മീനമാസത്തിലെ സൂര്യന് കനിവൊട്ടുമുണ്ടായിരുന്നില്ല. ചെന്നൈയിലെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെട്ട് സ്റ്റേറ്റ് ഹൈവേയിൽ കയറുമ്പോൾ രാവിലെ ഒമ്പത് മണിയെ ആയിട്ടുണ്ടായിരുന്നുള്ളു. എ.സി കാറിനകത്തായിരുന്നിട്ടുകൂടി വിയർത്തൊലിച്ചു.
ദാഹിക്കുന്നെങ്കിൽ വണ്ടി നിർത്താം സാർ. റോഡ് സൈഡില് നല്ലാ മോരു കെടക്കും.' മലയാളിയാണെന്നറിഞ്ഞതുകൊണ്ടാകാം ഡ്രൈവർ മലയാളം കലർന്ന തമിഴിലായിരുന്നു പേശ്. വഴിയരുകിലൊരു പേരാൽ മരത്തിനു കീഴിൽ ഒരു മേശയിട്ട്, മൺകലത്തിൽ സംഭാരം വിൽക്കുന്ന ഒരു വൃദ്ധ.
'ഗ്ലാസ്സ് പത്തു രൂപാ സാർ....' വിറയാർന്ന ശബ്ദത്തിലാണവർ അതുപറഞ്ഞത്.
'റൊമ്പ ജാസ്തി കേക്കറേൻ....' അറിയാവുന്ന തമിഴിലൊന്നു കാച്ചിനോക്കി.
ഇപ്പൊ താൻ നമുക്ക് ഏതാവത് കെടക്കും സാർ.....'ആ ചുളിഞ്ഞ മുഖത്തെ ദയനീയമായി നോക്കുന്ന കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഏറെയൊന്നും പറയുവാൻ സാധിച്ചില്ല. രണ്ടു ഗ്ലാസ്സ് സംഭാരവും കുടിച്ച യാത്ര തുടർന്നു.
ഹൈവെയിൽ നിന്നും ഇടത്തോട്ട് വീതികുറഞ്ഞ പാതയിലേക്ക് കാർ തിരിഞ്ഞു.
'ഇനി നാലു കിലോമീറ്റർ ഇരുക്ക് സാർ..' ഡ്രൈവറുടെ വാക്കുകൾ.
ടാറിട്ട റോഡിന് ഇരുവശവും നെൽപ്പാടങ്ങളാണ്. ഇടയ്‌ക്കൊക്കെ ചില വീടുകളും കാണാം. മുൻപിലെ ഗ്ലാസ്സിലൂടെ നോക്കിയാൽ അങ്ങകലെ തല ഉയർത്തി നിൽക്കുന്ന വെളുത്ത നിറമുള്ള ഗോപുരങ്ങൾ. കാഞ്ചീപുരത്തേക്കുള്ള വഴികാട്ടികളാണവ. ആ ഗോപുരങ്ങളുടെ ദിശപിടിച്ചു പോയാൽ ആരോടും ചോദിക്കാതെത്തന്നെ കാഞ്ചീപുരത്തെത്താം.
പല്ലവ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു കാഞ്ചീപുരം. രാജശില്പികളും കവികളും നർത്തകിമാരും ഒക്കെ ആദരവുകളേറ്റുവാങ്ങി ജീവിച്ചിരുന്ന നഗരം. കുതിരക്കുളമ്പടികൾക്ക് കാതോർത്തിരുന്ന നഗരം. പിന്നീട് ചോളന്മാർ ആധിപത്യം സ്ഥാപിച്ചപ്പോഴും വിജയനഗര ചക്രവർത്തിമാർ കീഴടക്കിയപ്പോഴും കാഞ്ചീപുരത്തിന്റെ മഹത്വം ഒട്ടും കുറഞ്ഞില്ല, സമ്പത്തും. പക്ഷെ, ഇന്ന്, മൂന്നു നാല് ക്ഷേത്രങ്ങൾക്കും കാഞ്ചീപുരം പട്ടുചേലകൾ നെയ്യുന്ന അയ്യായിരത്തോളം തറികൾക്കും ചുറ്റിലായി കറങ്ങിത്തീർക്കുകയാണ് ഈ മുൻ രാജനഗരിയിലെ ജീവിതം. പ്രമുഖ ശ്രീദേവീ ഉപാസകനായിരുന്ന ദുർവ്വാസാവ് മഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന കാഞ്ചീ കാമാക്ഷി ക്ഷേത്രത്തിനു മുന്നിലാണ് കാർ ആദ്യം നിർത്തിയത്.
