Latest News

കാടിനുള്ളില്‍ വാച്ച് ടവറില്‍ താമസിക്കാം

Malayalilife
കാടിനുള്ളില്‍ വാച്ച് ടവറില്‍ താമസിക്കാം

ഇടപാളയം വാച്ച് ടവര്‍ -കേരളത്തിലങ്ങോളമിങ്ങോളം വേനല്‍ക്കാല വസതികളായി രാജകുടുംബം പണിത സുന്ദര കൊട്ടാരങ്ങളില്‍ ഒന്നായിരുന്നു ഇടപാളയം എന്ന സ്ഥലത്തെ ലേക്ക് പാലസ്. (ഇപ്പോളത്തെ ലേക്ക് പാലസ് റിസോര്‍ട്ട്) 1927 ലാണ് 'ഇടപ്പാളയം' കൊട്ടാരം എന്നറിയപ്പെടുന്ന ഈ വേനല്‍ക്കാല വസതി രാജകുടുംബം നിര്‍മിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത   ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ റീജന്റ് സേതുലക്ഷ്മി ഭായ് തമ്പുരാട്ടിയുടെ കീഴില്‍ മഹാരാജാവായി വാണരുളും കാലം, കൊട്ടാരത്തില്‍ താമസിക്കാന്‍ വരുമ്പോള്‍ കാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നിര്‍മിച്ചതാണ് ഈ വാച്ച്ടവര്‍ എന്നു കരുതപ്പെടുന്നു. രണ്ടു പേര്‍ക്കു താമസിക്കാവുന്ന രീതിയില്‍ , പുല്‍മേടുകളുടെ ഭംഗി ആസ്വദിക്കാന്‍ വേണ്ടി മരം കൊണ്ട് ബാല്‍ക്കണിയോടെ പുതുക്കിപ്പണിയുകയായിരുന്നു.

ആനയും പോത്തും പോലെയുളള വലിയ മൃഗങ്ങള്‍ കയറി നശിപ്പിക്കാതിരിക്കാന്‍ ഒരു വലിയ ട്രഞ്ചിന് ഉള്ളിലാണ് വാച്ച്ടവര്‍. അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നതിനായി ചെറിയ മരത്തടികള്‍ വച്ചിട്ടുണ്ട്.  ഗൈഡായി വരുന്നവര്‍ക്കും ഫോറസ്റ്റ് ഓഫിസര്‍ക്കും താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും താഴെയും, സന്ദര്‍ശകര്‍ക്ക് മുകളിലും ആയിട്ടാണ് താമസം. വൃത്തിയായി സൂക്ഷികുന്ന ബാത്ത് റൂം താഴെയായി ഉണ്ട്. വെള്ളത്തിനായി ചെറിയ കിണറും ട്രഞ്ചിന് ഉള്ളില്‍ തന്നെ കാണാം.

ശല്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ മൊബൈല്‍ റേഞ്ചിനപ്പുറത്ത് കാടിന്റെ സംഗീതമാസ്വദിച്ച്, അകലെ തടാകക്കരയില്‍ മേഞ്ഞ് നടക്കുന്ന മ്ലാവുകളെ നോക്കിയിരിക്കാവുന്നതാണ്.

ഇടപ്പാളയം വാച്ച് ടവറില്‍ രണ്ടുപേര്‍ക്കാണ് താമസ സൗകര്യം ഒരുക്കുന്നത്. പഴയകാലത്ത് ഒരു കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനു വേണ്ടി രാജാവ് നിര്‍മ്മിച്ച ഒരു വാച്ച് ടവര്‍ ആണിത്. ബാല്‍ക്കണിയില്‍ ഇരുന്ന് വന്യമൃഗങ്ങളെ കാണാന്‍ സാധിക്കും.
ഈ വാച്ച് ടവറിന്റെ ഇരുവശവും തടാകം കേറി കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ മൃഗങ്ങളുടെ നടത്തം ഇതിന് സൈഡില്‍ കൂടിയാകും... ഷെഡിന് പുറത്ത് മ്ലവുകളുടെ ഒരു വന്‍കൂട്ടം നില്‍ക്കും. രാത്രികാലങ്ങളായാല്‍ കടുവകളുടെയും, കാട്ടുപട്ടികളുടെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് മനുഷ്യസാന്നിധ്യമുള്ള സ്ഥലങ്ങളിലേക്ക് മ്ലാവുകള്‍ വന്നുചേര്‍ന്നു നില്‍ക്കുന്നത്.

