നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര

ഗൗരി
topbanner
നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര

പാലക്കാട് ജില്ലയിലെ സുന്ദരമായ ഹില്‍സ്റ്റേഷനാണ് നെല്ലിയാമ്പതി. പാലക്കാട് നിന്ന് 60 കിലോമീറ്റര്‍ അകലെയു‌ള്ള നെല്ലിയാ‌മ്പതിയിലേക്കുള്ള യാത്രയേക്കുറിച്ച് ഗൗരി എഴുതുന്നു. 2014 മെയ് മാസത്തിലാണ് ഞങ്ങള്‍ കൂട്ടുകാരെല്ലാവരും കൂടെ നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിച്ചത്. പാലക്കാടന്‍ ഉഷ്ണക്കാറ്റില്‍ നിന്നും ഒരു ആശ്വാസത്തിനായി, വിട പറയാന്‍ ഒരുങ്ങുന്ന സൗഹൃദങ്ങള്‍ക്ക് ഒരുമിച്ചുള്ള ഒരു ദിവസം കൂടെ പങ്കിടാനായി.

ചെറുപ്പത്തില്‍ എപ്പോഴോ നെല്ലിയാമ്പതിയില്‍ പോയ ഓര്‍മ്മ മാത്രമാണ് എനിക്കുള്ളത്. പാലക്കാട്ടുക്കാര്‍ മലമ്പുഴ കഴിഞ്ഞാല്‍ നെല്ലിയാമ്പതിയാണ് കുടുംബസമേതം അവധി ആഘോഷിക്കാന്‍ തിരഞ്ഞെടുക്കാറുള്ളത്. പാലക്കാട്‌ നിന്ന് 60 കി.മീ മാറിയാണ് നെല്ലിയാമ്പതി മലനിരകള്‍. നെന്മാറയില്‍ നിന്നും 30 കിലോമീറ്ററും

കാറിലും ബൈക്കിലും ആയാണ് ‌ഞങ്ങള്‍ 12 പേര്‍ നെ‌ല്ലിയാമ്പതിയിലേക്ക് പുറപ്പെട്ടത്. രാവിലെ 10 മണിക്ക് യാത്ര ആ‌രംഭിച്ച ഞങ്ങള്‍ ഏകദേശം 12 മണിയോടെയാണ് കൈകാട്ടി എന്ന കൊച്ചു ടൗണില്‍ എത്തിച്ചേര്‍ന്നത്. അവിടുന്ന് അല്‍പ്പം മുന്നോട്ടു പോയാല്‍ പുലയപ്പാറ ജംഗ്ഷന്‍. അതു കഴിഞ്ഞാലാണ് നമ്മുടെ നെല്ലിയാമ്പതിയിലെ പ്രധാന വ്യു പോയിന്റും സീതാര്‍കുണ്ടും മറ്റും.

വണ്ടികള്‍ പാര്‍ക്ക്‌ ചെയ്തതിനു ശേഷം നീണ്ടു പരന്നു കിടക്കുന്ന തേയില തോട്ടങ്ങളോട് ചേര്‍ന്നുള്ള വഴിയിലുടെ ഞങ്ങള്‍ നടന്നു. യൂണിഫോം ധരിച്ച സ്കൂള്‍ കുട്ടികള്‍ അവരുടെ ടീച്ചര്‍മാര്‍ക്കൊപ്പം നടക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന മറ്റു കുട്ടികള്‍. അവരെയൊക്കെ കണ്ടപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം വന്ന ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്ന് അറിഞ്ഞു.

നെല്ലിയാമ്പതിയുടെ മുഖമുദ്രയായ നെല്ലിമരം

ഒരുമിച്ചുള്ള എത്രയെത്ര യാത്രകള്‍. ആണ്‍-പെണ്‍ ഭേദമില്ലാതെ എത്രയെത്ര സാഹസങ്ങള്‍. കളിതമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ഞങ്ങള്‍ നടന്നു. അങ്ങിങ്ങായി കുരങ്ങുകള്‍ ചാടി നടക്കുന്നു. അവര്‍ക്കു പറ്റിയ എന്തെങ്കിലും ഞങ്ങളുടെ കയ്യില്‍ ഉണ്ടോ എന്നു സൂക്ഷിച്ചു നോക്കികൊണ്ട്‌.