കോപത്തിന്റെ പ്രതിരൂപമായ ദുർവ്വാസാവിനാൽ പ്രതിഷ്ഠിക്കപ്പെട്ടതിനാലായിരിക്കും, ദേവിയും ഉഗ്രമൂർത്തിയായിരുന്നത്രെ പണ്ട്. പിന്നീട്, ഭക്തനായ ശ്രീ ശങ്കരന്റെ അഭ്യർത്ഥന മാനിച്ചാണ് ദേവി ശാന്തസ്വരൂപിയായത്. സാളഗ്രാമശിലയിൽ കൊത്തിയ, ദുർവ്വാസാവ് പ്രതിഷ്ഠിച്ച അതേ വിഗ്രഹം തന്നെയാണ് ഇപ്പോഴുമുള്ളത്.
മഹാ ത്രിപുരസുന്ദരിയുടെ പ്രതിരൂപമായ കാമാക്ഷി അമ്മനെ വണങ്ങി അനുഗ്രഹം വാങ്ങി ക്ഷേത്രാങ്കണത്തിലൂടെ നടന്നു. ശില്പകലാ വിദ്യാർത്ഥികളെ സംബന്ധിച്ച് ഒരു സർവ്വകലാശാല തന്നെയാണ് ഈ ക്ഷേത്രം. പല്ലവ-ചോള കാല ശില്പവിദ്യകൾക്കൊപ്പം വിജയനഗര കലാവൈഭവും ഇവിടെ ദൃശ്യമാണ്.
ചുട്ടുപൊള്ളുന്ന വെയിൽ കരിങ്കൽ പാതയെ കൂടുതൽ ചൂടുള്ളതാക്കുന്നു. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി പ്രദക്ഷിണവരിയിലൂടെ നടന്നപ്പോൾ അറിയാതെ ദേവിയെ വിളിച്ചു പോയി. പൊള്ളലിന്റെ വേദന മനസ്സിലാവാഹിച്ച വിളി ദേവി കേട്ടുകാണും എന്നുറപ്പുണ്ട്.
'കാലിൽ തണ്ണി ഒഴിക്ക് സാർ...'' കാറിലെത്തിയപ്പോൾ ഡ്രൈവറുടെ ഉപദേശം. അപ്പോഴും ചുട്ടുമാറാത്ത കാലിൽ തണുത്ത വെള്ളം വീണപ്പോൾ, കഴിഞ്ഞ മെയ് മാസത്തിൽ ശബരിമലയിറങ്ങി പമ്പയിൽ കാൽ ചവുട്ടിയ കാര്യം ഓർമ്മ വന്നു.
''ഇനി പോലാം സാർ ഏകാംബരേശ്വര കോയിൽ'' ഡ്രൈവർ മാത്രമല്ല ഗൈഡ് കൂടിയാണ് മുരുകവേൽ
കാഞ്ചിയിലെ മറ്റൊരു പ്രമുഖ ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. കൊത്തുപണികൾക്കും, ആത്മീയതയ്ക്കുമപ്പുറം ഇതിന് മറ്റൊരു പ്രത്യേകതയുണ്ട്.