കനത്ത ശബ്ദത്തില്‍ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ ഇടക്ക് കേള്‍ക്കുന്ന വന്യമൃഗങ്ങളുടെ ശബ്ദവും, കുരങ്ങുകളുടെ ശബ്ദവും അല്പം പരിഭ്രമം സൃഷ്ടിച്ചുവെങ്കിലും കാടിനുള്ളിലൂടെ നടക്കുമ്പോള്‍ പ്രകൃതി തരുന്ന ഫീല്‍ അതിനുമപ്പുറമാണ്. നാലു കിലോമീറ്ററോളം പിന്നിട്ട്  വേണം അഞ്ചുരുളി മേടില്‍ എത്തുവാന്‍. കുത്തനെയുള്ള കയറ്റമാണ്.. ഇടതൂര്‍ന്ന വനങ്ങള്‍ക്ക് ശേഷം വീണ്ടും  ഉയര്‍ന്നു നില്‍ക്കുന്ന രീതിയിലുള്ള പുല്‍മേട്ടിലേക്ക് ആയി.  ഓരോ ചുവടും വളരെ സൂക്ഷിച്ചുവേണം കടന്നു പോകുവാന്‍. കാരണം ആനകള്‍ തമ്പടിക്കുന്ന സ്ഥലമാണ്. അതുപോലെതന്നെ കാട്ടുപോത്തുകളുടെയും കടുവകളുടെയും പുലികളുടെയും വികാര കേന്ദ്രങ്ങളും.

ഇടപാളയം വാച്ച് ടവറില്‍ നിന്നും് അഞ്ചുരുളി മേട് എന്ന സ്വര്‍ഗ്ഗതുല്യമായ ലൊക്കേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് . 5 ഉരുളി കമഴ്ത്തി വെച്ചിരിക്കുന്നത് പോലെയുള്ള മലനിരകള്‍  ഉള്ളതുകൊണ്ടാണ് അഞ്ചുരുളി മേടന്ന് ഇതിനു പേര് വന്നത്. ഇതാണ് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ സ്വര്‍ഗ്ഗ ഭൂമി. അത്രയ്ക്ക് മനോഹരമായ കാഴ്ചകള്‍ തരുന്ന ഒരു സ്ഥലം.

കുത്തനെയുള്ള കയറ്റം കയറി വേണം പോകുവാന്‍. പോകുന്ന വഴിയില്‍ ചുറ്റും പുറം നോക്കിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തിന്റെ മനോഹരമായ ദൃശ്യങ്ങളും.

അഞ്ചുരുളിമേടിന്റെ മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍, പ്രകൃതി ഒരുക്കിയ സൗന്ദര്യം മനസ്സിലേക്ക് പൂര്‍ണമായും ആവാഹിച്ച് ചുറ്റും കണ്ണോടിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ശരീരത്തിന്റെ ക്ഷീണം അലിയിച്ചു കളയും. മുല്ലപ്പെരിയാരിന്റെ റിസര്‍വോയറിന്റെ കാഴ്ച കണ്ണുകളില്‍ നിറയുമ്പോഴും തേക്കടിയിലെ ബോട്ടുകള്‍ നിരനിരയായി പോകുന്ന കാണുമ്പോഴും, മലമുകളിലെ  കാഴ്ചകള്‍ സ്വര്‍ഗീയ അനുഭൂതി സമ്മാനിക്കും.

ഇടപ്പാളയം വാച്ച് ടവറില്‍ നിന്നും ലേക്ക് പാലസ് റിസോര്‍ട്ടിന്റെ അങ്ങോട്ട് പോകുമ്പോള്‍ ക്യാമ്പ് ഷെഡ്ഡിന്റെ മുന്നില്‍ വന്നിരുന്ന മ്ലവുകള്‍  അടുത്തേക്ക് വരും.

എങ്ങനെ ബുക്ക് ചെയ്യാം.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒഫീഷ്യല്‍ സൈറ്റ് വഴി നമുക്ക് ഇടപാളയം വാച്ച് ടവര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. രണ്ടുപേര്‍ക്കും മാത്രമാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ടുപേര്‍ക്കും കൂടി 9600 രൂപ ആണ് ചാര്‍ജ് ഈടാക്കുന്നത്. ഇതില്‍ നമുക്ക് നോണ്‍വെജ് ഭക്ഷണവും താമസവും ട്രക്കിങ്ങും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Read more topics: # ഇടപാളയം
edapalayam watch tower

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES