ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങള്‍ പകര്‍ത്തുവാനുമായി നിരവധി പേരാണ് കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്.
മൂന്നാറും വാഗമണ്ണും സംഗമിച്ചാല്‍ എങ്ങനെയിരിക്കും. അതാണു ശാന്തന്‍പാറ. മഞ്ഞുപൊതിയുന്ന മലനിരകളും ഏലക്കാടുകളും കണ്ട് മനസ്സു ശാന്തമാക്കാനൊരിടം. ശാന്തന്‍പാറയിലേക്കും സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. നീലപ്പട്ട് അണിഞ്ഞു ശീതകാലത്തെ വരവേല്‍ക്കുകയാണ് ശാന്തന്‍പാറയിലെ കള്ളിപ്പാറ മലനിരകള്‍.
ശാന്തന്‍പാറയില്‍ നിന്ന് മൂന്നാര്‍ - തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ മലകയറിയാല്‍ നീലവസന്തത്തിന്റെ മായാജാലം. ഒപ്പം ദൂരക്കാഴ്ചയില്‍ അതിര്‍ത്തി മലനിരകളും ചതുരംഗപ്പാറയും കാറ്റാടിപ്പാറയും കള്ളിപ്പാറയില്‍ നിന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയുമുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ 1500 മീറ്ററിനു മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus). കുറിഞ്ഞി വര്‍ഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്നു. 12 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
നീല കുറിഞ്ഞി കാണാന്‍ വരുന്നവരുടെ ശ്രദ്ധക്ക് :ഇങ്ങോട്ട് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം ഗൂഗിള്‍ മാപ്പ് കള്ളിപ്പാറ ഇട്ടാല്‍ എത്തുന്നത് ഒരുപാട് ദൂരെ ഉള്ള വേറെ ഒരു സ്ഥലത്താണ് അത് കൊണ്ട് മാപ്പില്‍ പൂപ്പാറ, ശാന്തന്‍ പാറ കൂടി ആഡ് ചെയ്യാന്‍ ശ്രദ്ധിക്കുക. കള്ളിപ്പാറ വരെ മാത്രമേ നമുക്ക് നമ്മുടെ വാഹനത്തില്‍ വരാന്‍ സാധിക്കു അവിടെ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം നടന്നു വേണം നീലക്കുറിഞ്ഞി പൂത്ത കള്ളിപ്പാറ വ്യൂ പോയിന്റില്‍ എത്താന്‍. ഇവിടെ എത്തിയാല്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് കണ്ണെത്താത്ത ദൂരത്തോളം മലനിരകള്‍ മുഴുവന്‍ നീല പട്ടു വിരിച്ച കാഴ്ചകള്‍ കാണാം.