നട്ടുച്ച വെയിലില്‍ ഞങ്ങള്‍ പാറകള്‍ക്ക് മുകളില്‍ ഇരുന്നും നിന്നുമുള്ള ധാരാളം ഫോട്ടോകള്‍ എടുത്തു. അതു കൊണ്ടാവണം ഞങ്ങള്‍ക്ക് ചെറുതായി ദാഹിക്കാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് പുറപ്പെട്ടത്‌ കൊണ്ട് കയ്യില്‍ വെള്ളം കരുതിയിരുന്നതുമില്ല. വണ്ടികള്‍ പാര്‍ക്ക്‌ ചെയ്തിരുന്ന സ്ഥലത്ത് മാത്രമേ കടകളും ഉള്ളു. തിരിച്ചു നടക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ മുന്നോട്ടുള്ള നടത്തം തുടര്‍ന്നു. കുറച്ചു നടന്നു കഴിഞ്ഞാല്‍ ഒരു ഇറക്കം കാണാം. അതിലൂടെ നടന്നാല്‍ സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് എത്തിച്ചേരും.

വനവാസത്തിനായി പുറപ്പെട്ട രാമനും സീതയും ലക്ഷ്മണനും സീതാര്‍കുണ്ടില്‍ വിശ്രമിച്ചു എന്നാണ് ഐതീഹ്യം. അവിടുത്തെ വെള്ളച്ചാട്ടത്തില്‍ സീത സ്നാനം ചെയ്തതിനാലാണ് സീതാര്‍കുണ്ടിനു ആ പേരു വന്നതെന്നും ഐതീഹ്യമുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ ചുള്ളിയാര്‍ ഡാം കാണാം. സീതാര്‍കുണ്ടില്‍ ചെറിയ വെള്ളച്ചാട്ടങ്ങളാണ് ഉള്ളത്.അവിടെ നിന്നും വീണ്ടും ഇറങ്ങിയാല്‍ മറ്റൊരു വെള്ളച്ചാട്ടത്തിനു അടുത്തും എത്തും.

ഇനിയും നടത്തം തുടര്‍ന്നാല്‍ ക്ഷീണിച്ചു വീഴുമെന്നു അറിയാമായിരുന്നത് കൊണ്ട് ഞങ്ങള്‍ അവിടെ കണ്ട ഒരു മരത്തണലില്‍ ഇരുന്നു. ഞങ്ങള്‍ക്കെല്ലാം വിശക്കാനും തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ അപ്പോഴാണ് ഞാവല്‍ മരം കണ്ടുപിടിച്ചത്. വൈകാതെ ഞാവല്‍ പഴങ്ങള്‍ പറിച്ചു തിന്നാനുള്ള ആവേശമായി. ജീവിതത്തില്‍ ഇന്നേ വരെ മരത്തില്‍ കയറാത്തവര്‍ വരെ വലിഞ്ഞു കയറി. ക്ഷീണം ഞങ്ങള്‍ മറന്നു. ഞാവല്‍പ്പഴം ഇത്ര രുചിയുള്ളതായിരുന്നു എന്ന് അന്ന് വരെയും എനിക്കറിയില്ലായിരുന്നു.

അല്‍പ്പസമയം കൂടെ കഴിഞ്ഞ് ഞങ്ങള്‍ ഞങ്ങളുടെ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു. അവിടുത്തെ കടയില്‍ നിന്നും മൂന്നും നാലും ബോട്ടില്‍ വെള്ളം ഞങ്ങള്‍ ആര്‍ത്തിയോടെ കുടിച്ചു. തിരിച്ചുള്ള യാത്രയില്‍ കണ്ട ചെറിയ അരുവികളില്‍ ഞങ്ങള്‍ ഇറങ്ങി. വീണ്ടും വണ്ടി കയറി. അങ്ങനെ പുലയപ്പാറ ജങ്ക്ഷനില്‍ ഉണ്ടായിരുന്ന ഒരു കൊച്ചു ഹോട്ടലില്‍ ഞങ്ങള്‍ കയറി. വയറു നിറയെ ചോറും സാമ്പാറും മീന്‍ വറുത്തതും ശാപ്പിട്ടു. ഏറ്റവും രുചിയേറിയ ഭക്ഷണം ആയിരുന്നു അത്.

വയറും മനസ്സും നിറഞ്ഞ സന്തോഷത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. പോകുന്ന വഴിയിലുള്ള മറ്റൊരു വ്യൂ പോയിന്റിലും ഞങ്ങള്‍ ഇറങ്ങി. അവിടെ നിന്നും നോക്കിയാല്‍ പഴക്കമേറിയ ഡാമുകളില്‍ ഒന്നായ പോത്തുണ്ടി കാണാം. സമയം ഏറെയായതു കൊണ്ട് അധിക നേരം അവിടെ ചെലവഴിക്കാതെ പെട്ടെന്ന് തന്നെ മടങ്ങി.

Read more topics: # nelliyambathy travel,# blog
malayalm travel blog on nelliyampathy trip

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES