ്ങനെ അത്താഴ ശേഷം റൂമിലെത്തി ഫ്രഷ് ആയി എല്ലാരും ഉറങ്ങാന്‍ കിടന്നു.. നല്ല ക്ഷീണം ഉള്ളതിനാല്‍ ഞാന്‍ വേഗം ഉറങ്ങി.. കുട്ടനും, കുഞ്ചുവേട്ടനും പ്രസാദെട്ടനും വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു അന്താക്ഷരി ഒക്കെ കളിച്ചു കുറെ വൈകി ആണ് ഉറങ്ങിയത്.. അവര്‍ മൂന്നു സഹോദരന്മാരും ഒരുമിച്ചുണ്ടാകുന്ന സന്ദര്‍ഭം വിരളമാണ്. അവര്‍ക്കിടയിലെ പറഞ്ഞു തീരാത്ത വിശേഷങ്ങളും തമാശയും പങ്കുവെക്കാന്‍ വീണു കിട്ടിയ ഈ അവസരം അവര്‍ നന്നായി വിനിയോഗിച്ചു...

21/10/18
രാവിലെ 6 മണിക്ക് തന്നെ മടക്കയാത്രയ്ക്കു വേണ്ടി എല്ലാവരും തയ്യാറായി ഏട്ടത്തി ഇട്ടു തന്ന കട്ടന്‍ ചായയും കുടിച്ച് ഈ രണ്ടു ദിവസത്തെ വിശേഷങ്ങള്‍ അല്പം നര്‍മ്മം ഒക്കെ ചേര്‍ത്ത് പങ്കു വെച്ചു, പ്രസാദെട്ടനോടു യാത്രയും പറഞ്ഞു ഞങ്ങള്‍ ഗോവയോട് വിട പറയാന്‍ തുടങ്ങി.. ഈ രണ്ടു ദിവസങ്ങളിലെ കൂടിച്ചേരലിന്റെ അനുഭൂതി പ്രസാദെട്ടനു നല്‍കിയ സന്തോഷം ചെറുതല്ല.. ഞങ്ങള്‍ മടങ്ങുമ്പോള്‍ ചെറിയ ഒരു വിഷമം പുള്ളിയുടെ മുഖത്തുണ്ടായിരുന്നു.. തിരക്കുള്ള ജീവിതത്തിനിടയില്‍ എല്ലാം മറന്നു ആസ്വദിക്കാന്‍ ഇങ്ങനെ 2 ദിവസം പോലും ലഭിക്കാത്ത എത്രയോ ആള്‍ക്കാര്‍ നമുക്കിടയില്‍ ഉണ്ടെന്ന് ഓര്‍ക്കുമ്പോള്‍ യാത്രകളെ ഇഷ്ടപ്പെട്ട് അതിനുവേണ്ടി സമയം കണ്ടെത്തുന്ന നമ്മളൊക്കെ ജീവിതത്തിനു പുതിയ അര്‍ത്ഥങ്ങള്‍ തേടുന്ന ഒരു പ്രതീതി മനസ്സില്‍ ഉളവാക്കുന്നു... അങ്ങനെ മൂടല്‍ മഞ്ഞിന്റെ നനുത്ത തലോടലും ആസ്വദിച്ച് ഗോവന്‍ യാത്രയുടെ അനുഭവങ്ങളും പങ്കുവെച്ചു വണ്ടി പതുക്കെ നീങ്ങി.. അതിനിടയില്‍ പല സ്‌പോട്ടുകളില്‍ വച്ചും എന്നിലെ ഫോട്ടോഗ്രാഫര്‍ ചെറുതായി ഉണര്‍ന്നു.. അവിടെയും പ്രശാ ന്തേട്ടനും എടത്തിയമ്മയും ആയിരുന്നു എന്റെ കണ്ണിലെ ഫോട്ടോജനിക് ഇരകള്‍.. പൊസിഷനും അംഗിളും ഒക്കെ പറഞ്ഞു പ്രണവും കൂടെ കൂടി... യാത്രയ്ക്കിടയില്‍ കൊട്ടിഗാവോ വന്യജീവി സങ്കേതത്തിന്റെ ചെറിയ ഒരു ഭാഗവും കണ്ട് ആസ്വദിക്കാന്‍ കഴിഞ്ഞു.. വനത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഈ അടുത്ത് ഞങ്ങള്‍ പോയ ചിന്നാറും, മൂന്നാറും ഒക്കെ സംഭാഷണത്തിന്റെ തള്ളിമറിച്ചിടലുകള്‍ക്കിടയില്‍ കയറി വന്നു.. ഒരു പിടിക്ക് തള്ളാന്‍ പ്രണവും കൂട്ടു നിന്നു.. എന്റെ വിവരണത്തിന് തള്ളിന്റെ ഭാവം വരുമെന്നായപ്പോള്‍ പ്രശാന്തേട്ടന്‍ വിഷയം മാറ്റി വണ്ടിയുടെ വേഗത അല്‍പ്പം കൂട്ടി.. അങ്ങനെ ഗോവന്‍ ബോര്‍ഡര്‍ എത്താരായപ്പോള്‍ ഞങ്ങള്‍ വരുമ്പോള്‍ ചായ കുടിച്ച അതേ തട്ടുകടയില്‍ നിന്നും ഓരോ വടാ പാവും ചായയും കഴിച്ചു ഞങ്ങള്‍ തത്കാലം വിശപ്പകറ്റി.. മടക്ക യാത്രയിലും തന്റെ കടയില്‍ തന്നെ കയറിയ ഞങ്ങളോട് കടക്കാരന്‍ പ്രത്യേക മമത കാണിച്ചു.. മാത്രമല്ല ഇനി ഇതുവഴി പോകുമ്പോഴൊക്കെ ഇവിടെ കയറി ഒരു ചായ എങ്കിലും കുടിക്കും എന്നു ഉറപ്പു നല്‍കി ഞങ്ങള്‍ അവിടുന്നു യാത്ര തിരിച്ചു.. നമ്മുടെ ഒരു നിമിഷത്തെ തോന്നലും പ്രവര്‍ത്തിയും ചിലപ്പോള്‍ ഒരുപാട് പേര്‍ക് സന്തോഷം നല്‍കുന്ന ഒന്നായി മാറാം അത്തരത്തില്‍ ഒന്നായിരുന്നു ആ കടക്കാരനിലും കണ്ടത്.. അങ്ങനെ ബോര്ഡറിലെത്തിയ ഞങ്ങളുടെ പോലീസ് ഏമാന്‍മാര്‍ ചെക്കിങിന് പിടിച്ചിട്ടു.. വല്ല മദ്യക്കുപ്പിയും തപ്പിയെടുക്കലാണ് ലക്ഷ്യം.. പക്ഷേ ഒന്നും കിട്ടാത്ത വിഷമത്തില്‍ അവര്‍ക്ക് ഞങ്ങളെ പറഞ്ഞുവിടേണ്ടി വന്നു.. യാത്ര പറച്ചിലിനിടയില്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ചും ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും കുശലാന്വേഷണം നടത്താനും അവര്‍ മറന്നില്ല... അങ്ങനെ ഞങ്ങള്‍ കര്‍ണാടക പ്രവേശിച്ചു റോഡുകളില്‍ അവിടവിടെ ആയി അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്.. ഞങ്ങള്‍ യാത്ര തുടരുന്നു.. പെട്ടെന്ന് കുഞ്ചുവേട്ടന് ചെറുതായി ഒരു മസില്‍ പെയിന്‍.. പുള്ളി വണ്ടി