തമിഴ് ബ്രാഹ്മണർ കേരളത്തിലേക്ക് ആദ്യമായി കുടിയേറിയ സ്ഥലമാണ് കൽപ്പാത്തി .പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കൽപാത്തി. പാലക്കാട് ടൗണിൽ നിന്ന് ഏകദേശം 2 കീ.മി. ദൂരത്തിൽ നിളാതീരത്ത് ബ്രാഹ്മണർ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശമാണിത്.
പാരമ്പര്യത്തിന്റെയും ,ആചാരങ്ങളുടെയും കഥകൾ പേറുന്ന വാസസ്ഥലം .
കൽപ്പാത്തി പുഴയുടെ തീരത്ത് ഒന്നിനോട് ചേർന്ന് മറ്റൊന്ന് എന്ന നിലയിൽ റോഡിന്റെ ഇരുവശവും വീടുകളുടെ നീണ്ട നിര .
കേരളീയ വാസ്തു കലയിൽ നിന്ന് വേറിട്ടുനിൽക്കുന്നതാണ് അഗ്രഹാരങ്ങളുടെ രൂപകൽപ്പന .ഇടുങ്ങിയ നീണ്ട മുറികൾ .
എല്ലാ വീടുകളുടെ മുന്നിലും ഒരു പുറം തിണ്ണ കാണാം
വൃത്തിയുള്ളൊരു ഗ്രാമം .പൊതുവെ വിദ്യാസമ്പന്നർ .ഉയർന്ന ജോലിയുള്ളവരോ വിരമിച്ചവരോ കൂടുതലായി ഉള്ള ഗ്രാമം .
നഗരങ്ങളുടെ തിരക്കുകളും ,ബഹളങ്ങളും കാൽപ്പാതിയിൽ കാണില്ല .പക്ഷെ ഗ്രാമീണ വിശുദ്ധിയും ,മനം കുളിരുന്ന സംസ്‌കാരങ്ങളും മുറ തെറ്റാതെ തലമുറകളായി പിന്തുടരുന്ന ആചാരങ്ങളും ,അനുഷ്ഠാനങ്ങളും ഈ പൈതൃക ഗ്രാമത്തിൽ കാണാം .
കല്പാത്തിപുഴയുടെ ഇരുകരകളിലും കല്ലുകളാണ്(പാറ) പാറകൊണ്ടുണ്ടാക്കിയ ഒരു ഓവി(പാത്തി)ലൂടെ വെള്ളം ഒഴുകുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് കല്പാത്തിയെന്നു പേരു വന്നതെന്ന് പറയപ്പെടുന്നു. കല്പാത്തിപുഴ എന്നത് ഭാരതപുഴയുടെ ഒരു ഭാഗമാണ്.ദക്ഷിണ കാശി (അല്ലെങ്കിൽ തെക്കിന്റെ വാരണാസി) എന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. പാലക്കാട് ബ്രാഹ്മണർ ആദ്യമായി കുടിയേറിപ്പാർത്ത സ്ഥലങ്ങളിൽ ഒന്നാണ് കൽപാത്തി. ഇവിടെ തമിഴ് ബ്രാഹ്മണരാണ് കൂടുതലായും താമസിക്കുന്നത്. പഴയ കൽപ്പാത്തിയും പുതിയ കൽപ്പാത്തിയുമായി കൽപ്പാത്തിയെ വേർതിരിക്കപ്പെട്ടിരിക്കുന്നു.
കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാർവ്വതി) ആണ്. ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ (മഹാവിഷ്ണു), മന്തക്കര മഹാഗണപതി തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തികളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്.
എങ്ങനെ എത്തിച്ചേരാം : ഏറ്റവും അടുത്ത ടൗൺ : പാലക്കാട് – 3 കീ. മീ., ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ: പാലക്കാട് ജംഗ്ഷൻ – 3 കീ. മീ., ഏറ്റവും അടുത്ത വിമാനത്താവളം: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം – 55 കീ. മീ.