ഇടുക്കി ജില്ലയിലെ ഹിഡന്‍ സ്‌പോട്ടുകളിലൊന്നാണ് തണുപ്പില്‍ അലിഞ്ഞുകിടക്കുന്ന കുട്ടിക്കാനത്തെ ഉമാമഹേശ്വര ക്ഷേത്രം. കേരളത്തിലെ കൈലാസമെന്ന വിളിപ്പേരും ഈ ക്ഷേത്രത്തിനും മലയ്ക്കുമുണ്ട്. ചൂടുകാലത്ത് പോലും തണുത്ത കാറ്റ് വീശുന്ന സമുദ്രനിരപ്പില്‍ നിന്ന് 4,500 അടി ഉയരത്തിലാണ് കൈലാസഗിരി ഉമാമഹേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഓഫ് റോഡ് യാത്രയും വലിയ മലയും കയറിവേണം ഉമാമഹേശ്വര ക്ഷേത്രത്തിലെത്താന്‍. മുകളിലെത്തിയാല്‍ മേഘങ്ങള്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഫീലാണ്. കോടമഞ്ഞുള്ള സമയമാണെങ്കില്‍ പറയേണ്ടതില്ല. അതിവേഗത്തിലെത്തുന്ന കോടമഞ്ഞും മേഖങ്ങള്‍ കയ്യെത്തും ദൂരത്തുമുള്ള അനുഭവമാണ് മലമുകളില്‍. ഇവിടെ നിന്ന് താഴേക്ക് നോക്കിയാല്‍ കിലോമീറ്റര്‍ അകലെയുള്ള ഏലപ്പാറ ടൗണും കുമളിയും പാമ്പനാറും കാണാം. പുലര്‍ച്ചെയുള്ള കാഴ്ചയും അതിമനോഹരമാണ്.
ഒരു പുരാത ക്ഷേത്രത്തിന്റെ കെട്ടും മട്ടുമൊന്നുമില്ലാത്ത ഒരു ക്ഷേത്രമാണ് കുട്ടിക്കാനത്തെ ഉമാമഹേശ്വര ക്ഷേത്രം. വിഗ്രഹങ്ങളോ മറ്റ് ആരാധന മൂര്‍ത്തികളുടെ രൂപങ്ങളോ ഇവിടെ കാണാനാകില്ല. ശിവന്റെയും പാര്‍വതിയുടെയും ഒരു ചിത്രമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ എന്നുപറയുന്നതില്‍ തെറ്റില്ല. അലങ്കരിച്ച ഒരു ഷെഡ്ഡില്‍ സ്ഥാപിച്ചിരിക്കുന്ന ശിവന്റെയും പാര്‍വതിയുടെയും ഒരു മനോഹര ചിത്രം മാത്രമാണ് ഇവിടെയുള്ളത്. ഇതിന് മുന്നിലാണ് പ്രാര്‍ഥനകളും മറ്റും നടത്തുന്നത്. ക്ഷേത്രമാണെങ്കിലും ദിനം പ്രതിയുള്ള പൂജകളോ വഴിപാടുകളോ ഇവിടെയില്ല.
കുട്ടിക്കാനത്ത് നിന്നും കുമളിയിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് പഴയ പാമ്പനാറില്‍ എത്തി അവിടെ നിന്നും കൊടുവയിലേക്ക് തിരിഞ്ഞാണ് ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഏത്തേണ്ടത്. പഴയ പാമ്പനാറില്‍ നിന്നുള്ള യാത്ര ആരംഭിക്കുമ്പോള്‍ തന്നെ മനസ്സിലാകും പ്രദേശത്തിന്റെ ഭൂമിശാസ്ത്രം. തേയിലത്തോട്ടങ്ങളും മരങ്ങളും ചുറ്റുമുള്ള റോഡിലൂടെ വേണം യാത്ര. പലയിടങ്ങളിലേക്ക് വഴി തിരിയുന്നതിനാല്‍ പ്രദേശവാസികളോട് ചോദിച്ചുവേണം മുന്നോട്ട് പോകാന്‍. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്യുന്ന ഫീല്‍ ആകും തുടര്‍ന്ന് ലഭിക്കുക. കുട്ടിക്കാനത്ത് നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയാണെന്ന് പറയാമെങ്കിലും അതിലും കൂടുതല്‍ ദൂരമുണ്ട്.
ടാറിട്ട റോഡില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതായുണ്ട്. തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള യാത്ര അതിമനോഹരമാണ്. തൊഴിലാളികളുടെ വീടുകളും പഴമയുടെ രൂപമായ ലയങ്ങളും കണ്ടാസ്വദിച്ച് യാത്ര ചെയ്യാനാകും. തടാകങ്ങള്‍ എന്നുതോന്നിപ്പിക്കുന്ന ചെറിയ വെള്ളക്കെട്ടുകളും അകലെ നിന്നും കാണാനാകും. ടാറിട്ട റോഡില്‍ നിന്ന് മണ്‍റോഡിലേക്ക് കടക്കുന്നതോടെയാണ് ഓഫ് റോഡ് യാത്രയുടെ അനുഭവം അടുത്തറിയുക. കല്ലുകള്‍ നിറഞ്ഞ റോഡില്‍ന്റെ ഭൂരിഭാഗവും പച്ചമണ്ണ് നിറഞ്ഞ അവസ്ഥയിലാണ്. അതിനാല്‍ തന്നെ പൊടിയുടെ ശല്യം രൂക്ഷമാണ്. വീതി കുറഞ്ഞ ചെറിയ റോഡായതിനാല്‍ അപകടസാധ്യതയുള്ളതിനാല്‍ സ്പീഡ് കുറച്ചുവേണം സഞ്ചരിക്കാന്‍. പ്രദേശവാസികള്‍ ജീപ്പിനെയാണ് ആശ്രയിക്കുന്നത്.