ഉത്തരകര്‍ണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി . ഹുബ്ലിയില്‍ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയില്‍ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിര്‍മ്മിച്ചതിനാല്‍ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം, വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങള്‍ ഹംപിയിലുണ്ട്. യുനെസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഹംപിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്
1336-ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തില്‍ നിന്നും ഹംപി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു എന്നു മസനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകള്‍ ഉപയോഗിച്ചാണ് കല്ലുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കല്പ്പണി കണ്ടിട്ടുള്ളുവെന്നും പോര്‍ച്ചുഗീസ് സഞ്ചാരി ഗോമിംഗോ പയസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരന്ന മേല്‍ക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങള്‍ കോട്ടക്കുള്ളില്‍ കെട്ടിയിരുന്നു.
കൊട്ടാരസമുച്ചയത്തില്‍ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളില്‍ താങ്ങി നിര്‍ത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ടായിരുന്നു.അതിന്റെ പ്രതാപകാലങ്ങളില്‍ ഹംപി വ്യാപാര സാംസ്‌കാരികപ്രവര്‍ത്തനങ്ങളാല്‍ മുഖരിതമായിരുന്നു. ചെട്ടികള്‍, മൂറുകള്‍ എന്ന മുസ്ലീം കച്ചവടക്കാര്‍, പോര്‍ച്ചുഗീസുകാരെപ്പോലെയുള്ള യുറോപ്യന്‍ കച്ചവടപ്രതിനിധികള്‍ തുടങ്ങിയവര്‍ ഹംപിയിലെ ചന്തകളില്‍ വ്യാപാരം നടത്തിയിരുന്നു.സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങള്‍. ദേവദാസികള്‍ വിരൂപാക്ഷക്ഷേത്രത്തിലെ മണ്ഡപങ്ങളില്‍ രാജാക്കന്മാര്‍ക്കും ജനങ്ങള്‍ക്കും മുന്‍പാകെ നൃത്തങ്ങള്‍ നടത്തി.
ഹംപിയില്‍ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉല്‍സവമായിരുന്നു മഹാനവമി. രാജാവ് അതിഥികളെ സ്വീകരിക്കുകയും സാമന്തരില്‍ നിന്നും കപ്പം സ്വീകരിക്കുകയും ചെയ്യുന്നതിനായി നിലകൊണ്ടിരുന്ന മഹാനവമി പീഠം ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്നു കൊണ്ടായിരുന്നു രാജാവ് നൃത്തവും സംഗീതപരിപാടികളും ഗുസ്തിമല്‍സരങ്ങളും വീക്ഷിച്ചിരുന്നത്.
1565-ല്‍ ഗോല്‍ക്കൊണ്ട, ബീജാപ്പൂര്‍, അഹ്‌മദ്‌നഗര്‍, ബെരാര്‍, ബിദാര്‍ എന്നിവരുടെ ഭരണകര്‍ത്താക്കളായിരുന്ന ഡെക്കാന്‍ സുല്‍ത്താന്മാര്‍ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ ഹംപിയുടെ പ്രതാപകാലവും അവസാനിച്ചു