തുർക്കിയിലെ ഇസ്താംബുൾ നഗരത്തിൽ നിന്നും ഏകദേശം 740 കിലോമീറ്റർ അകലെയാണ് കപ്പഡോക്കിയ എന്ന പ്രദേശം. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങളിൽ നിന്നും പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് കപ്പഡോക്കിയയെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്. കപ്പഡോക്കിയയിലെ ചെറുപട്ടണമായ ഗോറെമെ യാണ് ഹോട്ട് എയർ ബലൂൺ സവാരിക് പ്രസിദ്ധം.
എല്ലാ ദിവസവും രാവിലെ ഒരു അഞ്ചു മണിക്കാണ് ഹോട്ട് എയർ ബലൂൺ സവാരി. അതുപോല സവാരി നടത്തുന്ന കമ്പനികൾ, ഇത് ബുക്ക് ചെയ്ത ആൾക്കാരെ അവരവർ താമസിക്കുന്ന ഹോട്ടലുകളിൽ നിന്നും പിക്കപ്പ് ചെയ്യും. അതുകൊണ്ട് സവാരിയുള്ള എല്ലാദിവസവും ഗോറെമെ പട്ടണ വഴിയിൽ നിറയെ ഓരോ ബലൂൺ കമ്പനിക്കാരുടെ വാനുകൾ പരക്കം പായുന്നത് ഒരു സ്‌ഥിരകാഴ്ചയാണ്.സിവിൽ ഏവിയേഷൻ്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ബലൂൺ സവാരി നടത്തുവാൻ പാടുള്ളു. സാധാരണയായി തലേദിവസം തന്നെ സിവിൽ ഏവിയേഷൻ അറിയിപ്പ് വരും, അടുത്ത ദിവസം സവാരി നടത്താൻ അനുമതിയുണ്ടോ എന്ന്. പക്ഷെ ശക്തമായ കാറ്റുണ്ടെങ്കിൽ രാവിലെ ഒരു അഞ്ചര വരെയുള്ള അറിയിപ്പ് കാത്തിരിക്കണം. ചിലപ്പോൾ ഇങ്ങനെയുള്ള അവസാന നിമിഷ അറിയിപ്പിൽ സവാരി മുടങ്ങാറുണ്ട്.
സവാരിയുടെ ദിവസം: 4:00 മുതൽ 4:45 വരെ ആണ് പിക്ക് അപ്പ് സമയം. ബുക്ക് ചെയ്ത ആൾക്കാരെ പിക്ക് അപ്പ് ചെയ്ത ശേഷം നേരെ കമ്പനിയുടെ ഓഫീസിലേക്. അവിടെ എല്ലാവർക്കുമുള്ള ചായ /കാപ്പി പിന്നെ സ്നാക്ക്സ് ഐറ്റം റെഡിയാക്കി വച്ചിട്ടുണ്ടാകും. ഇതൊക്കെ കഴിച്ചതിനു ശേഷം എല്ലാവരെയും ഓരോ ഗ്രൂപ്പുകളായി തിരിച്ചു ബലൂണിൻറെ അടുത്തേക്ക് വാനിൽ കൊണ്ടുപോകും.ഇവിടെ കുറെ വലിയ ബലൂണുകൾ മടക്കിവച്ചിരിക്കുന്നു മറ്റു ചിലതിൽ കാറ്റു നിറച്ചു ബലൂണ് വീർപ്പിക്കുന്നു, മറ്റു ചില ബലൂണിൻറെ ബക്കറ്റിൽ ആളുകളെ കയറ്റുന്നു (കാറ്റു നിറച്ച ബലൂണിൽ) പിന്നെ മറ്റു ചിലത് ആകാശത്തേക്ക് പറന്നു തുടങ്ങിയിരുന്നു. ആകാശത്തിനും ഭൂമിക്കും മധ്യേ സഞ്ചാരികളേയും വഹിച്ചുകൊണ്ട് അങ്ങിങ്ങായി ബലൂണുകൾ ശാന്തമായി പാറിപറക്കുന്നു.
ഓരോ ബലൂണിൻറെയും താഴെ ബക്കറ്റ് പിടിപ്പിച്ചിട്ടുണ്ട്. ഇതിലേക്കാണ് ആൾകാർ കയറി നിൽക്കേണ്ടത്. ചില ബലൂണിൽ എട്ടു ആൾകാർ മറ്റുചിലതിൽ പതിനാറു മുതൽ ഇരുപത് ആൾക്കാർ വരെ. ബലൂണിൻറെയും ബക്കറ്റിന്റെയും വലുപ്പമനുസരിച്ചായിരിക്കും ആൾക്കാരെ കയറ്റുന്നത്. പൈലറ്റ് എല്ലാവരെയും സ്വാഗതം ചെയ്തതിനുശേഷം സ്വയം പരിചയപ്പെടുത്തി, സുരക്ഷാ നിർദേശങ്ങളും എങ്ങനെയാണ് ബക്കറ്റിൽ നിൽകേണ്ടതെന്നും ബലൂൺ ലാൻഡ് ചെയ്യുമ്പോൾ നിൽക്കേണ്ട പൊസിഷൻ എന്നിവ പറഞ്ഞുതന്നതിന് ശേഷം ബലൂൺ മെല്ലെ പൊങ്ങി തുടങ്ങും. ബലൂണില്‍ നിന്നും താഴേക്കുള്ള കാഴ്ച ആരേയും അമ്പരപ്പിക്കും. ഇതൊക്കെ കാണേണ്ട ഒരു കാഴ്ചതന്നെയാണ്.
കപ്പഡോക്കിയയുടെ മലനിരകളുടെ ശരിയായ ഭംഗി ആസ്വദിക്കണമെങ്കിൽ അതിനനുയോജ്യമായത് ഈ ബലൂൺ ആകാശയാത്രയാണ്. ഇതിന്റെകൂടെ അപ്‌ലോഡ് ചെയ്ത ഫോട്ടോസ് അതുപറയും. പല നിറത്തിലുള്ളതും പല വലിപ്പത്തിലുള ബലൂണുകളും ഉയർന്നും താഴ്ന്നും അങ്ങിങ്ങായി പാറി പറക്കുന്നു. അമ്പത് മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു യാത്ര.യാത്രയയ്ക് ശേഷം ഉള്ള ലാൻഡിംഗ് ആണ് കുറച്ചു പേടിപെടുത്തുന്നത്. വിമാനമോ ഹെലികോപ്റ്ററോ മുന്നേ നിശ്ചയിച്ച സ്ഥലത്തു (റൺവേ / ഹെലിപാഡ്) ലാൻഡ് ചെയ്യുന്ന പോലെ അല്ല ഒരു ബലൂൺ ലാൻഡ് ചെയ്യുന്നത്. ഇതിനങ്ങന്നെ പ്രത്യേകിച്ചിട്ട് ഒരു ലാൻഡിംഗ് സ്ഥലം ഇല്ല. പൈലറ്റ് ഏറ്റവും അനുയോജ്യം എന്ന് തോന്നുന്ന സ്ഥലത് ബലൂൺ ഇറക്കും. അതുകൊണ്ടുതന്നെ മിക്കവാറും ബലൂൺ ലാൻഡിംഗ് ഒരു ഹാർഡ് ലാൻഡിംഗ് ആയിരിക്കും. ഇങ്ങനെയുള്ള ലാന്ഡിങ്ങിന് ശേഷം ഷാംപെയിൻ പൊട്ടിച്ചിട്ട് ആഘോഷിച്ചിട്ട് ഹോട്ട് എയർ ബലൂൺ യാത്ര കഴിഞ്ഞിട്ട് എല്ലാവരും പിരിയും. ബലൂൺ കമ്പനിടെ വകയായി ഓരോ യാത്രികനും ഒരു മെഡലും കൊടുക്കും. വാനിൽ കയറ്റി എല്ലാവരെയും അവരവരുടെ ഹോട്ടലിൽ ഡ്രോപ്പ് ചെയ്യും. അങ്ങനെ എല്ലാവർക്കും മറക്കാനാവാത്ത കുറെ അനുഭവങ്ങളും ഓർമകളും സമ്മാനിച്ച് ഒരു ബലൂൺ യാത്ര അവസാനിച്ചു.
കുറേകാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമാണ് ഇതൊക്കെ ഒന്ന് കാണുകയെന്നത്. മുൻപ് 2016ൽ ഇവിടെ വന്നപ്പോൾ ശക്തമായ കാറ്റുള്ളത് കൊണ്ട് അന്നു ബലൂണിലുള്ള ആകാശയാത്ര നടന്നില്ല. ഈ ആകാശയാത്ര കുറേനാളത്തെ ആഗ്രഹമായതുകൊണ്ടാണ് ഇവിടെ December 2019 ൽ വീണ്ടും വന്നത്. അങ്ങനെ ആദ്യത്തെ ദിവസം ശക്തമായ കാറ്റുണ്ടായിരുന്നത് കൊണ്ട് സിവിൽ ഏവിയേഷൻ്റെ അനുമതി ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ടാമത്തെ ദിവസം ഈ സ്വപ്നം സാക്ഷാത്കരിച്ചു. ഇതെല്ലാം കാണേണ്ട ഒരു കാഴ്ച തന്നെയാണ്.