ഈ ക്ഷേത്രാങ്കണത്തിൽ ഒരു മാവ് നില്പുണ്ട്. അത്യന്തം പരിശുദ്ധമായി കണക്കാക്കുന്ന ഇതിനു ചുറ്റും തറകെട്ടുകയും, മാവ് നില്ക്കുന്നിടത്തേക്കുള്ള വഴിയിൽ ഒരു ഗോപുരവുമുണ്ട്. ഇതിൽ വിരിയുന്ന മാങ്ങകൾ പറിക്കാറുമില്ല. ഈ മാവിന്റെ കീഴിലാണത്രെ ദേവിക്ക് മുന്നിൽ പരമശിവൻ പ്രത്യക്ഷപ്പെട്ടത്. ഇവിടെ വച്ചാണത്രെ ദേവൻ ദേവിയെ മാംഗല്യസൂത്രമണിയിച്ചത്. ഒരു പ്രേമസാക്ഷാത്ക്കാരത്തിന്റെ സ്മാരകം. ദമ്പതിമാരുടെയും കമിതാക്കളുടെയും ഒരു നീണ്ട നിര തന്നെയുണ്ട് ഈ മാവിൽ തൊട്ടു വണങ്ങി പ്രസാദം വാങ്ങുവാൻ. പ്രണയാർദ്ര മനസ്സോടെ അതിനു മുന്നിൽ ഒരു നിമിഷം കൈകൂപ്പി നിന്നു.
അടുത്ത യാത്ര വരദരാജ പെരുമൾ ക്ഷേത്രത്തിലേക്കായിരുന്നു. ശൈവർക്കും ശാക്തേയർക്കുമെന്നപോലെ വൈഷ്ണവർക്കും പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് കാഞ്ചീപുരം. കാഞ്ചീപുരത്തിന്റെ നഗരാതിർത്തിയിലാണ് പ്രശസ്തമായ ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സരസ്വതീ ശാപം ഏറ്റുവാങ്ങിയ ദേവേന്ദ്രൻ, അതിൽ നിന്നുള്ള മോചനത്തിനായി യാഗം നടത്തിയത് ഇവിടെയായിരുന്നത്രെ! ഇന്ദ്രന് ശാപമോചനം ലഭിക്കുന്നത് തടയുവാൻ സരസ്വതി തന്റെ സുഹൃത്തായബ് വേഗവതിയോട് പറഞ്ഞു. വേഗവതി നദി യാഗഭൂമിയിലേക്ക് ഒഴുകിയെത്തി. പരിഭ്രാന്തനായ ഇന്ദ്രൻ വിഷ്ണുഭഗവാനെ വിളിച്ച് കരഞ്ഞു. അവിടെ പ്രത്യക്ഷനായ ഭഗവാൻ, വേഗവതിയുടെ ദിശയുടെ കുറുകെ കിടന്ന് ഒഴുക്കിനെ തടഞ്ഞ് യാഗഭൂമിയെ രക്ഷിച്ചു. ഇന്ദ്രന്റെയും മറ്റു ദേവകളുടെയും അഭ്യർത്ഥന മാനിച്ച ഭഗവാൻ അവിടെ സ്ഥിരമായി കുടികൊള്ളുകയും ചെയ്തുവത്രെ!
ഏക ശിലയിൽ തീർത്ത ഒരു കൊടിമരമുണ്ടിവിടെ. പക്ഷെ ക്ഷേത്രാനുഷ്ഠാനങ്ങൾക്ക് ഇപ്പോൾ ഇത് ഉപയോഗിക്കാറില്ല. പകരം തൊട്ടടുത്ത് തന്നെയുള്ള സ്വർണം പൂശിയ കൊടിമരമാണ് അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്നത്.
നൂറുകണക്കിന് തൂണുകൾ താങ്ങിനിർത്തുന്ന നീണ്ട ഇടനാഴിയും അതിന്റെ അവസാനത്തിൽ കൃത്യം നൂറു തൂണുകൾ കൊണ്ട് നിർമ്മിച്ച ഒരു കൽമണ്ഡപവും. പുരാതന ശില്പകലയുടെ അദ്ഭുത വൈഭവത്തിന്റെ സാക്ഷിപത്രങ്ങളായ ഈ തൂണുകളിൽ രാമായണ മഹാഭാരത കഥകൾ കൊത്തിവച്ചിരിക്കുന്നു. ഇടനാഴിയിലെ നിശബ്ദത ഈ ശില്പങ്ങൾക്ക് ചാരുത വർദ്ധിപ്പിക്കുന്നു. കൈലാസനാഥർ ക്ഷേത്രത്തിലേക്കാണ് പിന്നെ ഞങ്ങളുടെ സാരഥി രഥമുരുട്ടിയത്.
'നല്ലാ ചായ കെടക്കും സാർ....'' ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് എതിർഭാഗത്തുള്ള ഒരു ചെറിയ ചായക്കടയിലേക്ക് ചൂണ്ടി മുരുകവേൽ പറഞ്ഞു. ഏതാണ്ട് ആറടി ഉയരത്തിൽ നീട്ടിയടിച്ച്, പതപ്പിച്ച്, കുപ്പിഗ്ലാസ്സിൽ തന്ന ചായയ്ക്കൊപ്പം ഒരു സിഗരറ്റിനു തീ കൊളുത്തി. അതുവരെ എടുത്ത ഫോട്ടോകളെല്ലാം ഒരു ഫയലിലേക്കാക്കുവാൻ തുടങ്ങി, യാത്രയ്ക്കൊരു ഇടവേള പോലെ.
കൈലാസനാഥർ ക്ഷേത്രം. മണൽക്കല്ലിൽ തീർത്ത ഈ ശില്പ വിസ്മയത്തെ ഒരു ക്ഷേത്ര സ്മാരകമെന്ന് വിളിക്കുന്നതാവും കൂടുതൽ ഉചിതം. പ്രതിഷ്ഠകൾ കുടിയിറങ്ങിപ്പോയ (അതോ കുടിയിറക്കിയതോ) ഒരു കൂട്ടം ദൈവപ്പുരകൾ നിരനിരയായി നിൽക്കുന്നതാണ് ഇതിന്റെ പുറം മതിൽ. ഓരോ കൊച്ചു ശ്രീകോവിലുകൾക്കും കൊത്തുപണീകളുള്ള കൊച്ചു കൊച്ചു ഗോപുരങ്ങൾ.
ഈ മതിലിന്റെ ഉൾഭാഗവും ഇത്തരത്തിലുള്ള ആളൊഴിഞ്ഞ ശ്രീകോവിലുകളാണ്. ആറടി ഉയരമുള്ള പതിനാറു മുഖത്തോടുകൂടിയ ശിവലിംഗത്തെ പ്രതിഷ്ഠിച്ച പ്രധാന ശ്രീകോവിലിൽ മാത്രമേ നിത്യപൂജയുള്ളു. ബാക്കിയെല്ലാം ഇന്ന് വിനോദ സഞ്ചാരികൾ കൈയടക്കിയിരിക്കുന്നു. ശില്പങ്ങളുടെ ക്ലോസപ്പ് ഫോട്ടോകൾ എടുക്കുന്ന ഒരുപാട് വിദേശ ടൂറിസ്റ്റുകളേയും അവിടെ കാണാനു സാധിച്ചു. അതിലൊന്നായിരുന്നു ബെർലിനിൽ നിന്നും വന്ന ആർക്കിടെക്ച്ചർ വിദ്യാർത്ഥിനിയായ മരിയ.
'സെർട്ടൻ തിങ്സ് വിൽ സർവൈവ് ദ ടൈം ആൻഡ് ഇന്ത്യാ ഈസ് പ്രൗഡ് റ്റൊ ഹാവ് മെനി സച്ച് തിങ്സ്.''
കാലത്തെ അതിജീവിച്ച ഒരുപാട് കാര്യങ്ങൾ ഉള്ള ഇന്ത്യ. അധിനിവേശങ്ങളെ അതിജീവിച്ച ഇന്ത്യ. തെല്ലുനേരം ഒരു അഹങ്കാരം തന്നെ തോന്നി, ഒരിന്ത്യാക്കാരനായതിൽ.
''കോവിൽ എല്ലാം മുടിഞ്ചാച്ച്. ഇനി സാരിവാങ്ങപ്പോറാം'' ഗൈഡ് മുരുകവേൽ
അവന് പരിചയമുള്ള ഒരു നെയ്ത്തുകാരന്റെ നെയ്ത്ത് ശാലയിലേക്ക് കൊണ്ടുപോകാമെന്ന് മുരുകവേൽ ഏറ്റു.
കാഞ്ചീപുരത്ത് ഇന്ന് ഏകദേശം അയ്യായിരത്തോളം നെയ്ത്തുകാരുണ്ട്. ദേവന്മാരുടെ കോസ്റ്റ്യുമർ ആയ മാർഖണ്ഡന്റെ പിന്മുറക്കാരാണവരെന്നാണ് വിശ്വാസം. വിഷ്ണുവിനും ശിവനും ഒരുപോലെ പ്രിയപ്പെട്ടതാണ് മാർഖണ്ഡന്റെ കരവിരുതിൽ സൃഷ്ടിക്കപ്പെടുന്ന വസ്ത്രങ്ങൾ. ഇതേ ദൈവീകതയും സൗന്ദര്യവും, അദ്ദേഹത്തിന്റെ പിൻഗാമികൾ നെയ്തെടുക്കുന്ന വസ്ത്രങ്ങൾക്കുമുണ്ട്. അതിനാലാണ് പരമ്പരാഗത ചടങ്ങുകളിൽ കാഞ്ചീപുരം പട്ടു വസ്ത്രങ്ങൾക്ക് പ്രമുഖസ്ഥാനം കൈവന്നത്.
''ഡിസൈൻ മട്ടും കമ്പ്യുട്ടറിൽ പണ്ണിടും സർ...'' നെയ്തുകാരൻ ശെൽവൻ വിവരിച്ചു. ആ ഒരു ആധുനിക വത്ക്കരണം ഒഴിച്ചാൽ പിന്നെല്ലാം പരമ്പരാഗതമായിത്തന്നെയാണ് ചെയ്യുന്നത്.ഈ നെയ്ത്തുശാല എന്നു പറഞ്ഞാൽ ഒരു വ്യവസായ ശാലയൊന്നുമല്ല. വീടുകളിൽ തന്നെയാണ് നെയ്ത്ത് ശാലകളും. ശെൽവൻ നെയ്യുമ്പോൾ, തറിക്ക് താശെ നെയ്ത്തിന്റെ താളം കേട്ടുറങ്ങുന്ന, ശെൽവന്റെ പേരക്കിടാങ്ങളെ ഞങ്ങൾ കണ്ടു.
''ഒരു സാരി കംപ്ലീറ്റ് പണ്ണർത്ക്ക് പത്ത് നാൾ വേണം സർ'' ശെൽവൻ പറയുന്നു. ഇതു മാത്രമാണ് അവരുടെ ഏക ജീവിത മാർഗ്ഗവും. കുടുംബാംഗങ്ങൾ എല്ലാവരും മാറിമാറി തറി പ്രവർത്തിപ്പിക്കും. ശെൽവനോട് യാത്രപറഞ്ഞിറങ്ങുമ്പോൾ സമയം ഉച്ചക്ക് രണ്ട് മണി. സാലഭഞ്ജികകൾ കൈകളിൽ നിറത്താലവുമായി വരവേല്ക്കുന്ന കാഞ്ചീപുരത്തോടെ യാത്രപറഞ്ഞ് പിരിയുമ്പോൾ മനസ്സൊന്നു മടിച്ചു, വർത്തമാനകാലത്തിലേക്കെത്താൻ.