കണ്ണൂരിനോടും വയനാടിനോടും ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെ ഒരു ജില്ലയാണ് കൊടക്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊടക് സുപരിചിതമാണെങ്കിലും തെക്കന്‍ കേരളത്തില്‍ അത്ര അറിയപ്പെടുന്ന ഒന്നല്ല ഈ സ്ഥലം. സഹ്യമലനിരകള്‍ക്കു മുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ഹരിതഭംഗിയാണ് കൊടക്. കൊടകിലെ പ്രധാന ജനവിഭാഗം കൊടവ ആണ്. കൊടവ പുരുഷന്മാരും സ്ത്രീകളും അകാരഭംഗി ഉള്ളവരായി കണക്കാക്കപ്പെടുന്നു. മറാത്ത സ്ത്രീകള്‍ കഴിഞ്ഞാല്‍ പിന്നെ തന്റെ ചിത്രങ്ങള്‍ക്ക് മോഡലുകളായി രാജാ രവിവര്‍മ്മ തിരഞ്ഞെടുത്തിരുന്നത് കൊടവ സ്ത്രീകളെ ആണെന്ന് പറയപ്പെടുന്നു.
മടിക്കേരി കൊടകിലെ ഒരു പ്രധാനപട്ടണമാണ്. ഇവിടെ വിനോദസഞ്ചാരികള്‍ എത്താറുള്ള ഒരു സ്ഥലമാണ് രാജാസ് സീറ്റ് . രാജാസ് സീറ്റില്‍ നിന്നും താഴ്വാരത്തിലേക്ക് നോക്കിനില്‍ക്കുക സമതലവാസികള്‍ക്ക് അപൂര്‍വമായ ഒരു അനുഭവം തന്നെയാണ്. മലനിരകളിലൂടെ കോടമഞ്ഞ് ഒഴുകിപോകുന്നത് കാണാം. രാജഭരണകാലത്ത് രാജാവും കുടുംമ്പാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നത്രേ. കൊടക് ഒരുകാലത്തും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്വതന്ത്രമായ ഒരു രാജ്യമായി നിലനിന്നിട്ടില്ല എന്ന് വേണം കരുതാന്‍. 1834 ല്‍ കൊടക് പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്നു.
മടിക്കേരി പട്ടണത്തില്‍ തന്നെയാണ് ഓംകരേശ്വര ക്ഷേത്രം. ഈ ശിവക്ഷേത്രം 1820 ല്‍ ലിംഗരാജേന്ദ്ര രണ്ടാമന്‍ പണികഴിപ്പിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ വാസ്തുകലയില്‍ പ്രത്യേകം ശ്രദ്ധിക്കപെടുക അതിന്റെ ഇസ്ലാമിക സ്പര്‍ശം ആണ്. വശങ്ങളില്‍ മീനാരങ്ങളോട് കൂടി നിര്‍മ്മിക്കപെട്ട ക്ഷേത്രം ഇസ്ലാമിക വാസ്തുകലയുടെ പ്രകടമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചരിത്രാതീത കാലം മുതല്‍ വടക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും സുഗന്ധവ്യഞ്ജന, മലഞ്ചരക്ക് വ്യാപാരത്തിനായി മുസ്ലീങ്ങള്‍ കൊടകില്‍ എത്തിയിരുന്നു. പില്‍ക്കാലത്ത് ഹൈദര്‍അലിയുടെയും ടിപ്പുസുല്‍ത്താന്റെയും അധിനിവേശ സമയത്ത് കൊടവവംശജര്‍ തന്നെ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപെട്ടിട്ടും ഉണ്ട്. ഇസ്ലാം, കൊടകിലെ പ്രബലമായ ഒരു മതവിഭാഗം ആണ്.