നാട്ടിലേക്ക് ഒരു യാത്ര പോയാൽ വെറുതെ ഇരിക്കാതെ എങ്ങോട്ടെങ്കിലും പോകാനെന്നത് ഒരു ശീലമാണ്. എന്നാൽ ഓഫീസിൽ നിന്നുമുള്ള വർക്ക് പ്രഷർ കാരണം ലീവെടുത്ത് നാട്ടിൽ എത്തിയാലോ കാടും മലയും കയറി പിന്നേം കറങ്ങി നടക്കും. അങ്ങനെ ഇരിക്കെയാണ് നാട്ടിൽ എത്തിയപ്പോൾ ട്രെയിനിൽ ഒന്ന് പോയി കേരളാംകുണ്ട് വെള്ളച്ചാട്ടം ഒക്കെ ഒന്ന് കാണാൻ പോയാലോ എന്ന ആലോചന വന്നത്. അങ്ങനെ വെളുപ്പിനെ തന്നെ വീട്ടിൽ നിന്നും പ്രഭാത ഭക്ഷണവുമൊക്കെയായി അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി. കുട്ടികാലത്ത് വീട്ടുകാർക്കൊപ്പം കറങ്ങാൻ പോയ ഓർമ്മകൾ മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. മലപ്പുറം കോഴിക്കോട് ഹൈവേയിൽ നിന്നും മിനി ഊട്ടിയിലേക്കുള്ള ചെറിയ റോഡിലേക്ക് കയറി. സമുദ്ര നിരപ്പിൽ നിന്ന് 1050 അടി ഉയരത്തിലാണ് മിനി ഊട്ടി.
ഊട്ടിയോട് സമാനമായ കാലാവസ്ഥ എന്ന തള്ളു ഒക്കെ കുറച്ചു കൂടുതൽ അല്ലെ എന്ന തോന്നിയെങ്കിലും പാവങ്ങളുടെ ഊട്ടി എന്നൊക്കെ പറഞ്ഞ പിന്നേം ഒരു ഗുമ്മ് തോന്നി. മൊട്ടയടിച്ച കുന്നിൻ ചെരുവിൽ ഒരു അനുസരണയും ഇല്ലാതെ വളർന്നു തളർന്നു കിടക്കുന്ന പച്ചപുതച്ച വള്ളിച്ചെടികൾ നിറഞ്ഞു നിൽക്കുന്നിടത്ത് റോഡിനു ഓരം പറ്റി കുറച്ചു ഗ്രാമീണ തട്ടുകടകൾ. ഇതാണത്രേ വ്യൂ പോയന്റ്. രാവിലെ കോട മഞ്ഞിന്റെ പുതപ്പിൽ അവൾ സുന്ദരി ആയിരിക്കാം..! ചെറിയ തണുപ്പൊക്കെ ഉണ്ട്. അതിപ്പോ രാവിലെ വെറുതെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാലും കിട്ടുന്നതല്ലേ എന്ന തോന്നി. "ആ കാണുന്ന പാറയുടെ മുകളിൽ ആണ് വരുന്നവർ എല്ലാം പോയി ഇരിക്കാർ" ചായ വാങ്ങി കുടിക്കുന്നതിനിടയിൽ ചായ കടക്കാരൻ മുകളിലുള്ള ഒരു പാറക്കല്ല് ചൂണ്ടി പറഞ്ഞു. അങ്ങനെ അതിന്റെ മുകളിൽ വലിഞ്ഞു കയറിയപ്പോൾ ചെറിയൊരു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന സ്പോട് ആണെന്ന് മനസ്സിലാവുകയും ചെയ്‌തു.
ദൂരെ ഉള്ള മലനിരകൾ എല്ലാം തന്നെ കോട പുതച്ച മഞ്ഞു ഇപ്പോഴും കാണാൻ കഴിയും. കുറച്ചു കൂടെ മുൻപോട്ടു പോയാൽ ചെരുപ്പടി മലയിൽ ഇത്തരം. രണ്ടു ഭാഗവും ക്വാറികൾ ഉള്ളതിന്റെ നടുവിൽ അവശേഷിക്കുന്ന റോഡിൽ നിന്ന് കരിപ്പൂർ(കാലിക്കറ് എയർ പോർട്ട്) വിമാനത്താവളത്തിന്റെ റൺ വേ എല്ലാം കണ്ട് ആസ്വദിക്കാമായിരുന്നു.ഒരു പാട് ക്വാറികളുടെ വെടിയൊച്ചകളും പ്രകമ്പനങ്ങളും ഒക്കെ സഹിച്ച് ഇന്ന് നിൽക്കുകയാണ്. എന്നാൽ ഇത് ഒരു പ്രകൃതി ദുരന്തത്തിലേക്ക് കലാശിക്കുമോ എന്ന ചിതയും എന്നെ അവിടെ നിന്നും മടങ്ങാൻ നേരം അലട്ടുന്നുണ്ടായിരുന്നു.