ഇടതുവശം ചേര്‍ത്തു നിര്‍ത്തി.. കുഴപ്പമില്ല അതു പോയി എന്ന് പറഞ്ഞു വണ്ടി എടുക്കാന്‍ നോക്കുമ്പോള്‍. ഏടത്തിയുടെ കണ്ണു അടുത്തുള്ള പറമ്പിലേക്ക് നീണ്ടു അവിടെ എന്തോ വിളവെടുപ്പാണ് എന്ന് പറഞ്ഞു ഏടത്തി ഒച്ച വച്ചു.. നമുക്കത് വാങ്ങിക്കാം എന്നും.. കൗതുകം തീരും മുന്നേ എല്ലാരും വണ്ടിയില്‍ നിന്നിറങ്ങി അവിടേക്കു വലിച്ചു നടന്നു.. ദൂരെക്കാഴ്ചയില്‍ കുമ്പളം ആണോ അതോ മറ്റു വല്ലതും ആണോ എന്ന തര്‍ക്കം ഞങ്ങള്‍ക്കിടയില്‍ തങ്ങി നിന്നു അവസാനം അടുത്തെത്തി നോക്കിയപ്പോള്‍ അതു ബത്തക്ക(തണ്ണിമത്തന്‍) ആയിരുന്നു.. ഇടനിലക്കാരുടെ കൈകളില്‍ എത്തുന്നതിന് മുന്‍പുള്ളതായതിനാല്‍ വിലയിലും ഗുണത്തിലും അല്പം മെച്ചം ഞങ്ങള്‍ പ്രതീക്ഷിച്ചു.. കുറച്ചു കഴിഞ്ഞു പ്രാകൃതമായ ഗ്രാമീണ വേഷം ധരിച്ച രണ്ടു സ്ത്രീകള്‍ രണ്ടു കൈകളിലും ബത്തക്ക എടുത്തു ഞങ്ങള്‍ക് കൊണ്ടു വന്നു തന്നു.. അതില്‍ നിന്നും മൂന്നെണ്ണം എടുത്തുവില ചോദിച്ചപ്പോള്‍ അവര്‍ക്ക് വല്ല്യ പിടിയില്ല.. എങ്കിലും ഞങ്ങള്‍ ഒരു തുക അങ്ങു കൊടുത്തു.. അത് എണ്ണി പോലും നോക്കാതെ അവര്‍ സാരിത്തുമ്പില്‍ ഇറുക്കി വച്ചു.. ഒരുപക്ഷേ അവര്‍ക്ക് കിട്ടുന്ന ഓഹരിയില്‍ ഒരു പങ്ക് ആയിരിക്കും അത്.. തിരിച്ചു പോകുന്നതിനിടയില്‍ ഏടത്തിയുടെ സെല്ഫികളില്‍ അവരും സ്ഥാനം ഉറപ്പിച്ചു.. അപ്രതീക്ഷിതമായി കിട്ടിയ ആ സന്ദര്‍ഭം ഞങ്ങളുടെ മടക്കയാത്രയെ ഒന്നുകൂടെ അസുലഭമാക്കി... അങ്ങനെ ഉച്ചവെയിലിന്റെ ചൂടേറ്റ് യാത്ര തുടര്‍ന്ന ഞങ്ങള്‍ക് ചെറുതായി വിശപ്പു തുടങ്ങി.. അധികം വൈകാതെ ഒരു ഹോട്ടലില്‍ വണ്ടി നിന്നു. കര്‍ണാടക സ്‌റ്റൈലില്‍ ഉള്ള നല്ല ഒരു ഉച്ചഭക്ഷണം ഞങ്ങള്‍ക്ക് അവിടെ കിട്ടി.. ഭക്ഷണം കഴിഞ്ഞു ഒന്ന് റിലാക്‌സ് ചെയ്തു യാത്ര തുടര്‍ന്ന ഞങ്ങളെ അലട്ടിയ ചിന്ത ഇതായിരുന്നു പോകുന്ന വഴിയില്‍ വല്ല ടൂറിസ്റ്റ് സ്‌പോട്ടും ഉണ്ടോ എന്നുള്ളത്. കാരണം മടക്കയാത്ര യിലെ ആ പകലിനെ ഞങ്ങള്‍ മാക്‌സിമം ഉപയോഗിക്കണം എന്നു തീരുമാനിച്ചിരുന്നു.. അങ്ങനെയിരിക്കുമ്പോഴാണ് ഉടുപ്പിയ്ക്കടുത്തുള്ള മാല്‍പെ ബീച്ച് എന്റെ ചിന്തകളില്‍ വന്നത്.. അതിനെക്കുറിച്ചുള്ള അനുഭവങ്ങളും കെട്ടറിവുകളും സെന്റ്‌മേരീസ് ദ്വീപിലെ കാഴ്ചകളും ഒക്കെ പങ്കുവച്ചതും എല്ലാര്‍ക്കും ഒരേ ആകാംക്ഷ.. ബാക്കി മൂന്നുപേരും മുന്‍പ് അവിടെ പോയിരുന്നില്ല.. അങ്ങനെ മാല്‍പെ ബീച്ചിലേക്കുള്ള വഴികള്‍ ഗൂഗിള്‍ മാപ്പിന് വിട്ടു കൊടുത്തു വണ്ടി നീങ്ങി.. ഇടുങ്ങിയതും, വീതി കുറഞ്ഞതുമായ റോഡിലൂടെ നീങ്ങി ഞങ്ങള്‍ മാല്‍പെയില്‍ എത്തി. ഞായറാഴ്ച ആയിരുന്നതിനാല്‍ നല്ല തിരക്കുണ്ടായിരുന്നു.. പാരാഗ്ലൈഡിങ്ങും.. ഒട്ടകപ്പുറത്തും,കുത്തിറപ്പുറത്തും ഉള്ള സവാരിയും.. പലതരം സാഹസിക വിനോദങ്ങളും സന്ദര്‍ശകരെ കൂടുതല്‍ അങ്ങോട്ടേക് ആകര്‍ഷിക്കുന്നു.. മാത്രമല്ല ബീച്ചില്‍ നിന്നും ഏറെ അകലെയല്ലാത്ത സെന്റ്‌മേരീസ് ദ്വീപും. കാഴ്ചയുടെ പുതിയ ഒരു ലോകം തന്നെ നമുക്ക് മുന്‍പില്‍ ഒരുക്കി.. മനോഹരങ്ങളായ ധാരാളം പാറക്കെട്ടുകളും ഫോട്ടോസ്പോട്ടുകളും ആണ് ആ ദ്വീപിലെ ആകര്‍ഷണം... അങ്ങനെ ഒരു മടക്കയാത്രയുടെ നല്ല ഒരു ഭാഗം അവിടെ ചിലവഴിച്ചു. അപ്പോഴേക്കും സമയം 5 മണിയോടടുത്തിരുന്നു.. അതു കഴിഞ്ഞു വീണ്ടും ഞങ്ങള്‍ യാത്രതുടര്‍ന്നു.. യാത്രാമധ്യേ കുഞ്ചു വേട്ടന്റെ കാസര്‍ഗോഡ് ഉള്ള സുഹൃത്തിന്റെ വീട്ടില്‍ ചെറിയ ഒരു സന്ദര്‍ശനം നടത്തേണ്ടതിനാല്‍ പിന്നീടുള്ള വഴികളില്‍ ഞങ്ങള്‍ അധികം സമയം ചിലവഴിച്ചില്ല.. ചെറിയ ഒരു സന്ദര്‍ശനം ഉദ്ദേശിച്ചു പോയ ഞങ്ങളെ പലഹാരങ്ങളുടെ ഇടയില്‍ ഇട്ട് വീര്‍പ്പുമുട്ടിച്ചു കളഞ്ഞു അവര്‍.. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആവശ്യത്തില്‍ അധികം എല്ലാവരും കഴിച്ചു.. ഒടുവില്‍ അവിടെ നിന്നും ഏറെ സന്തോഷത്തോടെ യാത്രയും പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.. യാത്രയുടെയും വയറുനിറയെ ഭക്ഷണം കഴിച്ചതിന്റെയും ഫലമായി ഉറക്കവും ക്ഷീണവും എലാവരിലും പ്രകടമായിരുന്നു.. പിന്നെ എത്രയും പെട്ടെന്ന് വീട്ടില്‍ എത്തിച്ചേരാനുള്ള തിടുക്കം ആയിരുന്നു... പിന്നീടുള്ള വഴികളില്‍ സംഭാഷണങ്ങള്‍ കുറഞ്ഞു.. കുഞ്ചുവേട്ടനും എടത്തിയും വണ്ടിയുടെ പുറകില്‍ ഇരുന്ന് പതിയെ ഉറങ്ങിക്കൊണ്ടിരിക്കുന്നു.. പ്രണവ് അര്ജന്റ് ചില ഫോണ്‍ കോളുകള്‍ ചെയ്യുന്നു.. ഉറക്കം കലശലാകുന്നതിനു മുന്‍പേ നാട്ടില്‍ എത്തുകയായിരുന്നു എന്റെ ലക്ഷ്യം.. അങ്ങനെ കൃത്യം 10.30നു ഞങ്ങള്‍ തിരിച്ചു വീട്ടില്‍ എത്തി... അവിടെ നിന്നും എല്ലാരോടും യാത്ര പറഞ്ഞു കൂട്ടത്തില്‍ നല്ല ഒരു ബത്തക്കയും എടുത്തു ഞാന്‍ വീട്ടിലേക്ക് നടന്നു.. അമ്മ ഉറങ്ങിയിട്ടില്ലായിരുന്നു.. ചെന്ന പാടെ ആ ബത്തക്ക മുറിച്ചു ഞങ്ങള്‍ ആകത്താക്കിതുടങ്ങി.. അതിനിടയില്‍ ഗോവന്‍ യാത്രയുടെ വിശേഷങ്ങളില്‍ ചിലത് അമ്മയോട് പറഞ്ഞു.. എല്ലാം പറയാന്‍ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഏട്ടന്‍ വാങ്ങി വച്ച വലിയ ക്ലോക്കിലെ ചെറിയ സൂചി 12നോട് അടുത്തിരുന്നു.. അതിനാല്‍ വിശേഷം പറച്ചില്‍ ഒക്കെ നാളെയാകാം എന്ന് പറഞ്ഞ് അമ്മയോട് ഗുഡ്‌നൈറ്റും പറഞ്ഞു ഞാന്‍ ഉറങ്ങാന്‍ കിടന്നു... കിടന്നപ്പോഴും ഞാന്‍ ചിന്തിക്കുകയായിരുന്നു.. അപ്രതീക്ഷിതമായി തീരുമാനിച്ച ഈ ഗോവന്‍ യാത്ര എത്രമാത്രം സന്തോഷമാണ് ഞങ്ങള്‍ക്ക് നല്‍കിയത്.. ജീവിതത്തില്‍ പണവും പദവിയും എന്തൊക്കെ നേടിയാലും.. കൂടിച്ചേരലുകളും,യാത്രകളും, പങ്കുവെക്കലുകളും നല്‍കുന്ന ഉത്സാഹം,അതൊക്കെ തന്നെയല്ലേ മനുഷ്യബന്ധങ്ങളെ ഒരുമിപ്പിക്കുന്ന അദൃശ്യമായ കണ്ണി.....യാത്രകള്‍ അവസാനിക്കുന്നില്ല.. നാളെയുടെ യാത്രകള്‍ക്ക് ഈ ഉറക്കത്തിന്റെ താമസം മാത്രം.

Read more topics: # travel experiance-gova
travel experiance-gova

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES